പിണറായിക്ക് രാഹുൽ നൽകി ‘മോദി ചാലഞ്ച്’: എന്തുകൊണ്ട് മിണ്ടുന്നില്ല? ഞെട്ടിത്തരിച്ച് സിപിഎം കേന്ദ്രങ്ങൾ
Mail This Article
ദേശീയതലത്തിൽ ബിജെപിക്കെതിരായ പോരാട്ടത്തിൽ ഒപ്പം നിൽക്കുന്ന സിപിഎമ്മിനെ കേരളത്തിലെത്തിയാൽ വിമർശിക്കുന്ന പതിവ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ, ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള പര്യടനത്തിനിടെ രാഹുലിന്റെ മറ്റൊരു മുഖം കേരളം കണ്ടു. സിപിഎം വല്ലാതെ പകച്ചുപോയ നിമിഷങ്ങളിലൊന്നായിരുന്നു അത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലോ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലോ കേരളത്തിൽ പര്യടനം നടത്തിയ രാഹുൽ പൊതുവേ മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു പറഞ്ഞൊരു വിമർശനം നടത്തിയിരുന്നില്ല. പക്ഷേ ഇക്കുറി സിപിഎമ്മിന്റെ ചങ്കിടിപ്പേറ്റി പിണറായിയെ പേരെടുത്തു പറഞ്ഞ് രാഹുൽ കണക്കറ്റു വിമർശിച്ചു. അതേ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായിക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോൾ അതിനെ എങ്ങനെ പ്രതിരോധിക്കണം എന്നറിയാതെ കുഴങ്ങുകയാണ് വോട്ടെടുപ്പിനു ദിവസങ്ങൾ ബാക്കി നിൽക്കെ സിപിഎം. പാർട്ടിക്കു വേണ്ടി പ്രതിരോധം തീർത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാദമുഖങ്ങൾക്ക് വേണ്ടത്ര മൂർച്ച പോരെന്നു പറയുന്നത് പാർട്ടിക്കുള്ളിൽ ഉള്ളവർതന്നെ. മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയും നടത്തുന്ന അന്വേഷണങ്ങളുടെയും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ള അഴിമതിക്കേസുകളുടെയും പശ്ചാത്തലത്തിൽ രാഹുലും മോദിയും നടത്തിയ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എന്തു മറുപടി പറയും എന്ന ആകാംക്ഷയിലാണ് തിരഞ്ഞെടുപ്പ് രംഗം.