‘മൊഹബ്ബത്ത്’ നിറച്ച ഈന്തുംപിടി; 27–ാം രാവിലെ സ്പെഷൽ കലത്തപ്പം; കുറുക്കിയെടുത്ത പാൽ വാഴയ്ക്ക; കൂടിയിട്ടുണ്ടോ മലബാറിലെ ഇഫ്താർ?
Mail This Article
ഫ്ലയിങ് സോസർ!! എന്നു വച്ചാൽ പറക്കും തളിക തന്നെ. ഒരു നോമ്പുകാലത്താണ് ഞാനതു കണ്ട് നക്ഷത്രമെണ്ണിയത്. ചുമ്മാ തള്ള് എന്നു പറയല്ലേ. സംഗതി സത്യമാണ്. കന്നി നോമ്പ് പിടിക്കാനായി പുലർച്ചെ എഴുന്നേറ്റതാണ് ഞാൻ. അരങ്ങേറ്റക്കാരനുള്ള വരവേൽപ്പായി ഉമ്മ തക്കാളി താളിപ്പും ചോറും ഉണക്കമീൻ കടായിയും എന്റെ മുന്നിലേക്കു നീക്കി വച്ചിട്ടു പറഞ്ഞു. ‘‘ന്റെ കുട്ടി നല്ലോണം തിന്നോ..അല്ലെങ്കിൽ പയ്ച്ചും..’’ എനിക്കെന്തു വിശപ്പ്? തലേന്ന് നോമ്പു നോൽക്കാതെ പകലു മുതൽ രാത്രി വരെ പത്തിരിയും ഇറച്ചിയും തട്ടിയിരിക്കുകയാണ് ഞാൻ. ആ എന്നെയാണോ തക്കാളി താളിപ്പ് കൊണ്ട് കൊതിപ്പിക്കുന്നത്! ഉമ്മയുടെ കണ്ണു തെറ്റിയ സമയം നോക്കി ഞാൻ ഒരു വിദ്യയൊപ്പിച്ചു. ചോറെല്ലാം വാരി വട്ടത്തിൽ താഴെ പരത്തിവച്ചു. അതിനു മുകളിൽ പ്ലേറ്റും. നിമിഷനേരം കൊണ്ട് പാത്രം കാലി! ഉമ്മ വന്നു നോക്കിയപ്പോൾ സ്പെഷൽ ഇഫക്ടായി ഞാനൊരു ഏമ്പക്കവും വിട്ടു. കൊട്ടത്തളത്തിലേക്ക് വെള്ളമൊഴിച്ച പോലെ ക്ഷണത്തിൽ ഭക്ഷണം തീർത്ത പുന്നാരമോനെ അവിശ്വസനീയതയോടെ നോക്കി ഉമ്മ പാത്രമെടുത്തു. ദാ, കിടക്കുന്നു വറ്റു കൊണ്ടുണ്ടാക്കിയ ഒരു പൂക്കളം മുന്നിൽ. റമസാൻ മാസത്തെ ക്ഷമയുടെ പുണ്യമെല്ലാം ഉമ്മ ഒരു നിമിഷം മറന്നു. പാത്രം കറക്കി ഒറ്റയേറ്!..