കളറായി ഇന്ത്യയുടെ ഐപിഒ പൂരം; 2021ന്റെ റെക്കോർഡ് തകർത്ത് 2024, ഇനി വരുന്നത് സ്വിഗ്ഗി ഉൾപ്പെടെ പ്രമുഖർ
Mail This Article
ഇന്ത്യയിലെ 'ഐപിഒ പൂരം' കലങ്ങിയില്ല, നല്ല കളർഫുൾ ആയതേയുള്ളൂ എന്ന് കണക്കുകൾ. 2024ൽ ഇതുവരെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) വഴി സമാഹരിക്കപ്പെട്ടത് 1.22 ലക്ഷം കോടി രൂപയാണ്. 2021ൽ സമാഹരിച്ച 1.18 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ഇനി പഴങ്കഥ. ഏറ്റവും ഉയർന്ന ഐപിഒ സമാഹരണം നടന്ന മാസമെന്ന റെക്കോർഡ് 2021 നവംബറിനെ പിന്തള്ളി 2024 ഒക്ടോബർ പിടിച്ചെടുത്തു. 38,700 കോടി രൂപയാണ് കഴിഞ്ഞമാസം ഐപിഒ വിപണിയിലൊഴുകിയത്. 2021 നവംബറിൽ 35,664 കോടി രൂപയായിരുന്നു. ഹ്യുണ്ടായിയുടെ 27,870 കോടി രൂപയുടെ റെക്കോർഡ് ഐപിഒയാണ് ഒക്ടോബറിൽ കരുത്തായത്.
മിന്നിത്തിളങ്ങി സംവത്-2080
ഉത്തരേന്ത്യൻ ഹൈന്ദവ കലണ്ടർപ്രകാരമുള്ള സംവത്-2080 വർഷത്തിലും ഐപിഒ വിപണി രേഖപ്പെടുത്തിയത് റെക്കോർഡ്. ഒക്ടോബർ 31ന് സമാപിച്ച സംവത്-2080ൽ 1.13 ലക്ഷം കോടി രൂപയുടെ ഐപിഒ സമാഹരണമാണ് നടന്നത്. നവംബർ ഒന്നിന് ആരംഭിച്ച സംവത്-2081ൽ 1.3 ലക്ഷം കോടി രൂപയുടെ സമാഹരണമുണ്ടായേക്കുമെന്ന് കരുതുന്നു. സംയോജിതമായി 48,425 കോടി രൂപ സമാഹരിക്കാൻ ഇതിനകം 29 കമ്പനികൾക്ക് സെബിയുടെ അനുമതി കിട്ടിക്കഴിഞ്ഞു. 59 കമ്പനികൾ അനുമതി കാത്തുനിൽക്കുന്നു. ഇവ സംയോജിതമായി 80,408 കോടി രൂപയും സമാഹരിച്ചേക്കും.
കാത്തിരിക്കുന്നത് ശ്രദ്ധേയ ഐപിഒകൾ
ഐപിഒ നടത്താൻ നിരവധി കമ്പനികളാണ് വരുംനാളുകളിലായി അണിനിരക്കുന്നത്. നവംബർ 6 മുതൽ എട്ടുവരെയാണ് സ്വിഗ്ഗി ഐപിഒ. കമ്പനിയുടെ ലക്ഷ്യം 11,327 കോടി രൂപയുടെ സമാഹരണം. ഇഷ്യൂ വില (പ്രൈസ്ബാൻഡ്) 371-390 രൂപ. നവംബർ 5ന് ആരംഭിക്കുന്ന സജിലിറ്റി ഇന്ത്യയുടെ ഐപിഒ ലക്ഷ്യമിടുന്നത് 2,107 കോടി രൂപ. ഇഷ്യൂവില 28-30 രൂപ.
നവംബർ 5 മുതൽ 8 വരെയാണ് ആക്മെ സോളർ ഹോൾഡിങ്സ് ഐപിഒ. ലക്ഷ്യം 2,900 കോടി രൂപ. ഇഷ്യൂ വില 275-389 രൂപ. ഇൻഷ്വറൻസ് കമ്പനിയായ നിവ ബുപ ഹെൽത്ത്കെയറിന്റെ ഐപിഒ നവംബർ 7 മുതൽ 11 വരെ. ലക്ഷ്യം 2,200 കോടി രൂപ. പ്രൈസ്ബാൻഡ് കമ്പനി പിന്നീട് പ്രഖ്യാപിക്കും. എൻടിപിസി ഗ്രീൻ എനർജി, എൻഎസ്ഇ, നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി (എൻഎസ്ഡിഎൽ), വിശാൽ മെഗാമാർട്ട്, എച്ച്ഡിബി ഫിനാൻഷ്യൽ തുടങ്ങി നിരവധി കമ്പനികളും ഐപിഒയ്ക്കായുള്ള ഒരുക്കത്തിലാണ്.