ADVERTISEMENT

ആഭരണ പ്രണയികളെ നിരാശയിലേക്ക് നയിച്ച് സ്വർണവില വീണ്ടും അനുദിനം റെക്കോർഡ് തകർത്തുള്ള കുതിപ്പ് തുടങ്ങി. കേരളത്തിൽ ഇന്നലെ കുറിച്ച റെക്കോർഡ് ഇന്ന് പഴങ്കഥയായി. ഗ്രാമിന് 20 രൂപ വർധിച്ച് 7,160 രൂപയാണ് വില. 160 രൂപ ഉയർന്ന് പവൻ വില 57,280 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 15 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 5,915 രൂപയായി. വെള്ളി വില ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ ഗ്രാമിന് 98 രൂപയിൽ തന്നെ തുടരുന്നു.

സ്വർണാഭരണങ്ങളുടെ വിലക്കുതിപ്പ് വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങുന്നവർക്കാണ് കനത്ത തിരിച്ചടി. രണ്ടുപവന്റെ താലിമാല പോലും വാങ്ങണമെങ്കിൽ നികുതിയും പണിക്കൂലിയും ഹോൾമാർക്ക് ചാർജും ചേർത്ത് ഒന്നേകാൽ ലക്ഷം രൂപയെങ്കിലുമാകും. വാങ്ങുന്നത് 5 പവന്റെ താലിമാലയാണെങ്കിൽ വില മൂന്നുലക്ഷം രൂപയും കടക്കും.

gold-new7

ഇത് പണിക്കൂലി മിനിമം 5% മാത്രം കണക്കാക്കിയുള്ള വിലയാണ്. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചില ജ്വല്ലറികൾ മിനിമം 10 ശതമാനമാകും ഈടാക്കുക. ബ്രാൻഡഡ് ജ്വല്ലറികളിൽ ഇത് 20-30 ശതമാനവുമൊക്കെയാകാം. ചിലർ ഓഫറുകളുടെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. മൂന്ന് ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. 45 രൂപയും അതിന്റെ 18 ശതമാനവുമാണ് ഹോൾമാർക്ക് (HUID) ചാർജ്.

18 കാരറ്റും കുതിപ്പിൽ
 

22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ വില കുറവാണെന്നത് ഏറെക്കാലം മുമ്പുവരെ 18 കാരറ്റ് സ്വർണത്തിലേക്ക് ഉപഭോക്താക്കളെ ആകർഷിച്ചിരുന്നു. ഇന്നും 22 കാരറ്റ് സ്വർണം ഗ്രാമിന് 7,160 രൂപയും 18 കാരറ്റ് സ്വർണം ഗ്രാമിന് 5,915 രൂപയുമാണ് വില. എന്നാൽ, 18 കാരറ്റും റെക്കോർഡ് തകർത്തുള്ള മുന്നേറ്റത്തിലാണെന്നതാണ് നിരാശ പടർത്തുന്നത്. ലൈറ്റ്‍വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങളും വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ്.

സ്വർണം വീണ്ടും വിലക്കുതിപ്പിന്റെ വണ്ടിയിൽ
 

രാജ്യാന്തര സ്വർണവില കഴിഞ്ഞമാസം രേഖപ്പെടുത്തിയ സർവകാല റെക്കോർഡായ ഔൺസിന് 2,685 ഡോളറിന്  അടുത്തെത്തിയിട്ടുണ്ട്. ഒരുവേള 2,684 ഡോളർ വരെ ഉയർന്നശേഷം ഇപ്പോൾ വ്യാപാരം നടക്കുന്നത് 2,677 ഡോളറിൽ. ഈ മുന്നേറ്റമാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്.

Image : iStock/Gam1983
Image : iStock/Gam1983

ലോകത്തെ ഒന്നാം നമ്പർ സമ്പദ്ശക്തിയായ അമേരിക്കയുടെ സാമ്പത്തികരംഗം നേരിടുന്ന മാന്ദ്യക്കാറ്റാണ് സ്വർണത്തിന് അനുകൂലമാകുന്നത്. അമേരിക്കയുടെ മാനുഫാക്ചറിങ് മേഖലയുടെ വളർച്ചാസൂചിക ഈ മാസം നെഗറ്റീവിലേക്ക് ഇടിഞ്ഞു. സെപ്റ്റംബറിലെ 11.5ൽ നിന്ന് നെഗറ്റീവ് 11.4ലേക്കാണ് ഇടിവ്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇതോടെ അടിസ്ഥാന പലിശനിരക്കുകൾ വീണ്ടും കുറയ്ക്കാനുള്ള സാധ്യത കൂടിയത് സ്വർണ വിലക്കുതിപ്പിന് വളമായി. പലിശനിരക്കിൽ 0.25% ഇളവിന് സാധ്യതയുണ്ടെന്ന് 96% സർവേകളും വിലയിരുത്തുന്നു. 4% സർവേകളുടെ പ്രതീക്ഷ 0.50% ഇളവുണ്ടാകുമെന്നാണ്.

പലിശയും സ്വർണവും തമ്മിലെന്ത്?
 

യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചാൽ‌ ആനുപാതികമായി യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി യീൽഡ്) കുറയും. ഡോളറും ദുർബലമാകും. നിക്ഷേപകർ മികച്ച നേട്ടം ആശിച്ച് അതോടെ സ്വർണനിക്ഷേപ പദ്ധതികളിലേക്ക് ചുവടുമാറ്റും. ഇത് വില വർധന സൃഷ്ടിക്കും. യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും സുരക്ഷിത നിക്ഷേപം എന്ന പെരുമ സ്വർണത്തിന് നൽകാറുണ്ടെന്നതും വില വർധനയുടെ ആക്കംകൂട്ടും. യുഎസ് കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയും മധ്യേഷ്യയിലെ സംഘർഷവും സ്വർണത്തിന് കരുത്താവുകയാണ്. 

രാജ്യാന്തര വിലയുടെ അടുത്ത ലക്ഷ്യം 2,700 ഡോളറായിരിക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്. അങ്ങനെയെങ്കിൽ കേരളത്തിൽ ഇനിയും വില മുന്നേറും. അതേസമയം, രാജ്യാന്തരതലത്തിൽ ലാഭമെടുപ്പ് സമ്മർദ്ദമുണ്ടായാൽ തൽകാലത്തേക്ക് വിലക്കുതിപ്പിന് വിരാമമാകും. ചെറിയ ചാഞ്ചാട്ടവും പ്രതീക്ഷിക്കാമെങ്കിലും വില കുത്തനെ കുറയാനുള്ള സാധ്യത വിരളമാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സ്വർണം വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.

English Summary:

Gold price hits new high in Kerala today. This article provides an update on the rising gold prices in Kerala, impacting those purchasing jewelry. It details the current rates for both 22-karat and 18-karat gold, explores the reasons behind the surge, including international factors, and offers insights into what consumers should consider before investing in gold.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com