കൊട്ടക് മഹീന്ദ്ര ബാങ്കിന് എന്തുപറ്റി? ഉപഭോക്താക്കൾ എന്തുചെയ്യണം?
Mail This Article
ഏപ്രിൽ 24 ന് റിസർവ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്കിനു കുറെയേറെ നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. ഓൺലൈനായും, മൊബൈൽ ബാങ്കിങ് വഴിയും പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് റിസർവ് ബാങ്ക് തടഞ്ഞു. പുതിയ ക്രെഡിറ്റ് കാർഡുകൾ ഇഷ്യൂ ചെയ്യുന്നതിലും കൊട്ടക് ബാങ്കിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
റിസർവ് ബാങ്കിന്റെ നടപടി എന്തിന്?
ഐടി ഇൻവെന്ററി മാനേജ്മെന്റ്, യൂസർ ആക്സസ് മാനേജ്മെന്റ്, വെണ്ടർ റിസ്ക് മാനേജ്മെന്റ്, ഡാറ്റ സെക്യൂരിറ്റി എന്നീ മേഖലകളിൽ ഗുരുതരമായ പോരായ്മകളും, റിസർവ് ബാങ്ക് നിർദേശിക്കുന്ന കാര്യങ്ങൾ അനുസരിക്കാത്തതിനാലുമാണ് കൊട്ടക് മഹീന്ദ്ര ബാങ്കിനെ കർശനമായി നിയന്ത്രിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. പ്രശ്നമുള്ള മേഖലകളിൽ കൂടുതൽ സൗകര്യങ്ങൾ വേണമെന്നും ഡാറ്റ സെക്യൂരിറ്റി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വിലയിരുത്തി 2022, 2023 വർഷങ്ങളിൽ റിസർവ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്കിന് കത്തയച്ചിരുന്നു. എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്ക് ഒന്നും തന്നെ ചെയ്തില്ലെന്ന് റിസർവ് ബാങ്ക് വിലയിരുത്തിയ ശേഷമാണ് ഇപ്പോൾ പുതിയ ഉപഭോക്താക്കളെ ഓൺലൈൻ ആയി ചേർക്കേണ്ട എന്ന നിബന്ധന കൊണ്ട് വന്നിരിക്കുന്നത്.
ബാങ്കുകളുടെ പ്രവർത്തനങ്ങളെ നിരീക്ഷിച്ച് റിസർവ് ബാങ്ക് നടപടികൾ ആദ്യം ശുപാർശ ചെയ്യാറുണ്ട്. എന്നിട്ടും അതിനോട് പ്രതികരിച്ചില്ലെങ്കിലാണ് റിസർവ് ബാങ്ക് കർശന നടപടികളിലേക്ക് കടക്കുന്നത്. പേടിഎം പേയ്മെന്റ്റ് ബാങ്കിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. 2020ൽ എച്ച്ഡിഎഫ്സി ബാങ്കിനും റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഡിജിറ്റൽ സേവനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ബാങ്കുകൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.
ഉപഭോക്താക്കളെ ബാധിക്കുമോ?
നിലവിലുള്ള ഉപഭോക്താക്കളെ റിസർവ് ബാങ്കിന്റെ ഈ നിയന്ത്രണങ്ങൾ ബാധിക്കില്ല. എന്നാൽ അടുത്ത പാദങ്ങളിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ലാഭത്തെ ബാധിച്ചേക്കാം. ഒരു വർഷത്തെ കണക്കുകൾ നോക്കിയാൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികൾ 16 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. വരും പാദങ്ങളിലും ഓഹരി വിലയെ ബാധിക്കാനിടയുണ്ട്. ചില ബ്രോക്കറേജുകൾ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികളുടെ റേറ്റിംഗ് കുറച്ചിട്ടുണ്ടെങ്കിലും വരും പാദങ്ങളിലെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും തീരുമാനമെടുക്കുക. പുതിയ ഉപഭോക്താക്കൾക്ക് ഓൺലൈൻ ആയി കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അക്കൗണ്ട് തുറക്കാൻ സാധിച്ചില്ലെങ്കിലും ബാങ്ക് ശാഖകളിൽ നേരിട്ട് പോയാൽ അതിനുള്ള സൗകര്യങ്ങൾ ഉണ്ടാകും.