കഴിച്ചിട്ടുണ്ടോ ഉത്തരേന്ത്യൻ ‘ബഡേ കാ’? സുൽത്താനു വേണ്ടി അരച്ചുണ്ടാക്കിയ കബാബ്, ഫയൽവാൻ ബിരിയാണി...; ഇതാ, രുചിയൂറും ‘ഡൽഹി മെനു’
Mail This Article
ഒരു രാത്രി കൂടി വിട വാങ്ങുമ്പോൾ ഒരു പാട്ടു മൂളിയെന്ന പോലെ വരുന്ന നിഹാരി. പഞ്ഞി പോലെ പതുപതുത്ത ഖമീരി റൊട്ടിയുടെ ഒരു കഷ്‌ണം അതിൽ മുക്കി വായിലേക്കു വയ്ക്കുമ്പോഴേക്കും മിഴികൾ ഇറുകിയടഞ്ഞു പോകുന്ന രുചി രസം. നിഹാർ എന്നാൽ രാത്രി എന്നർഥം. വലിയ ചെമ്പു കലത്തിൽ കൽക്കരിയുടെ കനൽച്ചൂടിൽ ഒരു രാത്രി മുഴുവനിരുന്നു വെന്തു പാകമായി വരുന്ന വിഭവമാണ് നിഹാരി. ഏതാണ്ട് എല്ല് വെള്ളമായ പരുവം. ചിക്കനും മട്ടനും ബീഫും ഒരു രാത്രി കൊണ്ടു നിഹാരിയായി മാറും. ഉറക്കമില്ലാത്ത രാത്രികളിൽ നിന്നുണർന്നു വരുന്ന നിഹാരി പോലെ ഒരുപാടു വിഭവങ്ങളുണ്ട് ഡൽഹിയിൽ. ഒരായുസ്സ് മുഴുവൻ നടന്നു തിന്നാലും തീരാത്ത രുചിമേളങ്ങളുടേയും ഭക്ഷണാന്വേഷണ പരീക്ഷണങ്ങളുടെയും കൂടി തലസ്ഥാനമാണു ഡൽഹി. ഓൾഡ് ഡൽഹിയിലെ കബാബുകൾ, നിസാമുദീനിലെ ബീഫ് വിഭവങ്ങൾ, പലതരം പറാത്തകൾ, മധുരക്കനികൾ പോലെയുള്ള ജിലേബികളും ഖീറുകളും ഗാജർ ഹൽവയുമുൾപ്പെടെയുള്ള മധുരങ്ങൾ, നിറഞ്ഞു വീർത്ത വലിയ ബട്ടൂരകൾ, കുൽച്ച, പലതരം ധാന്യങ്ങളുടെ റൊട്ടികൾ, രാം ലഡു എല്ലാ സംസ്ഥാനങ്ങളുടെയും രുചികൾ വിളമ്പുന്ന കേരള ഹൗസ് ഉൾപ്പെടെയുള്ള ഹൗസുകളും ഭവനുകളും സദനുകളും... ഡൽഹിയുടെ രുചി സ്പോട്ടുകളുടെ നീണ്ട പട്ടിക ഇങ്ങനെ നീണ്ടു പോകുന്നു.