പിണറായിയുടെ ‘നികൃഷ്ട ജീവി’ സുധാകരന്റെ ‘ചെത്തുകാരനിൽ’ മുങ്ങിയോ? ‘വിശ്വവിഖ്യാത’മായി മൈക്ക്!
Mail This Article
‘വാ വിട്ട വാക്കും കൈ വിട്ട ആയുധവും പിന്നെ തിരിച്ചെടുക്കാനാകില്ല’– ആറാം തമ്പുരാൻ സിനിമയിൽ വലിയ കയ്യടി കിട്ടിയ ജഗന്നാഥന്റെ (മോഹൻലാൽ) ഡയലോഗ്. രാഷ്ട്രീയത്തിൽ നേതാക്കളുടെ വാ വിട്ട വാക്കുകൾക്ക് അണികളുടെ കയ്യടി ചിലപ്പോഴെങ്കിലും കിട്ടാറുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആലപ്പുഴയിലെ വാർത്താ സമ്മേളന വേദിയിൽ നടത്തിയ വാക് പ്രയോഗത്തിന് അണികളുടെയും കയ്യടിയില്ല. ഇരുവരും ഒരുമിച്ചു ചേർന്നു ജാഥ നയിക്കുകയെന്ന തീരുമാനമെടുത്തതു തന്നെ ഇരുവരും ഒരുമിച്ചാണെന്ന് അണികളെ ബോധ്യപ്പെടുത്താനായിരുന്നു. എന്നാൽ ഇഴച്ചു കെട്ടിയ ആ കൂട്ടുകെട്ട് പൊട്ടിച്ചെറിയുന്നതിനു തുല്യമായി സുധാകരന്റെ വാ വിട്ട വാക്ക് വടക്കുനിന്നുള്ള പല നേതാക്കളും നാടൻ ശൈലിയിൽ പ്രസംഗിക്കുന്നവരാണ്. ഇ.കെ.നായനാരെപ്പോലെ ചിലർ ആ ശൈലികൊണ്ട് ആരാധകരെയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ വടക്കൻ ശൈലിയെന്ന പേരു പറഞ്ഞു നടത്തുന്ന വാക് പ്രയോഗങ്ങൾകൊണ്ടു വിവാദമുണ്ടാക്കിയവരാണു പുതിയതലമുറയിലെ പല നേതാക്കളും. അസഭ്യ പ്രയോഗങ്ങൾക്കു വടക്കിനു മാത്രമായി ഒരു ശൈലിയുമില്ല. പ്രയോഗത്തിന്റെ വ്യാകരണമോ രീതിശാസ്ത്രമോ അതുണ്ടാക്കുന്ന ഫലമോ ചിന്തിക്കാതെ വാക്കുകൾ തൊടുത്തുവിടുന്നതിൽ മുൻപിലാണു സുധാകരൻ. മനസ്സിൽ ഒന്നും വയ്ക്കാതെ തുറന്നു പറയുന്നതു ഗുണമായി കാണുന്ന സുധാകരന്, ഈ ഗുണം പലതവണ ദോഷമായി മാറിയിട്ടുണ്ട്.