വ്യക്തിബന്ധങ്ങൾ ദൃഢമാക്കാം
Mail This Article
നാമെല്ലാം സമൂഹജീവികളാണ്. ഒറ്റപ്പെട്ട ദ്വീപുകളാകാൻ ആർക്കും കഴിയില്ല. അന്യരുമായി ഇടപഴകാതെ ജീവിതമില്ല. നാം നിരന്തരം ഇടപഴകുന്നു. ബന്ധങ്ങൾ ദൃഢവും ഹൃദ്യവും ആകുന്തോറും പിരിമുറുക്കം കുറഞ്ഞുവരും. പക്ഷേ, അതിനു പെരുമാറ്റം നന്നായിരിക്കണം. ഒരിക്കൽ തകർന്നാൽപ്പിന്നെ ബന്ധം പഴയപോലെയാക്കുക എളുപ്പമല്ല. കാലം എല്ലാം മറക്കാൻ ഇട നൽകുമെന്നു പറയാറുണ്ട്. പക്ഷേ, ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നത് ബന്ധങ്ങളുടെ കാര്യത്തിലും ശരി. ബോധപൂർവം പരിഹസിച്ചിട്ടു മാപ്പുപറഞ്ഞാൽ മനസ്സിലേൽപ്പിച്ച മുറിവു കരിയില്ല. പരിഹാസപാത്രം എല്ലാം മറന്നെന്നു പറഞ്ഞ്, കൃത്രിമച്ചിരി വരുത്തിയേക്കാം. പക്ഷേ മനസ്സിലെ പാടുണങ്ങാതെ കിടക്കും. പരിഹസിക്കാതിരിക്കുന്നതുതന്നെ നല്ല വഴി. നമുക്കു ശീലിക്കാവുന്ന മറ്റു പലതുമുണ്ട്. പുഞ്ചിരിക്കാം. ഒരു പൈസ മുടക്കുമില്ലെങ്കിലും പലരും ഇക്കാര്യത്തിൽ പിശുക്കു കാണിക്കും.