പരാതിപ്പെട്ടികളിൽനിന്നു രക്ഷപ്പെടാം
Mail This Article
പഴയൊരു പെട്ടിക്കഥ കേൾക്കുക. ഗ്രീക്ക് പുരാണത്തിലെ കഥ. പ്രോമിത്യൂസ് എന്ന ദേവൻ സ്വർഗത്തിൽനിന്ന് അഗ്നി മോഷ്ടിച്ച് മനുഷ്യവർഗത്തിനു നൽകി. അത് സെയൂസിന് (ദേവേന്ദ്രന്) തീരെ പിടിച്ചില്ല. അന്ന് മനുഷ്യവർഗത്തിൽ പുരുഷന്മാർ മാത്രമായിരുന്നു. പ്രോമിത്യൂസിന് കഠിനശിക്ഷ പലതും നൽകി. അഗ്നി സ്വീകരിച്ച മനുഷ്യവർഗത്തിനും നൽകണം കഠിനശിക്ഷ. അതിനായി പാൻഡോറ (Pandora) എന്ന അതിസുന്ദരിയെ സൃഷ്ടിച്ച് ഭൂമിയിലേക്ക് അയച്ചു. അവളുടെ കയ്യിൽ അടച്ച ഒരു പെട്ടിയും കൊടുത്തു. അത് തുറന്നുപോകരുതെന്ന നിർദേശവും നൽകി. പ്രോമിത്യൂസിന്റെ സഹോദരൻ എപിമീത്യൂസ് പാൻഡോറയുടെ രൂപലാവണ്യത്തിൽ മയങ്ങി, അവളെ വിവാഹം ചെയ്തു. ജിജ്ഞാസയെ ചെറുക്കാനാവാഞ്ഞ പാൻഡോറ ആ പെട്ടി തുറന്നു. അസൂയ, ദുരാഗ്രഹം, വെറുപ്പ്, വേദന, രോഗം, ദുരിതം, ദാരിദ്ര്യം, യുദ്ധം തുടങ്ങി എല്ലാ തിന്മകളും പുറത്തുചാടി. പാൻഡോറ തിടുക്കത്തിൽ പെട്ടി അടച്ചപ്പോൾ പ്രതീക്ഷ മാത്രം അതിൽപ്പെട്ടു. അങ്ങനെ ലോകത്തിലെ എല്ലാ തിന്മകൾക്കും കാരണം പാൻഡോറയെന്ന സ്ത്രീയും അവളുടെ പെട്ടിയും ആണെന്ന് വ്യാഖ്യാനം. പെട്ടിയല്ല ഭരണി എന്നർഥമുള്ള ‘പിതോസ്’ എന്ന ഗ്രീക്ക് പദം വിവർത്തനത്തിൽ തെറ്റി പെട്ടിയായിപ്പോയതാണ്. കഥ സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപവുമുണ്ട്.