ധനലക്ഷ്മി ബാങ്കിന്റെ ലാഭത്തിൽ മികച്ച വർധന; കിട്ടാക്കടവും താഴേക്ക്, ഓഹരികളിൽ തിളക്കം
Mail This Article
തൃശൂർ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്ക് (Dhanlaxmi Bank) നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ രേഖപ്പെടുത്തിയത് മികച്ച ലാഭവളർച്ച. മുൻവർഷത്തെ സമാനപാദത്തിലെ 23.16 കോടി രൂപയിൽ നിന്ന് 11.4% ഉയർന്ന് 25.81 കോടി രൂപയായാണ് വളർച്ച. നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ബാങ്ക് നേരിട്ടത് 8 കോടി രൂപയുടെ നഷ്ടമായിരുന്നു. വരുമാനം (total income) 327.43 കോടി രൂപയിൽ നിന്ന് 16.25% മെച്ചപ്പെട്ട് 380.64 കോടി രൂപയായി. റീറ്റെയ്ൽ ബാങ്കിങ് ശ്രേണിയിൽ നിന്നുള്ള വരുമാനം 173.45 കോടി രൂപയിൽ നിന്ന് 26.6% ഉയർന്ന് 219.6 കോടി രൂപയിലുമെത്തി.
ആസ്തി നിലവാരം മെച്ചപ്പെടുന്നു, കിട്ടാക്കടം താഴേക്ക്
ധനലക്ഷ്മി ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി (GNPA) മുൻവർഷത്തെ സമാനപാദത്തിലെ 5.36 ശതമാനത്തിൽ നിന്ന് 3.82 ശതമാനത്തിലേക്ക് കുറഞ്ഞു. ജൂൺപാദത്തിൽ ഇത് 4.04% ആയിരുന്നു. അറ്റ നിഷ്ക്രിയ ആസ്തി (NNPA) 1.29 ശതമാനത്തിൽ നിന്ന് കുറഞ്ഞ് 1.12% ആയതും നേട്ടമാണ്. 1.26% ആയിരുന്നു ജൂൺപാദത്തിൽ. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതവും (CAR) 13.06% എന്ന മെച്ചപ്പെട്ട നിരക്കിലാണുള്ളത്. കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ ഇത് 12.23 ശതമാനവും ഇക്കുറി ജൂൺപാദത്തിൽ 13.37 ശതമാനവുമായിരുന്നു.
പ്രവർത്തന മാർജിൻ (operating margin) അഥവാ പ്രവർത്തനക്ഷമതയുടെ നിലവാരത്തിന്റെ അളവുകോൽ 5.38 ശതമാനത്തിൽ നിന്ന് 8.70 ശതമാനത്തിലേക്ക് ഉയർന്നതും നേട്ടമാണ്. അറ്റ ലാഭ മാർജിൻ (net profit margin) പക്ഷേ 7.07 ശതമാനമായിരുന്നത് കഴിഞ്ഞപാദത്തിൽ 6.78 ശതമാനമായി. അതേസമയം, ഇക്കഴിഞ്ഞ ജൂൺപാദത്തിൽ ഇത് രണ്ടും നെഗറ്റീവായിരുന്നിടത്തു നിന്നാണ് കഴിഞ്ഞപാദത്തിൽ മികച്ച നിലവാരത്തിലേക്ക് മെച്ചപ്പെട്ടത്.
ഓഹരികളിൽ ഉന്മേഷം
മെച്ചപ്പെട്ട പ്രവർത്തനഫലം പുറത്തുവിട്ടതിന് പിന്നാലെ ധനലക്ഷ്മി ബാങ്കിന്റെ ഓഹരികൾ ഇന്നലെ മികച്ച നേട്ടമുണ്ടാക്കി. ഒരുവേള 6 ശതമാനത്തോളം ഉയർന്ന് 38.25 രൂപ വരെ എത്തിയ ഓഹരിവില, വ്യാപാരാന്ത്യത്തിലുള്ളത് 3.36% നേട്ടവുമായി 37.19 രൂപയിൽ. 940.95 കോടി രൂപയാണ് ബാങ്കിന്റെ വിപണിമൂല്യം (market cap).
കഴിഞ്ഞ 5 വർഷത്തിനിടെ നിക്ഷേപകർക്ക് 160 ശതമാനവും ഒരുവർഷത്തിനിടെ 28 ശതമാനവും നേട്ടം (return) ധനലക്ഷ്മി ബാങ്ക് ഓഹരികൾ സമ്മാനിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരിവില 2% കുറയുകയും ചെയ്തു.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)