വായ്പ തിരിച്ചടവ് മുടങ്ങുമോ? ബാങ്ക് സഹായിച്ചേക്കും
Mail This Article
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ പ്രാദേശിക ലോക്ഡൗണ്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കി വരികയാണല്ലോ. ദേശീയ തലത്തിലുള്ള അടച്ചുപൂട്ടലല്ലെങ്കിലും നഗരങ്ങളും വ്യാവസായിക കേന്ദ്രങ്ങളും അടക്കം തീവ്രവ്യാപനമുള്ള മേഖലകള്‍ അടഞ്ഞ് കിടക്കുകയാണ്. പല സംസ്ഥാനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളടക്കം 50 ശതമാനം ഹാജര്‍ എന്ന രീതി ആഴ്ചകള്‍ക്ക് മുമ്പേ നടപ്പാക്കിയിരുന്നു. ഇത് ജീവനക്കാരുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്. ഇത് ഭവന വായ്പ അടക്കമുള്ളവയുടെ തിരിച്ചടവിനെയും സ്വാഭാവികമായും ബാധിക്കും.
നേരത്തേ ബന്ധപ്പെടാം
വരുമാനം കുറയുന്നതടക്കമുളള അപ്രതീക്ഷിത സംഭവങ്ങളുടെ പേരില്‍ ഭവന വായ്പ തിരിച്ചടവ് മുടങ്ങുന്നുവെങ്കില്‍ അതിന് പരിഹാരമുണ്ട്. സാധാരണ നിലയില്‍ മൂന്ന് ഗഡുക്കളുടെ അടവ് തുടര്‍ച്ചയായി മുടങ്ങിയാല്‍ ആ വായ്പ കിട്ടാക്കടമായി മാറും. പിന്നീട് ബാങ്കുകള്‍ അക്കൗണ്ടുടമയ്ക്ക് നോട്ടീസ് അയയ്ക്കുകയും വായ്പ തിരിച്ചുപിടിക്കല്‍ നടപടി ആരംഭിക്കുകയും ചെയ്യും. കോവിഡ് മൂലമോ ഇനി മറ്റേതെങ്കിലും അപ്രതീക്ഷിത സംഭവം മൂലമോ ഇത്തരം ഒരു സാധ്യത മുന്നില്‍ കാണുന്നുണ്ടെങ്കില്‍ നേരത്തെ ബാങ്കുമായി ബന്ധപ്പെടാം. എന്നിട്ട് പ്രതിസന്ധിയുടെ നിജസ്ഥിതി ബോധ്യപ്പെടുത്തി പരിഹാരം ആലോചിക്കാം.
ഓവര്‍ ഡ്രാഫ്റ്റ്
വരുമാനത്തില്‍ അപ്രതീക്ഷിത കുറവുണ്ടായതാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ അത് ബാങ്കിനെ ധരിപ്പിക്കുക. എന്നിട്ട് ഇ എം ഐ കുറച്ച് തരാന്‍ ആവശ്യപ്പെടാവുന്നതാണ്. അതിനായി വായ്പയുടെ പ്രിന്‍സിപ്പല്‍ തുകയുടെ കുറച്ച് ഭാഗം തിരിച്ചടയ്‌ക്കേണ്ടി വരും. പണമില്ലാതെ എങ്ങനെ തിരിച്ചടയ്ക്കും എന്നാണ് ചോദ്യമെങ്കില്‍ ഇതിന് മാര്‍ഗമുണ്ട്. ഇതിനായി ഭവന വായ്പ ഓവര്‍ ഡ്രാഫ്റ്റ് സാധ്യത ഉപയോഗിക്കാം. എപ്പോഴെങ്കിലും അധിക പണം കൈയ്യില്‍ വന്നാല്‍ ഇത് അടച്ച് തീര്‍ക്കുകയുമാകാം.
ഫ്രീ പീരിയഡ്
തൊഴില്‍ നഷ്ടപ്പെടുന്നത് മൂലമോ, ബിസിനസ് കുറഞ്ഞതിനാലോ വരുമാനം കുറച്ച് നാളുകളിലേക്ക് നിലയ്ക്കുകയോ, കുറയുകയോ ചെയ്യുമെന്നാണെങ്കില്‍ ആറ് മാസത്തേക്കോ മറ്റോ 'ഇ എം ഐ ഫ്രീ പീരിയഡ്' അനുവദിക്കാനും ആവശ്യപ്പെടാം. പക്ഷെ ഇത് ബാങ്കിനെ ബോധ്യപ്പെടുത്തേണ്ടി വരും. ഇതിന് പക്ഷെ ബാങ്ക് പലിശ ഈടാക്കും.
English Summary : Bank may Help You to Manage EMI