കേരളത്തിലെ പ്രളയത്തിൽ അവർക്കുമില്ല ആ വിശ്വാസം; ഹിമാനികൾ ഉരുകുമ്പോൾ കൊച്ചിയ്ക്കും ആശങ്ക; വേണ്ടത് ജപ്പാൻ മോഡലോ?

Mail This Article
ഈ വർഷത്തെ ലോകജലദിനത്തിന്റെ സന്ദേശം ‘ഹിമാനികളുടെ സംരക്ഷണം’ (Glacier Preservation) എന്നതാണ്. ഭൂമിയിൽ ഒഴുകിനടക്കുന്ന മഞ്ഞുപാടങ്ങളാണു ഹിമാനികൾ. പർവതങ്ങളുടെ അഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. അന്റാർട്ടിക്ക, ഗ്രീൻലാൻഡ് തുടങ്ങിയ പ്രദേശങ്ങളിലെയും ഹിമാലയം, ആൽപ്സ് പർവതങ്ങളിലെയും ഹിമാനികൾ ഭൂമിയുടെ ഉപരിതലത്തിന്റെ ഏകദേശം 10% പങ്കിട്ടെടുത്തിരിക്കുന്നു. ആഗോള ശുദ്ധജലത്തിന്റെ 75% ഈ ഹിമാനികളിലാണ്. വർധിച്ചുവരുന്ന താപനിലയും മനുഷ്യരുടെ പ്രവൃത്തികളും ഇവ ഉരുകാൻ കാരണമാകുന്നു. ഹിമാലയൻ ഹിമാനികൾ ഉരുകുന്നതു ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജലലഭ്യതയെ ബാധിക്കും, സമുദ്രനിരപ്പ് ഉയരാനും ഇടയാക്കും. ഹിമാനികൾ ഉരുകുന്നതുകൊണ്ടുമാത്രം 2100ൽ സമുദ്രനിരപ്പ് 30 സെന്റിമീറ്ററോളം ഉയരുമെന്നാണു കണക്കാക്കുന്നത്. കൊച്ചിക്കു ചുറ്റുമുള്ള തീരപ്രദേശവും കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാകാൻ ഇതു കാരണമാകാം. തീരപ്രദേശങ്ങളിലെ ജലവിതരണ സംവിധാനത്തിൽ ലവണാംശം കലരുകയും ചെയ്യും. തണ്ണീർത്തടങ്ങളിലെ ജലനിരപ്പ് 50 സെന്റിമീറ്റർ വരെ ഉയരാം. നെല്ല് ഉൽപാദനത്തെയും ജൈവവൈവിധ്യത്തെയും ഇതു ബാധിക്കും. തീരദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും ഇതിടയാക്കും. പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ് ഈ സാഹചര്യങ്ങളെ നേരിടാനും ജലവിനിയോഗം ആസൂത്രണം ചെയ്യാനും നാം തയാറാകണം.