പഞ്ചാബിനു മുന്നിൽ മുട്ടുമടക്കി, മോദി സ്റ്റേഡിയത്തിൽ തോൽവിയോടെ തുടങ്ങി ഗുജറാത്ത് ടൈറ്റൻസ്

Mail This Article
ഗുജറാത്ത്∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺ തോൽവിയോടെ തുടങ്ങി ശുഭ്മൻ ഗില്ലും ഗുജറാത്ത് ടൈറ്റൻസും. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 11 റൺസ് വിജയമാണ് പഞ്ചാബ് നേടിയത്. പഞ്ചാബ് ഉയര്‍ത്തിയ 244 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 232 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. മറുപടി ബാറ്റിങ്ങിൽ 41 പന്തിൽ 74 റൺസെടുത്ത ഓപ്പണിങ് ബാറ്റർ സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. 33 പന്തിൽ 54 റൺസടിച്ച് ജോസ് ബട്‍ലറും അർധ സെഞ്ചറി തികച്ചു.
സായ് സുദർശനും ക്യാപ്റ്റൻ ഗില്ലും ചേർന്ന് 61 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് ഗുജറാത്തിനായി പടുത്തുയര്‍ത്തിയത്. പക്ഷേ പവർപ്ലേ തീരുംമുൻപേ ഈ കൂട്ടുകെട്ട് പൊളിക്കാൻ പഞ്ചാബിനു സാധിച്ചു. ആറാം ഓവറിലെ അഞ്ചാം പന്തിൽ ശുഭ്മൻ ഗില്ലിനെ (33) മാക്സ്‌വെല്‍ പുറത്താക്കി. ഗുജറാത്ത് ജഴ്സിയിൽ ആദ്യ മത്സരം കളിക്കുന്ന ജോസ് ബട്‍ലറും തകർത്തടിച്ചു. സ്കോർ 145 ൽ നിൽക്കെ സായ് സുദർശനെ പഞ്ചാബ് വീഴ്ത്തി. അർഷ്ദീപ് സിങ്ങിന്റെ പന്തിൽ ശശാങ്ക് സിങ് ക്യാച്ചെടുത്ത് സുദർശനെ പുറത്താക്കുകയായിരുന്നു. ജോസ് ബട്‌ലറെ മാർകോ യാൻസൻ പുറത്താക്കിയതു കളിയിൽ വഴിത്തിരിവായി.
അവസാന ഓവറില്‍ 27 റൺസായിരുന്നു ഗുജറാത്തിനു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാല്‍ അർഷ്ദീപ് സിങ്ങിന്റെ ആദ്യ പന്തിൽ രാഹുൽ തെവാത്തിയ (ആറ്) റൺ ഔട്ടായി. 28 പന്തിൽ 44 റണ്‍സെടുത്ത ഷെർഫെയ്ന്‍ റുഥർഫോർഡ് അവസാന ഓവറിൽ ബോൾഡായി. ഇതോടെ ഗുജറാത്ത് 232 റൺസിലൊതുങ്ങി. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ പഞ്ചാബ് പേസർ വിജയകുമാർ വൈശാഖിന്റെ ഓവറുകൾ ഗുജറാത്ത് ബാറ്റർമാരെ പ്രതിരോധത്തിലാക്കി. മൂന്നോവറുകൾ പന്തെറിഞ്ഞ താരം ആദ്യ രണ്ടോവറുകളിൽ 10 റൺസ് മാത്രമാണു വഴങ്ങിയത്. പഞ്ചാബിനായി അർഷ്ദീപ് സിങ് രണ്ടും മാർകോ യാൻസൻ, ഗ്ലെൻ മാക്സ്‌വെൽ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തു. 42 പന്തുകൾ നേരിട്ട പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഒൻപതു സിക്സുകളും അഞ്ച് ഫോറുകളുമുൾപ്പടെ 97 റൺസെടുത്തു പുറത്താകാതെ നിന്നു. 16 പന്തുകളിൽനിന്ന് ശശാങ്ക് സിങ് 44 റൺസെടുത്തു. പഞ്ചാബ് ഓപ്പണര്‍ പ്രിയാൻഷ് ആര്യ 23 പന്തിൽ 47 റൺസെടുത്തു പുറത്തായി. സ്കോർ 28ൽ നിൽക്കെ ഓപ്പണർ പ്രബ്സിമ്രൻ സിങ്ങിനെ പഞ്ചാബിനു നഷ്ടമായി. കഗിസോ റബാദയുടെ പന്തിൽ അർഷദ് ഖാൻ ക്യാച്ചെടുത്താണ് പഞ്ചാബ് ഓപ്പണറെ പുറത്താക്കിയത്. പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ കളത്തിലിറങ്ങിയതോടെ കളി മാറി. പ്രിയാൻഷ് ആര്യയും അയ്യരും ചേർന്ന് പവർപ്ലേ ഓവറുകളിൽ അടിച്ചത് 73 റണ്‍സ്. തൊട്ടുപിന്നാലെ പ്രിയാൻഷിനെ സ്പിന്നർ റാഷിദ് ഖാൻ സായ് സുദർശന്റെ കൈകളിലെത്തിച്ചു.
ഒരു ഭാഗത്തു ശ്രേയസ് അയ്യർ നിൽക്കുമ്പോഴും മറുഭാഗത്തു തുടർച്ചയായി വിക്കറ്റുകൾ വീണതാണ് മധ്യ ഓവറുകളിൽ പഞ്ചാബിനു തിരിച്ചടിയായത്. സ്കോർ 105ൽ നിൽക്കെ അസ്മത്തുല്ല ഒമർസായിയെയും (15 പന്തിൽ 16), ഗ്ലെൻ മാക്സ്‍വെല്ലിനെയും പുറത്താക്കി സ്പിന്നർ സായ് കിഷോർ പഞ്ചാബിനെ ഞെട്ടിച്ചു. 20 റൺസെടുത്ത മാർകസ് സ്റ്റോയ്നിസിനെയും സായ് കിഷോർ വീഴ്ത്തി. 27 പന്തുകളിലാണ് ശ്രേയസ് അര്‍ധ സെഞ്ചറിയിലെത്തിയത്. വൈകാതെ ബാറ്റിങ്ങിലെ ഗിയർ മാറ്റിയ അയ്യർ തുടര്‍ച്ചയായി സിക്സറുകള്‍ പായിച്ചു. പ്രസിദ്ധ് കൃഷ്ണയുടെ 17–ാം ഓവറിൽ മൂന്നു സിക്സറുകളും ഒരു ഫോറുമാണ് അയ്യർ ബൗണ്ടറി കടത്തിയത്. അവസാന 30 പന്തുകളിൽ 87 റൺസാണ് ശ്രേയസ് അയ്യരും ശശാങ്ക് സിങ്ങും ചേർന്ന് അടിച്ചു കൂട്ടിയത്. എന്നാൽ മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിൽ അഞ്ച് ഫോറുകൾ പായിച്ച ശശാങ്ക്, ശ്രേയസിനെ സെഞ്ചറി തികയ്ക്കാൻ ‘അനുവദിച്ചില്ല’. സ്ട്രൈക്ക് ലഭിക്കാതിരുന്ന അയ്യർക്ക് 97 ല്‍ ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു.