കാട്ടാനയുടെ ‘റൂട്ട് മാപ്പ്’ അറിയാൻ വാട്സാപ്! ഡാമിൽ ബോട്ടിങ് നിരോധിച്ചാൽ ആന പോകുമോ? സഞ്ചാരികളെ കൂടി വിരട്ടരുതേ

Mail This Article
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ദൗത്യ സംഘത്തെ അയച്ചത്. സർക്കാരിലെ തമ്മിലടി മൂലം ദൗത്യം പൂർണമായി വിജയിക്കാതെ മലയിറങ്ങി. ദൗത്യസംഘത്തെ ആലങ്കാരികമായി പൂച്ചകൾ എന്നാണ് വി.എസ്. വിശേഷിപ്പിച്ചത്. പൂച്ച ഏതായാലും കാര്യം നടന്നാൽ പോരെ എന്ന് വി.എസ്. ചോദിച്ചു. അതോടെ ദൗത്യ സംഘം ഉദ്യോഗസ്ഥർ പൂച്ചകളായി. അന്ന് ദൗത്യസംഘത്തെ ആനയോട് ഉപമിക്കാൻ വി.എസിന് തോന്നിയില്ല. കാലം മാറിയപ്പോൾ പൂച്ചകളുടെ പണി കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ ചെയ്തു തുടങ്ങി. ഒഴിപ്പിക്കുന്നത് കയ്യേറ്റമല്ല ജനങ്ങളുടെ ജീവിതമാണെന്നു മാത്രം. ജനങ്ങളെ സഹായിക്കാൻ ഒരു ദൗത്യസംഘത്തെയും ആരും അയക്കുന്നുമില്ല. മൂന്നാർ ടൗണിന്റെ 8–10 കിലോമീറ്ററുകള്ളിൽ ഒട്ടേറെ തേയില എസ്റ്റേറ്റുകളുണ്ട്. ഓട്ടോകളും ജീപ്പുകളുമാണ് ഇവിടേക്കുള്ള യാത്രാവാഹനങ്ങൾ. ആനകളുടെ ആക്രമണത്തിന് കൂടുതലും ഇരകളാകുന്നത് ഈ എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ്. കന്നിമല കൂടാതെ ചൊക്കനാട്, ലക്ഷ്മി, പെരിയവരെ, നയമക്കാട്, നല്ലതണ്ണി, സെവൻമല, ഗ്രാംസ്‍ലാൻഡ് തുടങ്ങിയ എസ്റ്റേറ്റുകളിലേക്കുള്ളവർ ഇപ്പോൾ ആനകളെ പേടിച്ച് വൈകിട്ട് 4–5 മണിക്ക് തന്നെ വീടുകളിലെത്തുന്നു. ആറു മണിക്ക് മുമ്പു തന്നെ എസ്റ്റേറ്റ് ലയങ്ങളിലേക്കുളള്ള വഴികൾ കടക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ആറുമണിയോടെ വീടുകളുടെ വാതിൽ അടയും. ഓട്ടോ, ജീപ്പുകളും അഞ്ചു മണിയോടെ ഓടുന്നത് അവസാനിപ്പിക്കും. ആന എവിടെ നിന്ന് പ്രത്യക്ഷപ്പെടും എന്ന് നിശ്ചയമില്ലാത്ത അവസ്ഥയാണെന്ന് ഇവിടെ തന്നെ ജനിച്ച് വളർന്ന പ്രായമായവർ പോലും പറയുന്നു. അതുകൊണ്ട് നേരത്തെ വീടെത്താനും രാത്രി പുറത്തിറങ്ങാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നു. കടുത്ത വയറുവേദനയെ തുടർന്ന് കന്നിമലയിൽ നിന്നുള്ള യുവതിയുമായി ആശുപത്രിയിലേക്ക് പോകാൻ തുടങ്ങിയ ജീപ്പ് പടയപ്പ ആക്രമിച്ചത് മാർച്ച് നാലിന് രാത്രിയാണ്. ജീപ്പ് ആക്രമിച്ചപ്പോൾ എല്ലാവരും ബഹളം വച്ചതോടെ ആന പിന്മാറി. എങ്കിലും ആന സമീപത്തു തുടർന്നതിനാൽ പിറ്റേന്നു രാവിലെ മാത്രമാണ് യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാന്‍ സാധിച്ചത്. കാട്ടാനകളെ പേടിച്ച് എസ്റ്റേറ്റ് തൊഴിലാളികളും മറ്റും പകൽവെട്ടം മായുന്നതിനു മുമ്പ് വീടെത്തുന്നു. ടൗണുകൾ കാലിയാകുന്നു. എവിടെയും ശൂന്യമായ വഴികൾ മാത്രം.