കഞ്ചാവ് വിലക്കി ആംസ്റ്റർഡാം, മദ്യം മുക്കിലും മൂലയിലും സുലഭമാക്കാൻ കേരളം? ആർക്കു വേണ്ടി? ‘ഓവറായാൽ’ ടൂറിസവും തിരിച്ചടി
Mail This Article
ലോകം നിശ്ചലമായ കോവിഡ് മഹാമാരിക്കാലത്തിനു ശേഷം ടൂറിസം വീണ്ടും കുതിച്ചുകയറുകയാണ്. ലോകത്താകമാനം ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് 2024ൽ കണക്കാക്കുന്നത്. സ്പെയിനിൽ മാത്രം പ്രതീക്ഷിക്കുന്നത് 4.1 കോടി ടൂറിസ്റ്റുകളെ. ടൂറിസം മേഖലയുടെ വളർച്ച രാജ്യങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നുണ്ടെങ്കിലും ടൂറിസ്റ്റുകൾക്കെതിരെ പ്രക്ഷോഭങ്ങളും ശക്തമാണ്. ടൂറിസ്റ്റുകൾ തങ്ങളുടെ നഗരങ്ങളെയും സ്വസ്ഥമായ ജീവിതത്തെയും നശിപ്പിക്കുന്നുവെന്നും അവരെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളിൽ പലയിടത്തും ജനം തെരുവിലിറങ്ങി. രാജ്യാന്തര തലത്തിൽ തന്നെ ഈ ‘ടൂറിസം ഫോബിയ’ കത്തിപ്പടരുകയാണ്. വെനീസ് പോലെയുള്ള നഗരങ്ങളിൽ ടൂറിസ്റ്റുകളുടെ എണ്ണം കുറയ്ക്കാൻ കർശനമായ പ്രവേശന ഫീസ് ഉൾപ്പെടെ പല നടപടികളും ഇതിനിടെ നിലവിൽ വന്നു. കേരളത്തിലും ടൂറിസ്റ്റുകളെ നിയന്ത്രിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്താണ് യഥാർഥത്തിൽ ഈ ‘ടൂറിസം ഫോബിയ?’ ഓവർ ടൂറിസം എങ്ങനെയൊക്കെയാണ് അപകടകരമാവുന്നത്? കേരളത്തിന് ഇതിൽ നിന്ന് പഠിക്കാനുള്ളതെന്താണ്?