മൈ നെയിം ഈസ് ജിമ്മി, ജിമ്മിച്ചൻ

Mail This Article
സിനിമക്കാർക്ക് ഒരു ഐഡിയ പറയാം– ജയിംസ് ബോണ്ട്! ഇയാൻ ഫ്ളെമിങിന്റെ ജയിംസ് ബോണ്ട് നോവലുകളുടെ പകർപ്പവകാശം അവസാനിക്കുന്നു. 1953ലാണ് ആദ്യ നോവലായ കസിനോ റൊയാൽ പുറത്തു വന്നത്. 1964ൽ ഫ്ളെമിങ് സിദ്ധികൂടി. ഇന്ത്യയിൽ പകർപ്പവകാശം എഴുത്തുകാരൻ മരിച്ച് 60 വർഷം വരെയാണ്. 2024ൽ കഴിഞ്ഞു. ഫ്ളെമിങിന്റെ പുസ്തകങ്ങൾ ആർക്കും അച്ചടിച്ചു വിൽക്കാം. ആ കഥകൾ വച്ച് സിനിമയും പിടിക്കാം.
യുഎസും യുകെയും പോലുള്ള രാജ്യങ്ങളിലും പകർപ്പവകാശം അവസാനിക്കാൻ പോകുന്നതിന്റെ മുന്നോടിയായി ഭയങ്കര സംഭവം നടന്നു. ജയിംസ് ബോണ്ട് സിനിമകൾ പിടിച്ചിരുന്ന കബ്ബി ബ്രോക്കളിയുടെ കുടുംബം ബോണ്ട് ഫ്രാഞ്ചൈസി വിറ്റു! ആർക്കാ? ആമസോണിന്! അല്ലാതാർക്കു വിൽക്കാൻ കഴിയും. നൂറു കോടിയിലേറെ ഡോളർ വരുന്ന ഡീലാണത്രെ.
ഇംഗ്ളണ്ടിലെ നോവലിസ്റ്റായ ഇയാൻ ഫ്ളെമിങ് നേവൽ ഇന്റലിജൻസിൽ നിന്നു വിരമിച്ചിട്ട് കുറച്ചു കാലം ജേണലിസ്റ്റായി എഴുത്തുവിദ്യ പഠിച്ചു. കസിനോ റൊയാലിനു ശേഷം ഫോർ യുവർ ഐസ് ഒൻലി, മൂൺ റേക്കർ, ഡയമണ്ട്സ് ആർ ഫോർ എവർ, ഗോൾഡ് ഫിങ്കർ, തണ്ടർ ബോൾ, യൂ ഒൺലി ലിവ് ട്വൈസ്, ദ് മാൻ വിത് ദ് ഗോൾഡൻ ഗൺ...നോവലുകളും നമ്മൾ തിയറ്ററിൽ തന്നെ പോയി അന്തംവിട്ടു കണ്ട സിനിമകളും. മൈ നെയിം ഈസ് ബോണ്ട്, ജയിംസ് ബോണ്ട് എന്ന ഡയലോഗും സിഗ്നേച്ചർ ട്യൂണും ആഗോള പ്രശസ്തം.
കബ്ബി ബ്രോക്കളിയുടെ മകൾ ബാർബറയും രണ്ടാം ഭാര്യയുടെ മകൻ (സ്റ്റെപ് ഫാദറിനെ രണ്ടാനച്ഛൻ എന്നു വിളിക്കാം പക്ഷേ സ്റ്റെപ് സണ്ണിന് മലയാളമില്ല) മൈക്കേൽ വിൽസനും ഇതുവരെ ഉടമസ്ഥരായിരുന്നു. ധനാഢ്യർ എന്നൊന്നും പറഞ്ഞാൽ എങ്ങുമെത്തില്ല. ഇതുവരെ ജയിംസ് ബോണ്ട് പടങ്ങൾ വാരിക്കൂട്ടിയത് ഇന്നത്തെ നിലയ്ക്ക് 2100 കോടി ഡോളറാണത്രെ. 2021ൽ ഇറങ്ങിയ അവസാന പടം ‘നോ ടൈം ടു ഡൈ’ പോലും 90 കോടി ഡോളർ (7650 കോടി രൂപ) ലാഭമുണ്ടാക്കി.
ഇമ്മാതിരി കാശുള്ളവരെ കണ്ടാലും അവർ കണ്ണു തുറന്നു നോക്കുമോ? ജയിംസ് ബോണ്ടിനെ കൊടുക്കുന്നോ എന്നു ചോദിച്ച് പൂത്തപണക്കാർ ചെന്നപ്പോഴെല്ലാം കണ്ടം വഴി ഓടിയ ചരിത്രമേയുള്ളു, കച്ചവടം ഉറച്ചിട്ടില്ല. പിന്നെന്താ ഇപ്പോൾ വിൽക്കാൻ കാരണം?
പകർപ്പവകാശം തീർന്ന് ആർക്കും എടുത്തു കളിക്കാവുന്ന മുതൽ ആവുന്നു. തിയറ്ററിനു പകരം ലൈവ് സ്ട്രീമിങ് ആധിപത്യം നേടുന്നു. ബാർബറയ്ക്ക് വയസ് 64, മൈക്കേൽ വിൽസന് 83. വയസായി, മതിയായി!
ഒടുവിലാൻ∙ഒതിമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം ബോണ്ടുകൾ ഇറങ്ങുന്നതോർക്കുമ്പോ...!! മലയാളത്തിൽ ജിമ്മിച്ചൻ എന്ന പേരായാലോ?