ADVERTISEMENT

ആർബിഐ റീപ്പോ നിരക്ക് കൂട്ടിയാൽ ഉടനെ നിലവിലുള്ള വായ്പയുടെ പലിശ ഉയർത്തും. എന്നാൽ നിലവിലുള്ള നിക്ഷേപങ്ങൾക്ക് പലിശ ഉയർത്തുന്നില്ല. എന്തുകൊണ്ട്. ബാങ്ക് ഇടപാടുകാർക്കുള്ള സംശയമാണിത്. ബാങ്കുകൾ പ്രധാനമായും രണ്ടു രീതിയിലുള്ള പലിശ നിരക്കുകളാണ് വായ്പാ ഇടപാടുകാർക്ക് നൽകുന്നത്. ഒന്ന്, ഫ്ലോട്ടിങ് നിരക്ക് (floating rate). മറ്റൊന്ന്, ഫിക്സഡ് നിരക്ക് (Fixed rate). ഫിക്സഡ് നിരക്കാണെങ്കിൽ വായ്പയുടെ മുഴുവൻ കാലാവധി വരെയോ അല്ലെങ്കിൽ കരാറിൽ നിശ്ചയിട്ടുള്ള ഇടവേളകളിലോ മാത്രമേ, വായ്പാ പലിശയിൽ മാറ്റം വരുത്തൂ. അതും മുൻ നിശ്ചയപ്രകാരമുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രം. എന്നാൽ ഫ്ലോട്ടിങ് നിരക്കാണെങ്കിൽ, സാമ്പത്തിക രംഗത്ത് വരുന്ന മാറ്റങ്ങൾക്കു അനുസൃതമായി നിരക്കിൽ മാറ്റം വരും.

ഏതെങ്കിലും ഒരു പ്രധാനപ്പെട്ട സാമ്പത്തിക നിരക്കുമായി (external benchmark) ബന്ധപ്പെടുത്തിയാണ് ബാങ്കുകൾ ഫ്ലോട്ടിങ് നിരക്കുകൾ നിശ്ചയിക്കുക. ഇന്ന് ഇന്ത്യയിൽ ഫ്ലോട്ടിങ് നിരക്കുകൾ നിശ്ചയിക്കുന്നത് പ്രധാനമായും റീപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയാണ്. അതിനാലാണ് റിപ്പോ നിരക്കിൽ ഉയർച്ച ഉണ്ടാകുമ്പോൾ ഉടനെ നിലവിലുള്ള ഫ്ലോട്ടിങ് നിരക്ക് വായ്പകൾക്ക് പലിശ ഉയരുന്നത്. ഈ രീതി അനുസരിച്ച് റിപ്പോ നിരക്ക് താഴുമ്പോൾ പലിശ കുറയുകയും ചെയ്യും. ഇവിടെ ഓർക്കേണ്ട കാര്യം വായ്പാ കരാറിൽ ഇക്കാര്യം ഇടപാടുകാർ സമ്മതിച്ചിട്ടുള്ളതാണെന്നതാണ്. 

1468438883

എന്നാൽ കാലാവധി നിക്ഷേപത്തിന്റെ കരാറനുസരിച്ച് ഇങ്ങനെ പലിശ നിരക്കിൽ മാറ്റം വരുത്തുവാൻ പാടില്ല. ഒന്ന്, വായ്പയിലെന്ന പോലെ റീപ്പോ പോലുള്ള ഏതെങ്കിലും ബെഞ്ച്മാർക്കുമായി ബന്ധപ്പെടുത്തിയല്ല ഇന്ന് ഇന്ത്യയിൽ പൊതുവെ നിക്ഷേപ പലിശ നിശ്ചയിക്കുന്നത്. അത് സ്ഥിരമാണ് അഥവാ ഫിക്സഡ് ആണ്. അതിനാൽ റീപ്പോ നിരക്ക് കുറഞ്ഞാലും നിക്ഷേപത്തിന്റെ കാലാവധി കഴിയുന്നത് വരെ മുൻ നിശ്ചയിച്ച പലിശ നൽകണം.

അതുകൊണ്ടുതന്നെ, റിപ്പോ ഉയർന്നാലും നിലവിലുള്ള നിക്ഷേപത്തിന് പലിശ ഉയരില്ല. റിപ്പോ നിരക്ക് ഉയർന്ന്, വായ്പാ നിരക്കുകൾ ഉയരുന്നത് അനുസരിച്ച് ഫണ്ടിന്റെ കോസ്റ്റ് (cost of fund) വർദ്ധിക്കും. അപ്പോൾ ബാങ്കുകൾക്ക് നിക്ഷേപം ലഭിക്കാനായി ഉയർന്ന നിരക്കുകൾ നൽകേണ്ടിവരും. അങ്ങനെ വരുമ്പോൾ ബാങ്കുകൾ പുതിയതായി സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് കൂടിയ പലിശ നൽകും.

ഇപ്പോഴത്തെ നിക്ഷേപങ്ങൾക്ക് ബാങ്കു നൽകുന്ന ഉയർന്ന പലിശ ലഭിക്കണമെങ്കിൽ നിങ്ങളുടെ നിലവിലുള്ള നിക്ഷേപങ്ങൾ പുതിയ നിരക്കിലേക്കു പുതുക്കിയിടാം. എന്നാൽ ഇങ്ങനെ പുതിക്കിയിടുന്നതിന് ബാങ്കുകൾക്ക് ചില നിബന്ധനകൾ ഉണ്ട്. നിശ്ചിത ചാർജ് ഈടാക്കുകയും ചെയ്യും. അതിനാൽ ഇത്തരം ഫീസ് കൂടി കണക്കിലെടുത്തുവേണം ഇക്കാര്യത്തിൽ ഇടപാടുകാർ തീരുമാനം എടുക്കുവാൻ.

repo

ഫ്ലോട്ടിങ് നിരക്ക് നിക്ഷേപങ്ങൾ

റിസർവ് ബാങ്കിന്റെ നിർദേശങ്ങൾക്ക് വിധേയമായി ഫ്ലോട്ടിങ് നിരക്കുകളിലുള്ള നിക്ഷേപങ്ങളും ഇപ്പോൾ ചില ബാങ്കുകൾ സ്വീകരിക്കുന്നുണ്ട്. മാറുന്ന സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച് നിരക്കുകളിൽ മാറ്റം വേണം എന്ന് ആഗ്രഹിക്കുന്ന ഇടപാടുകാർക്ക് ഇത്തരം നിക്ഷേപങ്ങൾ അനുയോജ്യമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com