ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷൻ : നിങ്ങളുടെ ഓൺലൈൻ ഷോപ്പിങ് അവതാളത്തിലാകുമോ?
Mail This Article
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിക്കുമ്പോൾ വിവരങ്ങൾ ചോരാതിരിക്കുവാൻ കോഡ് ഉപയോഗിച്ചുള്ള പുതിയ ടോക്കണൈസേഷൻ സംവിധാനമൊരുക്കുകയാണ് റിസർവ് ബാങ്ക്. 2022 ജനുവരി മുതലാണ് ഇത് നടപ്പാക്കുവാൻ തീരുമാനിച്ചിരുന്നത്. ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാൽ ജനുവരി മുതൽ നടപ്പിലാക്കാൻ ആയില്ല. ജൂലൈ ഒന്ന് മുതൽ നടപ്പാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത് ആറ് മാസത്തേക്ക് കൂടി നീട്ടി വെക്കാൻ ബാങ്കുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പാക്കിയാൽ, ഓൺലൈൻ ഷോപ്പിങ് ഇടപാടുകൾ കുറയുമോയെന്ന ഭയവും ബാങ്കുകൾക്കുണ്ട്. ഉപഭോക്താക്കൾക്കും ടോക്കണൈസേഷൻ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന അഭിപ്രായമുണ്ട്.
ടോക്കണൈസേഷൻ നിലവിൽ വന്നാൽ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾക്കോ, മറ്റു ചെറുകിട കടക്കാർക്കോ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിച്ചു വെക്കുവാനാകില്ല. കാർഡ് വിവരങ്ങൾക്ക് പകരം കോഡ് കൊണ്ടുവരുന്ന ഈ സംവിധാനം പെട്ടെന്ന് നടപ്പാക്കരുതെന്ന് റിസർവ് ബാങ്കിനോട് നാസ്‌കോം അഭ്യർത്ഥിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി ഈ പദ്ധതി നടപ്പിലാക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധരുടെയും അഭിപ്രായം. പെട്ടെന്ന് നടപ്പാക്കിയാൽ ഇപ്പോഴുള്ള ഡിജിറ്റൽ പേയ്മെന്റ് വ്യവസ്ഥയെ ഇത് മോശമായി ബാധിക്കുമോയെന്ന പേടി വ്യാപാരികൾക്കുമുണ്ട്. തട്ടിപ്പുകൾ കുറക്കുവാൻ ടോക്കണൈസേഷൻ സഹായിക്കുമെന്ന വാദഗതിയുണ്ടെങ്കിലും, തിരക്കുപിടിച്ച് നടപ്പിലാക്കിയാൽ പ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന അങ്കലാപ്പും ഈ രംഗത്തെ വിദഗ്ധർ പങ്കുവെക്കുന്നു.
English Summary : Confusion is still there Regarding Card Tokenization