ADVERTISEMENT

ഭക്ഷണത്തിലും, ജീവിത രീതിയിലും, നിലപാടുകളിലും വ്യത്യസ്തത പുലർത്തുന്ന നാടാണ് ജപ്പാൻ. ഉദാഹരണത്തിന് ലോകം മുഴുവൻ പലിശ നിരക്കുകൾ ഉയർത്തി പണപ്പെരുപ്പത്തെ നേരിടാൻ നോക്കുമ്പോൾ ജപ്പാൻ സമ്പദ് വ്യവസ്ഥ നിരക്കുകൾ ഉയർത്താൻ തയ്യാറല്ല. പണനയം കർശനമാക്കുന്ന പാശ്ചാത്യ കേന്ദ്ര ബാങ്കുകളും, ജപ്പാനും തമ്മിൽ പണനയ നിലപാടുകളിലെ വ്യത്യാസമാണ് ഇതിന് കാരണം. നെഗറ്റിവ് പലിശ നിരക്ക് തന്നെ ജപ്പാൻ ബാങ്കുകളിൽ ഇനിയും തുടരും. അതായത് നമ്മുടെ പണം ബാങ്കുകളിൽ സൂക്ഷിക്കാൻ അങ്ങോട്ട് പണം നൽകേണ്ട അവസ്ഥ നിലനിൽക്കുമെന്നർത്ഥം. സമ്പദ് വ്യവസ്ഥയിൽ പണ ലഭ്യത കുറച്ചാൽ ഇനിയും ഡിമാൻഡ് കുറയുമോയെന്നും ഭരണാധികാരികൾ ഭയപ്പെടുന്നുണ്ടാകാം. കാരണം വയസായികൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ഡിമാൻഡ് വളർച്ച നിരക്ക് നിലവിൽ തന്നെ കുറവാണ്. ഇതോടൊപ്പം ഉൽപ്പാദനം കുറയുന്നതും, കടം കൂടുന്നതും, യെന്നിന്റെ മൂല്യം ഡോളറിനെതിരെ ഇടിയുന്നതും ജപ്പാൻ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്‌.

സാമ്പത്തിക പാക്കേജ് 

അമേരിക്കൻ ഡോളർ ലോകത്തിലെ എല്ലാ കറൻസികളെയും കടത്തിവെട്ടി അജയ്യനായി മുന്നേറ്റം തുടരുകയാണ്. പല രാജ്യങ്ങളും ഡോളറിന്റെ പോക്കിനെ പിടിച്ചു കെട്ടാനുള്ള തന്ത്രങ്ങൾക്ക് അണിയറയിൽ രൂപം കൊടുക്കുന്നുണ്ട്. ജപ്പാന്റെ യെന്നും ഡോളറിനെതിരെ 1990 കൾക്ക് ശേഷമുള്ള വലിയ തകർച്ചയിലാണ്. യെൻ ഡോളറിനെതിരെ ഇനിയും താഴുമെന്ന പ്രവചനകളുണ്ട്. ജപ്പാനിൽ പണപ്പെരുപ്പവും ഉയരുകയാണ്. എന്നാൽ ജപ്പാന്റെ കേന്ദ്ര ബാങ്ക് മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടേതുപോലെ  പലിശ നിരക്ക് ഉയർത്താൻ തയാറല്ല. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ 200 ബില്യൺ ഡോളറിന്റെ പദ്ധതികൾക്കാണ് ജപ്പാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

japan4

∙ഗാർഹിക വൈദ്യുതി ബില്‍ 20 ശതമാനമെങ്കിലും വെട്ടിക്കുറയ്ക്കുന്ന തരത്തിലുള്ള സബ്‌സിഡികൾ നൽകുക 

∙നവജാത ശിശുക്കളുള്ള കുടുംബങ്ങൾക്ക് കൂപ്പണുകൾ നൽകുക 

∙രാജ്യത്തെ പെട്രോൾ വില നിയന്ത്രിക്കുന്നതിന് സബ്‌സിഡികൾ നൽകുക എന്നിവയെല്ലാം പുതിയ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി അവതരിപ്പിക്കും.

japan2

പണപ്പെരുപ്പം എങ്ങനെയും പിടിച്ചുകെട്ടി ജനങ്ങളെ സഹായിക്കാനുള്ള നടപടികളുടെ ഭാഗമായാണ്  ഇവയെല്ലാം നടപ്പിലാക്കുന്നത്. എന്നാൽ 3 ശതമാനം മാത്രം പണപ്പെരുപ്പമുള്ളപ്പോൾ ഇത്രമാത്രം സബ്സിഡി കൊടുക്കുന്നതിനെ റേറ്റിങ് ഏജൻസികൾ വിമർശിക്കുന്നുണ്ട്.

വാർധക്യ പ്രതിസന്ധി 

നല്ലൊരു ശതമാനം ജനങ്ങൾക്കും പ്രായമാകുന്നത് സമ്പദ് വ്യവസ്ഥയില്‍ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ജപ്പാൻ ഈ ഒരു പ്രതിസന്ധി മൂലം റാങ്കിങ്ങിൽ പിന്തള്ളപ്പെടുമോയെന്ന സംശയവും പല സാമ്പത്തിക വിദഗ്ധരും പങ്കുവെക്കുന്നുണ്ട്. 

japan1

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ജപ്പാനിലെ  29 ശതമാനം ആളുകളും 65 വയസ്സിന് മുകളിലുള്ളവരാണ്. 2030 ആകുമ്പോഴേക്കും, ഓരോ മൂന്നിൽ ഒരാൾക്ക് 65 വയസോ അതിൽ കൂടുതലോ പ്രായമുണ്ടാകും. അഞ്ചിൽ ഒരാൾക്ക് 75 വയസ്സിനു മുകളിലുമായിരിക്കും പ്രായം. .  യുദ്ധാനന്തര കാലഘട്ടത്തിൽ സാമ്പത്തിക വളർച്ചയുടെ ഉയർന്ന നിരക്കും കുടുംബ, സാമൂഹിക ഘടനകളിലെ മാറ്റങ്ങളും കാരണം ജനസംഖ്യ ക്രമാതീതമായി കുറഞ്ഞത് ജപ്പാന് ഇപ്പോൾ തിരിച്ചടിയായിരിക്കുകയാണ്. ആരോഗ്യ രംഗത്തെ പുരോഗതിയും, ഭക്ഷണ രീതികളിലെ പ്രത്യേകതകളും കാരണം  ആയുർദൈർഘ്യം 84 വയസായതും സമ്പദ് വ്യവസ്ഥക്ക് ബാധ്യതയാകുകയാണ്

ജപ്പാനിലെ യുവജനതക്ക് വിവാഹത്തിൽ താല്പര്യമില്ലാത്തതും കുട്ടികളുണ്ടാകാൻ താല്പര്യമില്ലാത്തതും പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയാണ്. ചുരുക്കി പറഞ്ഞാൽ  നിലവിലുള്ള വാർധക്യ പ്രതിസന്ധിയും, ആയുർദൈർഘ്യം കൂടുന്നതും, ജനസംഖ്യ വളർച്ച കുറയുന്നതുമാണ് ജപ്പാൻ ഇപ്പോൾ നേരിടുന്ന വലിയ പ്രതിസന്ധി. 

കടമുയരുന്നു 

വികസിത സമ്പദ് വ്യവസ്ഥകളിൽ ഏറ്റവും കൂടുതൽ കടമുള്ളത് ജപ്പാനാണ്. 

japan

ജനങ്ങൾക്ക് പ്രായമാകുന്നതോടെ ഉൽപ്പാദനക്ഷമത കുറയുന്നതും, സാമൂഹ്യ സുരക്ഷാ പദ്ധതികൾ കൂട്ടേണ്ടി വരുന്നതും, സമ്പദ് വ്യവസ്ഥയെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. തൊഴിലാളി ക്ഷാമം കൂടുന്നത് മോട്ടോർ വാഹന വ്യവസായത്തെയും, ഇലക്ട്രോണിക് വ്യവസായത്തെയും തളർച്ചയിലേക്കു നയിക്കുമെന്ന നിഗമനങ്ങളുണ്ട്‌. ജൂൺ  2022 ലെ കണക്കുകൾ പ്രകാരം ജപ്പാന്റെ കടം ജി ഡി പിയുടെ 266 ശതമാനമാണ്. ജി ഡി പി വളർച്ചയില്ലാത്തതാണ് കടത്തെ ഫലപ്രദമായി കുറച്ചു കൊണ്ട് വരാൻ ജപ്പാന് സാധിക്കാത്തതിന് ഒരു കാരണം. 

ഇന്ത്യ ജപ്പാനെ പിന്തള്ളുമോ? 

ലോകമെമ്പാടും മാന്ദ്യത്തിന്റെ പ്രശ്നങ്ങളാണെങ്കിലും ഇന്ത്യൻ ഓഹരി വിപണിയും സമ്പദ് വ്യവസ്ഥയും പ്രശ്നങ്ങളില്ലാതെ മുന്നേറുകയാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഈ രീതിയിൽ വളരുകയാണെങ്കിൽ  ജർമനിയെ 2027 ലും, ജപ്പാനെ 2029 ലും പിന്തള്ളുമെന്നാണ് എസ് ബി ഐയുടെ സാമ്പത്തിക ഗവേഷണ വിഭാഗത്തിന്റെ പ്രവചനം. അതിവേഗം വളരുന്ന ഉപഭോക്‌തൃ വിപണിയും, വൻകിട വ്യാവസായിക മേഖലയും, വളരുന്ന ജനസംഖ്യ, സാങ്കേതിക മേഖലയിൽ പരിജ്ഞാനം കൂടുതലുള്ള യുവ ജനത, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്  കുറഞ്ഞ ജീവിത ചെലവ് ഇവയെല്ലാം കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നുണ്ട്. മാന്ദ്യ കാലഘട്ടത്തിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ വളർച്ച നിരക്ക് കൂടുതലായിരിക്കുമെന്ന രാജ്യാന്തര ഏജൻസിയുടെ പ്രവചനങ്ങളും ഇന്ത്യയെ മാന്ദ്യം അത്ര കണ്ടു ബാധിക്കില്ല എന്ന പ്രവചനങ്ങളും സമ്പദ് വ്യവസ്ഥയുടെ ശക്തി കാണിക്കുന്നുണ്ട്. നിലവിലുള്ള പ്രശ്നങ്ങൾക്കിടയിലും വളരുന്നതാണ് ഇന്ത്യയെ സമാനതകളില്ലാത്ത സമ്പദ് വ്യവസ്ഥയായി നിലനിർത്തുന്നത്. 

യെൻ കുത്തനെ കുറയുകയും പണപ്പെരുപ്പം കുതിച്ചുയരുകയും ചെയ്യുന്നുണ്ടെങ്കിലും,  ജപ്പാന്റെ സാമ്പത്തിക സാഹചര്യങ്ങൾ നിരക്ക് ഉയർത്താത്തത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന കാഴ്ചപ്പാടിലാണ് ലോകം. എല്ലാരും പലിശ നിരക്കുകൾ ഉയർത്തുമ്പോഴും ജപ്പാൻ നിരക്ക് ഉയർത്താതെ നിൽക്കുന്നത് ഭരണാധികാരികൾക്ക് ജപ്പാൻ സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസം കാരണമാണെന്ന് വിദഗ്ധർ പറയുന്നു. കടം കുറക്കാനും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുമുള്ള പുതിയ സാമ്പത്തിക പാക്കേജ് ജപ്പാനെ രക്ഷിക്കുമോയെന്ന് കാലം കാണിച്ചു തരും.

English Summary : Japanese Population is Aging

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com