5 വർഷത്തിനിടെ മനംമാറി സിപിഎം; അന്ന് സ്ഥാനാർഥിയായ പി.ജയരാജന് സ്ഥാനം പോയി, ഇന്ന് ‘സ്ഥാന’മുള്ള സ്ഥാനാർഥികൾ
Mail This Article
ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാതെതന്നെ മൂന്നു സെക്രട്ടറിമാരെയാണ് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം മത്സരിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ചർച്ചയാകുന്ന ഒന്നുകൂടിയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.ജയരാജനോടു കാണിച്ച സമീപനമാണത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.ജയരാജനെ വടകരയിലെ സ്ഥാനാർഥിയായി പാർട്ടി തീരുമാനിച്ചു. ഇതിനു ശേഷമുള്ള ജില്ലാ കമ്മിറ്റിയിൽ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റുകയും ചെയ്തു. പകരം സെക്രട്ടറിയായി എം.വി.ജയരാജനെ നിയമിച്ചു. ഇത്തവണ വി.ജോയ് (തിരുവനന്തപുരം), എം.വി.ജയരാജൻ (കണ്ണൂർ), എം.വി.ബാലകൃഷ്ണൻ (കാസർകോട്) എന്നീ ജില്ലാ സെക്രട്ടറിമാരെയാണ് സിപിഎം മത്സരിപ്പിക്കുന്നത്. എന്നാൽ ഒരു പ്രത്യേകതയുണ്ട്; മൂന്നു പേരെയും ജില്ലാ സെക്രട്ടറി സ്ഥാനത്തു നിലനിർത്തിക്കൊണ്ടുതന്നെയാണ് മത്സരിപ്പിക്കുന്നത്. മൂന്നിടത്തും താൽകാലിക ചുമതലക്കാരെ വയ്ക്കുമെന്നു മാത്രം. 2019ൽനിന്ന് 2024ൽ എത്തുമ്പോൾ, ഈ അഞ്ചു വർഷത്തിനിടെ, സിപിഎമ്മിന്റെ മനസ്സു മാറ്റാൻതക്ക എന്താണു സംഭവിച്ചത്? എന്തുകൊണ്ടായിരിക്കും ജില്ലാ സെക്രട്ടറിമാരെ സ്ഥാനത്തുനിന്നു മാറ്റാതെതന്നെ മത്സരിപ്പിക്കുന്നത്? പി. ജയരാജനോട് പാർട്ടി ഇത്തരമൊരു സമീപനം കൈക്കൊള്ളാൻ എന്തായിരിക്കും കാരണം?