21 രൂപ ചെലവാക്കി 100 രൂപ എടിഎമ്മിന്നെടുക്കണോ?
Mail This Article
സ്വന്തം അക്കൗണ്ടില്‍ കിടക്കുന്ന 100 രൂപ എടിഎമ്മിൽ നിന്ന് പിന്‍വലിക്കാന്‍ 21 രൂപ ചെലവ് വരുമെങ്കില്‍ അത് ഒഴിവാക്കുന്നതല്ലേ നല്ലത്? 2021 ആഗസ്റ്റ് ഒന്നു മുതല്‍ എടിഎം ഇടപാടുകള്‍ക്ക് നിരക്കുയര്‍ത്തുന്നതോടെ മാസം അനുവദിക്കപ്പെട്ട സൗജന്യ പണ വിനിമയങ്ങള്‍ക്ക് ശേഷം ഇടപാടൊന്നിന് 21 രൂപ ചാര്‍ജ് ബാങ്കിന് നല്‍കണം. നിലവില്‍ ഒരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് അഞ്ച് സൗജന്യ പണമിടപാടുകളാണ് അനുവദിക്കപ്പട്ടിരിക്കുന്നത്. അതിന് പുറമേ വരുന്നവയ്ക്കാണ് 21 രൂപ വച്ച് നല്‍കേണ്ടി വരുന്നത്.
ഒളിഞ്ഞിരിക്കുന്ന അപകടം
ഇവിടെ ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ട്. അഞ്ച് ഇടപാടുകള്‍ എന്നാല്‍ അഞ്ച് തവണ പണം പിന്‍വലിക്കുന്നതല്ല. അക്കൗണ്ടിലെ ബാലന്‍സ് അന്വേഷണം, പിന്‍ ജനറേഷന്‍, മിനി സ്റ്റേറ്റ്‌മെന്റ് എടുക്കല്‍ എന്നുവേണ്ട എടിഎം സ്‌ക്രീനില്‍ കാണുന്ന വിവിധ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്ന് പ്രവര്‍ത്തിപ്പിക്കുന്നതും ഒരു ഇടപാടായിട്ടാണ് കണക്കാക്കുന്നത്. ഇത് കൂടാതെ അവശ്യപ്പെട്ട പണം എടിഎം നല്‍കാതിരിക്കുന്നതും, മതിയായ ബാലന്‍സില്ലാത്തതുമെല്ലാം ഇടപാടുകളുടെ പരിധിയില്‍ വരും.
പരിധി വിട്ടാലും
ഉദാഹരണത്തിന് നിങ്ങളുടെ എടിഎം കാര്‍ഡിന്റെ പിൻവലിക്കൽ പരിധി ഒറ്റത്തവണ 10,000 രൂപയാണെങ്കില്‍ 12,000 രൂപയാണ് ആവശ്യപ്പെടുന്നത് എന്ന് കരുതുക. അക്കൗണ്ടില്‍ പണമുണ്ടെങ്കിലും ആവശ്യപ്പെട്ട പണം ലഭിക്കില്ല. പിൻവലിക്കൽ പരിധിക്ക് മുകളിലാണ് പണം ആവശ്യപ്പെട്ടതെന്നായിരിക്കും എടിഎം മറുപടി നല്‍കുക. ഇതും ഒരു ഇടപാടാണ്. അക്കൗണ്ടില്‍ പണമുണ്ടെങ്കിലും ആവശ്യം നടക്കുകയുമില്ല. അതേസമയം 21 രൂപ നഷ്ടമാകുകയും (സൗജന്യ പരിധി കഴിഞ്ഞാല്‍) ചെയ്യും. ഇനി ആവശ്യപ്പെട്ട പണം എടിഎമ്മില്‍ ഇല്ലെങ്കിലും നമ്മുടെ 21 രൂപ പോകും. മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് മാസം മൂന്ന സൗജന്യ ഇടപാടാണ് അനുവദിച്ചിട്ടുള്ളത്. ഗ്രാമീണ മേഖലയിലാണ് എടിഎം എങ്കില്‍ സൗജന്യ പരിധി അഞ്ചാണ്.
ശ്രദ്ധ വേണം
മേല്‍പറഞ്ഞതെല്ലാം ഓരോ ഇടപാടായി പരിഗണിക്കുമെന്നതിനാല്‍ അഞ്ച് തവണ പണം പിന്‍വലിച്ചില്ലല്ലോ എന്നോർത്ത് വീണ്ടും എടിഎം സന്ദര്‍ശിക്കാതിരിക്കുക.അനുവദിക്കപ്പെട്ട സൗജന്യ പരിധി കഴിഞ്ഞ് 100 രൂപയാണ് അത്യാവശ്യത്തിന് പിന്‍വലിക്കുന്നതെങ്കിലും ഒരു ഇടപാടെന്ന നിലയ്ക്ക് 21 രൂപ പോയിക്കിട്ടും. അതുകൊണ്ട് വളരെ ശ്രദ്ധയോടെ മാത്രം ഇനി എടിഎം ഉപയോഗിക്കുക.
English Summary: Beware about ATM Charges