വീഴുമെന്ന് പറഞ്ഞവരുടെ മുന്നിൽ തലയെടുപ്പോടെ ഇന്ത്യ; നൂറ്റാണ്ട് നീണ്ട പോരാട്ടചരിത്രം, ലോകത്തിന് പ്രചോദനം
Mail This Article
ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം അവസാനിപ്പിക്കാൻ പോരാടിയ നെൽസൺ മണ്ടേല, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അക്രമരാഹിത്യത്തിലും നിസഹകരണത്തിലും ഏറെ ആകൃഷ്ടനായ ആളാണ്. അദ്ദേഹം ഈ രണ്ടു കാര്യങ്ങളേയും കണ്ടത് ഒരു ധാർമിക തത്വം എന്ന നിലയിലല്ല. മറിച്ച് ഒരു രാഷ്ട്രതന്ത്രം എന്ന നിലയ്ക്കു കൂടിയാണ്. തന്റെ ആത്മകഥയിൽ അദ്ദേഹം ഇങ്ങനെ എഴുതി: ‘അക്രമരഹിതമായ ചെറുത്തുനിൽപ്പ് പ്രയോജനപ്രദമാണ്, നിങ്ങളുടെ എതിരാളികളും അക്കാര്യത്തെ മാനിക്കുന്നിടത്തോളം കാലം. സമാധാനപരമായ ഒരു പ്രതിഷേധം അക്രമത്തിലാണ് അവസാനിക്കുന്നത് എങ്കിൽ അതിന്റെ ലക്‍ഷ്യം പരാജയപ്പെട്ടു എന്നാണർഥം’. ഒരേ സമയം തങ്ങളുടെ പോരാട്ടം സമാധാനപരമാക്കുകയും എതിരാളികളേയും ആ വിധത്തിൽ സമ്മർദ്ദത്തിലാക്കി ചര്‍ച്ചയുടേയും ഒത്തുതീര്‍പ്പിന്റെയും വാതിലുകൾ തുറക്കുക എന്ന ഇന്ത്യൻ നയതന്ത്രം ഈ വിധത്തിൽ അനേകം രാഷ്ട്രങ്ങളേയും നേതാക്കളേയും സ്വാധീനിച്ചിട്ടുണ്ട്.