20% കുതിച്ച് ടിസിഎം ഓഹരി; സർ സി.വി. രാമൻ കൊച്ചിയിൽ സ്ഥാപിച്ച കമ്പനി, കരുത്തായി പുതിയ ഓർഡർ
Mail This Article
കൊച്ചി ആസ്ഥാനമായ ടിസിഎം ലിമിറ്റഡിന്റെ (പഴയ ട്രാവൻകൂർ കെമിക്കൽ മാനുഫാക്ചറിങ് കമ്പനി) ഓഹരി വില ഇന്ന് ബിഎസ്ഇയിൽ 20 ശതമാനം കുതിച്ച് അപ്പർ-സർക്യൂട്ടിൽ 73.38 രൂപയിലെത്തി. കഴിഞ്ഞ 52-ആഴ്ചയിലെ ഏറ്റവും ഉയരമാണിത്. 54.87 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. കഴിഞ്ഞ 4 വർഷത്തിനിടെ നിക്ഷേപകർക്ക് 50 ശതമാനത്തോളം നേട്ടം സമ്മാനിക്കാൻ ടിസിഎം ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 54 ശതമാനമാണ് കഴിഞ്ഞ ഒരുവർഷത്തെ നേട്ടം. കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരിവില 63 ശതമാനവും ഉയർന്നു. ഈ വർഷം ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയ 39.26 രൂപയായിരുന്നു 52-ആഴ്ചയിലെ താഴ്ച.
നൊബേൽ ജേതാവ് സർ സി.വി. രാമൻ, ഡോ.പി. കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് 1943ൽ കൊച്ചിയിൽ സ്ഥാപിച്ച കമ്പനിയാണിത്. 1996ലാണ് ടിസിഎം ലിമിറ്റഡ് എന്ന് പേര് മാറ്റിയത്. തുടക്കം കെമിക്കൽ ഉൽപന്നങ്ങളുടെ നിർമാണത്തിലായിരുന്നു.
പിന്നീട് ഹെൽത്ത്കെയർ (ചികിത്സാ, രോഗനിർണയ ഉപകരണങ്ങളുടെ നിർമാണം), സൗരോർജം, ഓട്ടമോട്ടിവ് ഘടകങ്ങളുടെ നിർമാണം, അക്വകൾച്ചർ (മത്സ്യക്കൃഷി), രാജ്യാന്തര വാണിജ്യം (പെട്രോളിയം ഉൽപന്നങ്ങൾ, വളം, കാർഷികോൽപന്നങ്ങൾ, മത്സ്യം, മാംസം, ധാന്യം, പയർ വർഗങ്ങൾ), ടെക്നോളജി വിദ്യാഭ്യാസം, കാലിത്തീറ്റ ഉൽപാദനം എന്നീ മേഖലകളിലേക്കും കടന്നു. കേരളത്തിന് പുറമേ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ കമ്പനിക്ക് നിർമാണശാലകളുണ്ട്. നടപ്പുവർഷം (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 5.31 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 1.08 കോടി രൂപ നഷ്ടവും രേഖപ്പെടുത്തി.
കരുത്തായി മഹീന്ദ്രയുടെ ഓർഡർ
നിലവിൽ ക്ലബ് മഹീന്ദ്രയുടെ മഹീന്ദ്ര ഹോളിഡേയ്സ് ആൻഡ് റിസോർട്ട്സിൽ നിന്ന് ലഭിച്ച 37.89 ലക്ഷം രൂപയുടെ ഓർഡറിന്റെ പശ്ചാത്തലത്തിലാണ് ഓഹരികളുടെ മുന്നേറ്റം. ക്ലബ് മഹീന്ദ്രയുടെ ചേർത്തല അരൂക്കുറ്റി വടുതലയിലുള്ള മഹീന്ദ്ര ഹോളിഡേയ്സ് ആൻഡ് റിസോർട്ട്സിൽ 90 കിലോവാട്ട്സ് പീക്ക് (90 KWp) ഉൽപാദനശേഷിയുള്ള സോളർ പവർ പ്ലാന്റ് രൂപകൽപന ചെയ്ത് സ്ഥാപിക്കാനുള്ള കരാറാണ് ലഭിച്ചതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച കത്തിൽ കമ്പനി വ്യക്തമാക്കി.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)