പൂച്ചയുണ്ടോ വീട്ടിൽ? ടെൻഷൻ ഒഴിവാക്കാം, രോഗശാന്തിക്കും സഹായിക്കും; നമ്മെ നോക്കിയുള്ള ‘മ്യാവു’ കരച്ചിൽ എന്തിനു വേണ്ടിയാണ്?

Mail This Article
പൂച്ചകൾ ഒട്ടേറെ ശാസ്ത്രജ്ഞരെ ആകർഷിച്ചിട്ടുണ്ട്. ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പരിണാമജീവശാസ്ത്രജ്ഞ ഡോ. അഞ്ജലി ഗോസ്വാമി ഈയിടെ പൂച്ചയ്ക്കു മണികെട്ടുന്ന ഒരു പ്രസ്താവന നടത്തി. പരിണാമജീവശാസ്ത്രമനുസരിച്ച് പൂർണത നേടിയതാണത്രേ പൂച്ചകളുടെ വംശം. വീട്ടിലെ പൂച്ച മുതൽ കാടു വാഴുന്ന കടുവയും സിംഹവും വരെ ഒട്ടേറെ ജീവികളുണ്ട് ഈ കുടുംബത്തിൽ. പലവഴികളിലൂടെ തിരിയാതെ, മുഖ്യധാരയിൽ നിലയുറപ്പിച്ചതാണ് ഈ വർഗത്തിന്റെ പ്രത്യേകത. നരിയുടെയും സിംഹത്തിന്റെയും തലയോടുകൾ തിരിച്ചറിയുക താനടക്കമുള്ള സാങ്കേതികവിദഗ്ധർക്കുപോലും വിഷമമാണെന്നു അഞ്ജലി പറയുന്നു. പൂച്ചയുടെ വശ്യത വിഖ്യാതമാണ്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പിതാവ് ആൽബർട്ട് ഐൻസ്റ്റൈന് തന്റെ പൂച്ചയായ ടൈഗറുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. മഴദിവസങ്ങളിൽ പൂച്ച വിഷാദത്തിലേക്കു വഴുതുമ്പോൾ അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു. ഗുരുത്വാകർഷണത്തിന്റെയും ചലനനിയമങ്ങളുടെയും ഉപജ്ഞാതാവായ ഐസക് ന്യൂട്ടൻ, താൻ ജോലി ചെയ്യുമ്പോൾ തന്റെ പൂച്ചയ്ക്കു സ്വതന്ത്രമായും സ്വച്ഛമായും സഞ്ചരിക്കാൻ മുറിയിൽ പ്രത്യേക സംവിധാനമൊരുക്കി. ഓൾട്ടർനേറ്റ് കറന്റ് കണ്ടുപിടിച്ച നിക്കോള ടെസ്‌ല തന്റെ പൂച്ചയായ മിസിക്കിലിൽ അതീവ ആകൃഷ്ടനായിരുന്നു. മിസിക്കിലിന്റെ പുറംരോമങ്ങളിൽ സ്റ്റാറ്റിക് വൈദ്യുതി പൊട്ടിത്തെറിക്കുന്ന കാഴ്ച അദ്ദേഹത്തിനു വൈദ്യുതിയോടുള്ള ആകർഷണം നിലനിർത്തി.