കേരളം കേന്ദ്രത്തിന് കൊടുക്കുന്നത് ‘മലയോളം’, കിട്ടുന്നത് എലിയോളം: കോടികൾ യുപിയിലേക്ക് ‘വഴിമാറ്റിയോ’?
Mail This Article
കൂടുതൽ കടമെടുപ്പിന് അനുമതി തേടിയുള്ള കേരളത്തിന്റെ ഹർജിയിൽ മാർച്ച് 21ന് വിധി വരാനിരിക്കുകയാണ്. സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് കേന്ദ്ര സർക്കാർ അനുവദിച്ച 13,608 കോടി രൂപയിൽ 8742 കോടിയുടെ കടമെടുപ്പ് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പൂർത്തിയാക്കി. വൈദ്യുതി മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയതും കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്തതും കണക്കിലെടുത്ത് കേരളത്തിന് 4866 കോടി കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുമുണ്ട്. മാർച്ച് 26ന് ഇൗ തുക കൂടി വായ്പയെടുക്കുന്നതോടെ ഇൗ വർഷം കടമെടുപ്പു പൂർത്തിയാകും. അതിനിടെയാണ് കൂടുതൽ കടമെടുപ്പിന് അനുമതി തേടിയുള്ള ഹർജി സുപ്രീം കോടതിക്കു മുന്നിലെത്തുന്നത്. വിധി പ്രതികൂലമായാൽ വർഷാവസാന ചെലവുകൾ പോലും നിറവേറ്റാൻ കഴിയാത്ത സാഹചര്യമായിരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പു കൂടി വന്നതോടെ കേന്ദ്രവുമായുള്ള പോരാട്ടം കേരളം ശക്തമാക്കുകയും ചെയ്തു. അനുവദിക്കേണ്ട തുകകളിൽ പലതും കേന്ദ്രം അശാസ്ത്രീയ നടപടികളിലൂടെ തടഞ്ഞെന്നും അവയിൽ നിയന്ത്രണം കൊണ്ടുവന്നുവെന്നുമാണ് കേരളം വാദിക്കുന്നത്. അതിന് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ നടപടിയും.