വായനക്കാർക്കു ചിരിപ്പട്ടിണിയില്ലാതിരിക്കാൻവേണ്ടി പതിനായിരത്തോളം ദിവസം കുഞ്ചുക്കുറുപ്പിനെ അവതരിപ്പിച്ച പത്മന്റെ ഏറ്റവും മികച്ച കുഞ്ചു ഏതാണ്?
പത്മൻ തന്നെ ഓർത്തോർത്തു വീണ്ടും ചിരിച്ചിട്ടുള്ള രണ്ടെണ്ണം പറയാം.
കെ.എം. മാണിയുടെയും പി.ജെ. ജോസഫിന്റെയും കേരള കോൺഗ്രസുകൾ പരസ്പരം വിലപേശി നിൽക്കുമ്പോൾ ട്രാൻസ്പോർട്ട് മന്ത്രി കെ. നാരായണക്കുറുപ്പിനു ചാഞ്ചാട്ടമെന്നു റിപ്പോർട്ടുകൾ. അന്നത്തെ കുഞ്ചു ഇങ്ങനെയായിരുന്നു:
ട്രാൻസ്പോർട്ട് വകുപ്പു മന്ത്രി രാവിലെ പുറപ്പെട്ട് മാണി ഗ്രൂപ്പിലേക്കു പോകുന്നതും തിരിച്ചു സ്വന്തം ജോസഫ് ഗ്രൂപ്പിൽ വിശ്രമിച്ച് മാണി ഗ്രൂപ്പിലേക്കു പോയി രാത്രി ജോസഫ് ഗ്രൂപ്പിൽ തിരിച്ചെത്തുന്നതുമാണ്.
രണ്ടാമത്തേത്: ഒരു ഓഫിസിനു മുന്നിൽനിന്ന് ഒരു പ്യൂൺ ഉറക്കെ മുദ്രാവാക്യം വിളിക്കുകയാണ്. ഇയാൾ എന്തിനുവേണ്ടിയാണു സമരം ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ ഓഫിസിലെ ഒരു സ്റ്റാഫ് പറയുകയാണ്: പണിമുടക്കിയിരിക്കുന്നത് ഓഫിസർമാരാണ്. അവർക്കുവേണ്ടിയാണു പ്യൂൺ മുദ്രാവാക്യം മുഴക്കുന്നത്.
കുഞ്ചുക്കുറുപ്പ് മുഖപ്രസംഗത്തെപ്പോലെ ഫലപ്രദമായ അനുഭവങ്ങളുമുണ്ട്. തിരുവനന്തപുരത്തേക്ക് എയർബസ് സർവീസ് തുടങ്ങുന്നുവെന്നു കേൾക്കാൻ തുടങ്ങിയിട്ടു കുറെ നാളായി. പത്രങ്ങൾ എഴുതി. നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി ഇടപെട്ടു. എയർബസ് മാത്രം വന്നില്ല. അപ്പോഴാണ് കുഞ്ചുക്കുറുപ്പിന്റെ ഇടപെടൽ: തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ബസ് വരണമെന്ന കേരളജനതയുടെ വികാരത്തെ മാനിച്ച് എയർബസിന്റെ ഒരു പൂർണകായ പ്രതിമ വിമാനത്താവളത്തിൽ ഉടനെ സ്ഥാപിക്കുന്നതാണ്.
തിരുവനന്തപുരത്ത് എയർബസ് വരുന്ന തീയതി നിശ്ചയിച്ചറിയിച്ചുകൊണ്ടു കേന്ദ്രമന്ത്രി സി. എം. സ്റ്റീഫന്റെ കത്ത് മനോരമ ചീഫ് എഡിറ്റർ കെ.എം. മാത്യുവിനു വന്നു. പറഞ്ഞ ആ തീയതിക്കുതന്നെ എയർബസ് വരികയും ചെയ്തു.
പത്മൻ മനോരമയിൽ വരുന്നതിനു നാലുവർഷം മുൻപാണ് ‘കുഞ്ചുക്കുറുപ്പ്’ എന്ന പോക്കറ്റ് കാർട്ടൂൺ ആരംഭിച്ചതെന്നതിനാൽ കുഞ്ചുക്കുറുപ്പിന്റെ രൂപകൽപനയിൽ പത്മനു പങ്കില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ കുഞ്ചുക്കുറുപ്പിന്റെ രൂപം ഇതാകുമായിരുന്നില്ലെന്നാണു ഞാൻ വിശ്വസിക്കുന്നത്. ഒരു കാർട്ടൂൺ കഥാപാത്രം വിജയിക്കണമെങ്കിൽ അത് ഏതു കുട്ടിക്കും അടുത്തുള്ള മതിലിൽ വരച്ചിടാവുന്ന രൂപമാവണം. കുട്ടികളാരെങ്കിലും കുഞ്ചുക്കുറുപ്പിനെ മതിലിൽ വരച്ചിട്ടിരിക്കുന്നതു കണ്ടിട്ടുണ്ടോ? ദേശാഭിമാനിയുടെ രാഷ്ട്രീയ കാർട്ടൂണുകളിൽ പലരും വരച്ചിട്ടുതന്നെ കുഞ്ചുക്കുറുപ്പ് ശരിയാവുന്നില്ല, പിന്നെയാണ് കുട്ടികളുടെ കാര്യം!
പ്രസിദ്ധീകരണത്തിനുമുൻപ് മനോരമയിലും പുറത്തുമുള്ള പല ആർട്ടിസ്റ്റുകളെയുംകൊണ്ട് ഒരു പോക്കറ്റ് കാർട്ടൂണിനു പറ്റിയ കഥാപാത്രത്തെ വരപ്പിച്ചു നോക്കിയിരുന്നു, പത്രാധിപസമിതി. അവസാനം ചില മാറ്റങ്ങളോടെ തിരഞ്ഞെടുത്തതു മനോരമയിലെ ആർട്ടിസ്റ്റ് കെ.ജെ. മാത്യുവിന്റെ വരയാണ്. മനോരമയിൽ പതിവു സന്ദർശകനായിരുന്ന ചലച്ചിത്ര നിർമാതാവ് കെ.വി. കോശിയെയാണ് മാത്യു മാതൃകയാക്കിയത്. പത്രത്തിൽ പോക്കറ്റ് കാർട്ടൂൺ കണ്ടപ്പോൾ കോശി പറഞ്ഞു: ‘ഇത് എന്നെപ്പോലെ ഇരിക്കുന്നല്ലോ.’
കൂത്താട്ടുകുളത്തിനടുത്ത് ഇടമലയാറിൽ വിശ്രമജീവിതം നയിക്കുന്ന മാത്യുവിനുശേഷം മനോരമയ്ക്കു പുറത്തുനിന്ന് കാർട്ടൂണിസ്റ്റ് തോമസ്, ബാലു എന്നിവരും മനോരമയിലെ ടോംസ്, യേശുദാസൻ, ബൈജു എന്നിവരും വരച്ച് കുഞ്ചുക്കുറുപ്പിനു നേരിയ രൂപ, ഭാവ മാറ്റങ്ങൾ വന്നിട്ടുണ്ട്.
കുഞ്ചുവിനെ മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള പോക്കറ്റ് കാർട്ടൂണായി വളർത്തിയെടുത്തത് പത്മനാണ്. പത്രാധിപരും ആർട്ടിസ്റ്റും ചേർന്നുള്ള ഒരു കൂട്ടുകൃഷിയായിരുന്നതിനാൽ രണ്ടാളുടെയും പേരുവച്ചിരുന്നില്ല. എന്നാൽ പത്മനാണ് ഇതിനു പിന്നിലെന്നു മിക്ക വായനക്കാർക്കും അറിയാമായിരുന്നു. പല പത്രങ്ങളിലായി നാൽപതു വർഷം നുരഞ്ഞു പൊന്തിയ ‘ഓവർ എ കപ്പ് ഓഫ് ടീ’ എന്ന പ്രതിദിന രാഷ്ട്രീയ പംക്തിയിൽ പേരുവച്ചിരുന്നില്ലെങ്കിലും അതെഴുതുന്നതു പോത്തൻ ജോസഫ് ആണെന്ന് എല്ലാവർക്കും അറിയാമായിരുന്നതുപോലെ. ആരാണ് കുഞ്ചുക്കുറുപ്പിനു പിന്നിലെന്ന ഒരു വായനക്കാരന്റെ ചോദ്യത്തിനു പത്മൻ എന്നു പത്രാധിപർ ഒരിക്കൽ ദിനപത്രത്തിൽ മറുപടി നൽകുകയും ചെയ്തിരുന്നു.
മനോരമ പത്രത്തിൽനിന്നു റിട്ടയർ ചെയ്തശേഷം പത്മൻ മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായ ദിവസം ജ്യേഷ്ഠൻ അടൂർ ഭാസി അനിയനോടു പറഞ്ഞ വാചകം എനിക്കോർമയുണ്ട്: ‘എടാ, നിനക്ക് അച്ഛന്റെ കസേരയിലിരിക്കാൻ കഴിഞ്ഞല്ലോ. എനിക്ക് ആ ഭാഗ്യമുണ്ടായില്ല.’
ഒരു പത്രപ്രവർത്തകൻ ഒരിക്കൽ ചോദിച്ചു; അടുത്ത ജന്മത്തിൽ ആരായിരിക്കണം? ഭാസിയുടെ മറുപടി ഇങ്ങനെ; ‘ഇ.വി. കൃഷ്ണപിള്ളയായി ജനിച്ച് മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരാവണം.’
ജീവിതത്തോടു വിടപറയുംവരെ നർമം പത്മനു കൂട്ടുണ്ടായിരുന്നു. ഭാര്യ വിമല മരിച്ച ദിവസം വേദന കുറയ്ക്കാനും നർമത്തെ കൂട്ടുപിടിച്ചു.
വന്ന ഒരാളോടദ്ദേഹം പറഞ്ഞു: ‘‘എന്തൊരു ചെറുപ്പമായിരുന്ന ആളാണ്. ഇപ്പൊഴങ്ങ് വയസ്സനായിപ്പോയല്ലോ.’’
മരണം അന്വേഷിക്കാൻ വന്ന ഒരാളോടു കുശലം പറയുന്നത് ഇങ്ങനെയാണോ എന്ന് എന്റെ മനസ്സിൽ തോന്നാതിരുന്നില്ല.
വന്നയാൾ അപ്പോൾ പറയുകയാണ്: ‘‘ചേട്ടാ, വയസ്സനായതല്ല. എന്റെ കുറെ പല്ല് എടുപ്പിക്കേണ്ടിവന്നു. അതിനുശേഷം കവിളൊന്ന് ഒട്ടിയതിനാൽ ചേട്ടനു തോന്നിയതാണ്.’’
ഉടനെ വന്നു പത്മന്റെ കമന്റ ്: ‘‘പല്ലു പോകുന്നതിൽ ഭാര്യയുടെ സഹായമുണ്ടായിരുന്നോ?’’
ദൈവമേ എന്തൊരു ക്ഷേമാന്വേഷണം...! ഞാൻ അയാളുടെ മുഖത്തു നോക്കാതിരിക്കാൻ വേറെവിടെയോ നോക്കി.
അപ്പോൾ പത്മൻ എന്റെ നേരെ നോക്കി ശബ്ദം താഴ്ത്തി പറയുകയാണ്: ‘‘അദ്ദേഹത്തിന്റെ ഭാര്യ ഡന്റിസ്റ്റാണ്. അതുകൊണ്ടാ അങ്ങനെ ചോദിച്ചത്.’’
English Summary: ‘Kadhakoottu’ Column written by Thomas Jacob- Padhman who made us laugh till his last breath