ഉച്ചയ്ക്കുശേഷം ടോപ് ഗിയറിൽ; 200% കടന്ന് ഹ്യുണ്ടായ് ഐപിഒ അപേക്ഷകൾ, ജിഎംപി വെറും 14 രൂപ
Mail This Article
ആദ്യ രണ്ടുദിവസങ്ങളിലെ ആലസ്യത്തിന് ബ്രേക്കിട്ട് അവസാനദിവസം നിക്ഷേപകർ ഉഷാറായതോടെ ലക്ഷ്യം കൈവരിച്ച് ഹ്യുണ്ടായ് ഐപിഒ. 27,870 കോടി രൂപ ഉന്നമിട്ട് നടത്തിയ ഐപിഒ ഇന്ന് ഉച്ചകടന്നതോടെ 236% സബ്സ്ക്രിപ്ഷൻ നേടി. ഇന്ന് ഉച്ചവരെ 50 ശതമാനം മാത്രമായിരുന്നു സബ്സ്ക്രിപ്ഷൻ അഥവാ ഓഹരിക്കുള്ള അപേക്ഷകൾ.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഈമാസം 15ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ തുടക്കമിട്ടത്. 2022 മേയിൽ എൽഐസി നടത്തിയ 21,000 കോടി രൂപയുടെ റെക്കോർഡ് പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഇനി പഴങ്കഥ. ഇന്ന് ഉച്ചയ്ക്ക് 1.50 വരെയുള്ള കണക്കുപ്രകാരം യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങളിൽ (ക്യുഐബി) 6.97 മടങ്ങ് അപേക്ഷളെത്തി. അതായത്, ഇവർക്കായി നീക്കിവച്ച ഓഹരികളേക്കാൾ 6.97 മടങ്ങ് അധികം അപേക്ഷകൾ. സ്ഥാപനേതര നിക്ഷേപകരിൽ (എൻഐഐ) നിന്ന് ലഭിച്ചത് 0.60% മാത്രം അപേക്ഷകളാണ്. ചെറുകിട (റീറ്റെയ്ൽ) നിക്ഷേപകരിൽ നിന്ന് ലഭിച്ചത് 0.49% മാത്രവും. ഇന്ന് വൈകിട്ട് ഐപിഒയ്ക്ക് തിരശീല വീഴുന്നതോടെ ഈ കണക്കുകൾ കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷകൾ.
അതേസമയം, ഹ്യുണ്ടായ് ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം (ജിഎംപി) ഒരു ശതമാനത്തിലും താഴെയാണെന്നത് നിക്ഷേപകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വെറും 14 രൂപയാണ് ഇപ്പോൾ ജിഎംപി. ഒക്ടോബർ 22ന് ഹ്യുണ്ടായ് ഓഹരികൾ ലിസ്റ്റ് ചെയ്യുമ്പോഴുള്ള നേട്ടം നാമമാത്രമായിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 1,960 രൂപയാണ് ഐപിഒയിലെ ഉയർന്ന വില. 14 രൂപ ജിഎംപിയും കൂടിച്ചേരുമ്പോൾ ലിസ്റ്റിങ് വില പ്രതീക്ഷിക്കുന്നത് 1,974 രൂപ മാത്രം.