ചൈനയിൽനിന്ന് ഏതു വഴിയെത്തി സാൻ ഫെർണാണ്ടോ വിഴിഞ്ഞത്ത്? 2000 കണ്ടെയ്നറുകൾ എങ്ങനെ ഇത്ര പെട്ടെന്നിറക്കി!
Mail This Article
വിഴിഞ്ഞമെന്ന പുരാതന തുറമുഖ നഗരം ഒടുവിൽ പുനർജനിച്ചിരിക്കുന്നു. പഴയ തുറമുഖ നഗരത്തിലേതു പോലെ റോമാക്കാരുടെയും അറബികളുടെയും പായ്ക്കപ്പലുകളല്ല പക്ഷേ ഇനി നങ്കൂരമിടുക. ലോകത്തിലെ ഏറ്റവും വമ്പൻ ചരക്കുകപ്പലുകളുടെ നിരയായിരിക്കും വരും വർഷങ്ങളിൽ വിഴിഞ്ഞത്തെ തേടിയെത്തുക. നൂറ്റാണ്ടുകളുടെ തുറമുഖ പൗരാണിക പെരുമ പറയാനുണ്ട് വിഴിഞ്ഞത്തിന്. ആ പേരും പെരുമയും വീണ്ടും ലോകത്തിനു മുന്നിൽ കൂടുതൽ പ്രൗഢിയോടെ, അഭിമാനത്തോടെ എത്തുകയാണ്. കേന്ദ്ര–കേരള സർക്കാരുകളും അദാനി ഗ്രൂപ്പും ചേർന്ന പൊതു–സ്വകാര്യ പങ്കാളിത്ത പദ്ധതിയായി (പിപിപി) ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തേക്ക് ചരക്കുകളുമായി സാൻ ഫെർണാണ്ടോ എന്ന ആദ്യ മദർഷിപ്പ് എത്തിയതോടെ എന്തെല്ലാം മാറ്റങ്ങളായിരിക്കും സംഭവിക്കാനൊരുങ്ങുന്നത്? ഇന്ത്യയുടെ, കടൽ വഴിയുള്ള രാജ്യാന്തര ചരക്കുനീക്കത്തിന്റെ മുഖ്യപങ്കും ഇതുവരെ കൊളംബോ, സിംഗപ്പൂർ, യുഎഇയിലെ ജബൽ അലി തുറമുഖങ്ങൾ വഴിയായിരുന്നു. നമ്മുടെ രാജ്യത്തേക്ക് ആവശ്യമുള്ള കണ്ടെയ്നറുകൾ ഈ തുറമുഖങ്ങളിൽ ഇറക്കി, അവിടെനിന്ന് ചെറു കപ്പലുകളിൽ എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ ഇനി മുതൽ അത് വിഴിഞ്ഞത്തേക്ക് മാറുകയാണ്. സാൻ ഫെർണാണ്ടോ മാത്രമല്ല, ഒട്ടേറെ ലോകോത്തര കമ്പനികളുടെ ചരക്കുകപ്പലുകളും ഇനി വിഴിഞ്ഞത്തേക്ക് വരാനുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ വന്നാൽപ്പോലും ‘നങ്കൂരമിട്ടോളൂ’ എന്നും പറഞ്ഞ് നെഞ്ചുംവിരിച്ച് സ്വാഗതം ചെയ്യും വിഴിഞ്ഞം. കോടിക്കണക്കിനു രൂപയുടെ വരുമാനവും തൊഴിലവസരങ്ങളുമാണ് അതുവഴി കേന്ദ്രത്തിനും കേരള സർക്കാരിനും ലഭിക്കുക. എങ്ങനെയാണ് മദർഷിപ് വിഴിഞ്ഞത്തെത്തിയത്? എന്തെല്ലാമാണ് വിഴിഞ്ഞത്തിന്റെയും മദർഷിപ്പിന്റെയും മറ്റു പ്രത്യേകതകൾ? വിശദമായറിയാം, ഗ്രാഫിക്സിലൂടെ...