ബഹിരാകാശത്ത് വഴക്കിട്ടു, അവർ മിണ്ടാതിരുന്നു; അവിടെയുണ്ടോ സ്വകാര്യത? റഷ്യക്കാരൻ കൊതിച്ചത് ഈ 3 മണങ്ങൾ

Mail This Article
വിഖ്യാത ചലച്ചിത്രകാരൻ സ്റ്റാൻലി ക്യുബ്രിക്കിന്റെ സംവിധാനത്തിൽ 1968ൽ പുറത്തിറങ്ങിയ 2001 – എ സ്പേസ് ഒഡീസി എന്ന ചിത്രത്തിൽ ഒരു പേടകത്തിൽ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന ഡേവിഡ് ബോമാൻ എന്ന ബഹിരാകാശയാത്രികനെ കാണിക്കുന്നുണ്ട്. ബഹിരാകാശത്തെ ഒറ്റപ്പെടൽ ബോമാൻ കാട്ടിത്തരുന്നു. മനുഷ്യരാശിയുടെ ഏറ്റവും ആവേശകരമായ ഏടുകളിലൊന്നാണു ബഹിരാകാശയാത്ര. മധ്യകാലഘട്ടത്തിലെ കപ്പൽയാത്രകൾ ഭൂമിയിലെ പുതുലോകങ്ങൾ മനുഷ്യർക്കു തുറന്നുകൊടുത്തു. എന്നാൽ, ബഹിരാകാശയാത്രകൾ ഇനിയുള്ള മനുഷ്യവംശത്തിന് അനന്തമായ സാധ്യതകൾ ചൂണ്ടിക്കാട്ടുന്നു. ദൗത്യങ്ങളിലെ സാഹസികതയാണു ബഹിരാകാശയാത്രികർക്കു താരപരിവേഷം നൽകുന്നത്. ഒട്ടേറെ വെല്ലുവിളികൾ മറികടന്നു മഹാദൗത്യം സാധ്യമാക്കിയവരെന്ന ബഹുമാനം ലോകം അവർക്കു നൽകുന്നു. 1961ൽ സോവിയറ്റ് സഞ്ചാരി യൂറി ഗഗാറിൻ ബഹിരാകാശത്തെത്തിയതു മുതൽ തുടങ്ങിയതാണ് അവിടെ മനുഷ്യസാന്നിധ്യം ഉറപ്പിക്കാനുള്ള ധീരമായ പ്രവർത്തനങ്ങൾ. ബഹിരാകാശനിലയങ്ങളിലൂടെ ‘നീണ്ടനാൾ താമസം’ എന്ന ലക്ഷ്യവും സാധ്യമായി. എന്നാൽ, ഇതിന് മറ്റൊരു വശമുണ്ട്; കടുത്ത ആരോഗ്യപ്രശ്നങ്ങളും തിക്താനുഭവങ്ങളും മാനസികസമ്മർദവും നിറഞ്ഞത്. സുനിത വില്യംസിന്റെ 9 മാസത്തെ ബഹിരാകാശവാസം ഈ വിഷയത്തിൽ ചർച്ചകളുയർത്തി.