സ്വർണവിലയെ വീഴ്ത്തി 'അമേരിക്കൻ ചുഴലി'; പവൻവില 59,000 രൂപയ്ക്ക് താഴെ
Mail This Article
ആഭരണപ്രേമികൾക്ക് ആശ്വാസം പകർന്ന് ഇന്നും സ്വർണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് വില 58,960 രൂപയായി. 15 രൂപ കുറഞ്ഞ് 7,370 രൂപയാണ് ഗ്രാം വില. ഒക്ടോബർ 31ന് പവൻ 59,640 രൂപയും ഗ്രാമിന് 7,455 രൂപയും എന്ന എക്കാലത്തെയും ഉയരം രേഖപ്പെടുത്തിയിരുന്നു. തുടർന്നു പക്ഷേ, ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും താഴ്ന്നു. ഇതോടെ രണ്ടുദിവസത്തിനിടെ പവന് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞ് 6,075 രൂപയായി. വെള്ളി വില ഗ്രാമിന് 103 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
സ്വർണത്തിന് 'അമേരിക്കൻ' തിരിച്ചടി
വ്യാഴാഴ്ച ഔൺസിന് 2,790 ഡോളർ എന്ന സർവകാല റെക്കോർഡിന് അടുത്തെത്തിയ രാജ്യാന്തര വില ഇന്നലെയും ഇന്നുമായി വൻ ക്ഷീണത്തിലാണുള്ളത്. ഇന്നലെ 2,738 ഡോളറിലേക്ക് കൂപ്പുകുത്തിയ വില ഇന്നൊരുവേള 2,733 ഡോളറിലേക്ക് താഴ്ന്നു. 2,736 ഡോളറിലാണ് നിലവിൽ വ്യാപാരം. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ ചലനങ്ങളാണ് സ്വർണവിലയെ ഇപ്പോൾ പ്രധാനമായും സ്വാധീനിക്കുന്നത്.
സ്വർണവിലയെ താഴേക്ക് നയിച്ച മുഖ്യകാരണങ്ങൾ ഇങ്ങനെ:
1) പുതിയ തൊഴിലവസരം: യുഎസിൽ കഴിഞ്ഞമാസം പുതുതായി 2.54 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നായിരുന്നു ആദ്യ പ്രതീക്ഷ. പിന്നീട് പ്രതീക്ഷ 2.23 ലക്ഷത്തിലേക്ക് താഴ്ത്തി. എന്നാൽ, സൃഷ്ടിക്കപ്പെട്ടത് 12,000 തൊഴിലവസരങ്ങൾ മാത്രം. യുഎസ് സമ്പദ്‍വ്യവസ്ഥയിൽ മാന്ദ്യമുണ്ടെന്ന സൂചന ഇതു നൽകുന്നു. ഹെലേൻ, മിൽട്ടൺ ചുഴലിക്കാറ്റുകൾ നാശംവിതച്ചത് പുതിയ തൊഴിലവസരങ്ങളെ ബാധിച്ചു.
2) പലിശ കുറയും: യുഎസിൽ റീറ്റെയ്ൽ പണപ്പെരുപ്പം 2.1 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവിന്റെ നിയന്ത്രണപരിധിയായ 2 ശതമാനത്തിന് തൊട്ടടുത്തായി. അതുകൊണ്ട്, ഡിസംബറിലെ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയേറി.
3) പലിശ കുറയുക 0.25%: ഡിസംബറിൽ അടിസ്ഥാന പലിശനിരക്ക് 0.25% കുറയാൻ 100% സാധ്യതയാണ് നിലവിൽ കൽപിക്കുന്നത്. പുതിയ തൊഴിലവസരക്കണക്ക് പുറത്തുവരുംമുമ്പ് ഇത് 91 ശതമാനമായിരുന്നു.
4) ബോണ്ടും ഡോളറും കുതിക്കുന്നു: പലിശനിരക്ക് കുറയുമെന്നുണ്ടായാൽ സാധാരണ ബോണ്ടും ഡോളറും കിതയ്ക്കേണ്ടതാണ്. എന്നാൽ, പലിശനിരക്കിൽ പരമാവധി 0.25% ഇളവിനേ സാധ്യതയുള്ളൂ എന്ന് കരുതുന്നതിനാൽ ബോണ്ടും (യുഎസ് സർക്കാരിന്റെ കടപ്പത്രം) ഡോളറും മുന്നേറ്റത്തിലായി. യുഎസ് 10-വർഷ ട്രഷറി യീൽഡ് 0.102% ഉയർന്ന് 4.386 ശതമാനത്തിലെത്തി. യൂറോ, യെൻ തുടങ്ങി ലോകത്തെ 6 മുൻനിര കറന്‍സികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 0.33% ഉയർന്ന് 104.32 ആയി. ഇതോടെ, സ്വർണവില തളരുകയായിരുന്നു.
5) ഇറാൻ-ഇസ്രയേൽ സംഘർഷം: ഇസ്രയേലിനെ ആക്രമിക്കുമെന്ന സൂചന ഇറാനും തിരിച്ചടിക്കുമെന്ന സൂചന ഇസ്രയേലും നൽകിയിട്ടുണ്ട്. യുദ്ധം ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയും പണപ്പെരുപ്പം കൂടാനിടയാക്കുന്നതുമാണ്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താകും യുഎസ് കേന്ദ്രബാങ്കിന്റെ തുടർ പലിശനയ നിർണയം. ഇതും സ്വർണവിലയ്ക്കുമേൽ സമ്മർദ്ദമാകുന്നു.
പവന് ഇന്നത്തെ വാങ്ങൽ വില
മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുന്നതാണ് സ്വർണാഭരണത്തിന്റെ വാങ്ങൽവില. പണിക്കൂലി ആഭരണത്തിന്റെ രൂപകൽപനയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5% പണിക്കൂലി കണക്കാക്കായിൽ ഇന്നൊരു പവൻ ആഭരണത്തിന് കേരളത്തിൽ നൽകേണ്ട വില 63,820 രൂപ. ഒരു ഗ്രാം ആഭരണത്തിന് 7,977 രൂപയും. റെക്കോർഡ് വിലയായിരുന്ന വ്യാഴാഴ്ച സ്വർണം വാങ്ങിയവരേക്കാൾ പവന് 735 രൂപയും ഗ്രാമിന് 92 രൂപയും കുറവാണിത്.