ആദ്യം തമാശ, ഇസ്രയേലിന്റെ ശത്രുവിനെ കണ്ട് സൈന്യവും ഞെട്ടി; സിൻവറിനൊപ്പം എവിടെ ബന്ദികൾ? നെതന്യാഹുവിനും ‘മുന്നറിയിപ്പ്’
Mail This Article
ഇസ്രയേലിൽ എങ്ങും ഉയരുന്ന ചോദ്യം ഇതാണ്; ഇപ്പോഴും ജീവനോടെയുണ്ടെന്നു കരുതുന്ന 101 ബന്ദികളെ ഹമാസ് എവിടെ ഒളിപ്പിച്ചിരിക്കുന്നു? ഇസ്രയേൽ സൈന്യത്തിനോ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനോ കണ്ടെത്താൻ കഴിയാത്ത ഒട്ടേറെ ഒളിയിടങ്ങൾ ഇപ്പോഴും ഗാസയിൽ അവശേഷിക്കുന്നു എന്നു വേണം കരുതാൻ. ഇപ്പോൾ കണ്ടെത്തിയ തുരങ്കങ്ങൾ പലതും മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാം. മഞ്ഞുമല പോലെ ഹമാസിന്റെ ഒളിയിടങ്ങൾ ഇനിയും ആഴങ്ങളിൽ തയാറായിരിപ്പുണ്ടോ? ഇസ്രയേൽ സൈന്യത്തിൽനിന്നു രക്ഷ നേടാൻ കവചമായി ഹമാസ് തലവൻ യഹ്യ സിൻവർ ബന്ദികളെ ഉപയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മരണം വരെ പ്രചരിച്ചിരുന്ന കാര്യം. സിൻവർ തുരങ്കങ്ങളിൽ തന്നെയാണ് ഒളിച്ചിരുന്നത് എന്നും പ്രചരിച്ചിരുന്നു. എന്നാൽ ധാരണകളിൽനിന്നു വിരുദ്ധമായി സിൻവറെ ഭൂമിയുടെ ഉപരിതലത്തിൽ ഒരു കെട്ടിടത്തിൽ കണ്ടതും ചുറ്റും സുരക്ഷാസേനയോ കവചിതമായി ബന്ദികളോ ഇല്ലാതിരുന്നതും ഇസ്രയേൽ സൈന്യത്തെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. അബദ്ധത്തിൽ കിട്ടിയ വിലപ്പെട്ട ജീവനാണ് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം സിൻവറിന്റേത്. റഫയിൽ ബോംബുകൾ വീണു പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിൽ സായുധരായ മൂന്നുപേർ നടന്നു പോകുന്നത് ഒരു ഇസ്രയേൽ പട്ടാളക്കാരൻ കണ്ടപ്പോൾ അതു തങ്ങൾ ഒരു വർഷമായി തേടിക്കൊണ്ടിരിക്കുന്ന സിൻവർ ആണെന്ന് ആരും കരുതിയതേയില്ല.