ADVERTISEMENT

തിരുവനന്തപുരം∙ ഭരണസമിതിക്ക് മൂന്നുതവണയിൽ കൂടുതൽ തുടരാനാകില്ലെന്ന് സഹകരണ നിയമത്തിൽ മാറ്റം കൊണ്ടുവന്നതിനു പിന്നാലെ സഹകരണബാങ്ക് ജീവനക്കാരുടെ പ്രവർത്തനത്തിലും നിയന്ത്രണം കൊണ്ടുവരുന്നു.  ഇതിനായി സഹകരണ നിയമത്തി (80)ന്റെ അനുബന്ധമായി വരുന്ന സഹകരണബാങ്കുകളുടെ ക്ലാസിഫിക്കേഷൻ വ്യവസ്ഥകൾ പുനർനിർണയിക്കും. സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷൻ അനുസരിച്ചാണ് ജീവനക്കാരുടെ തസ്തികയുടെ എണ്ണവും ശമ്പള സ്കെയിലും നിശ്ചയിക്കുക. 

നിലവിൽ ബാങ്കുകളുടെ പ്രവർത്തന മൂലധനം, വായ്പ, നിക്ഷേപം തുടങ്ങി ബാങ്കിന്റെ സാമ്പത്തികകാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ക്ലാസിഫിക്കേഷൻ. നിക്ഷേപത്തിലും മൂലധനത്തിലും നിശ്ചിത വർധന വരുത്തുന്നതുകൂടാതെ ഓഡിറ്റിങ്ങിലെ കണ്ടെത്തലുകൾ, റിപ്പോർട്ട് ചെയ്ത ക്രമക്കേടുകൾ, ബാങ്കിന്റെ വീഴ്ചകൾ തുടങ്ങിയവ കൂടി ഉൾപ്പെടുത്തി ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങൾ പുനർനിർണയിക്കും. സഹകരണ നിയമത്തി(80)ന്റെ അനുബന്ധം (മൂന്ന്) ആയാണ് ഇൗ ക്ലാസിഫിക്കേഷൻ വ്യവസ്ഥകൾ വരുന്നതെന്നതിനാൽ യഥാസമയം സർക്കാരിനു പുനർനിർണയം നടത്താനാകും. എല്ലാ 3 വർഷം കൂടുമ്പോഴും പുനർനിർണയം നടത്തണമെന്നാണു വ്യവസ്ഥ. എന്നാൽ 2012ന് ശേഷം ഇതുവരെ പുനർനിർണയം നടന്നിട്ടില്ല. 

മാനദണ്ഡങ്ങൾ പാലിക്കുന്നതനുസരിച്ച് സൂപ്പർ ഗ്രേഡ്, സ്പെഷൽ ഗ്രേഡ്, ക്ലാസ്–5 മുതൽ ക്ലാസ് 1 വരെ എന്നിങ്ങനെയാണ് തരംതിരിക്കുന്നത്. ബാങ്കുകളുടെ ഇൗ ഗ്രേഡ് അനുസരിച്ചാണ് ജീവനക്കാരുടെ തസ്തികയുടെ എണ്ണവും ശമ്പള സ്െകയിലും നിശ്ചയിക്കുക.  

സാമ്പത്തിക വളർച്ചയില്ലായ്മയ്ക്ക് പുറമേ  ഓഡിറ്റിൽ പാളിച്ചകൾ കണ്ടെത്തിയാലും നിലവിലുള്ള ഗ്രേഡിൽ നിന്നു താഴേക്ക് പോകും.  ജീവനക്കാരുടെ എണ്ണത്തിലും ശമ്പള സ്കെയിലിലും ഇതോടെ കുറവ് വരും. നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ പ്രാബല്യത്തിലാക്കും. ഇതോടെ ഭരണസമിതിക്ക് പിന്നാലെ ജീവനക്കാരിലും പിടിമുറുക്കി സഹകരണമേഖലയിലെ പേരുദോഷം മാറ്റാനാണു ശ്രമം.

കേരള ബാങ്കിന്റെയും റേറ്റിങ്
സഹകരണബാങ്കുകളുടെ റേറ്റിങ് നിശ്ചയിക്കാൻ കേരള ബാങ്കും. ബാങ്കുകളുടെ പ്രകടനം അടിസ്ഥാനമാക്കിയാകും റേറ്റിങ് നിശ്ചയിക്കുന്നത്. ഈ റേറ്റിങ് സഹകരണ വകുപ്പിൽ നിന്ന് ബാങ്കുകൾക്ക് ലഭിക്കുന്ന സഹായങ്ങളെയോ ബാങ്കുകളുടെ പ്രവർത്തനത്തെയോ ബാധിക്കില്ല. കേരള ബാങ്കിന് സഹകരണ ബാങ്കുകളുമായുള്ള ഇടപാടുകൾക്ക് കൂടുതൽ കൃത്യത വരുത്തുന്നതിനു വേണ്ടിയാണിത്. 

English Summary:

Control over the work of co-operative bank employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com