ഇനി പിടിക്കും നാലിരട്ടി നികുതി! വിദേശയാത്ര ചെലവ് കുതിച്ചുയരും
Mail This Article
നിങ്ങൾ വിദേശ ടൂറിനു പോകുകയാണോ? എങ്കിൽ അറിയുക. നിങ്ങൾ ഇനി മുതൽ 20% അധിക തുക ഇതിനായി കരുതേണ്ടി വരും. അതായത് ഇനി ആറു ലക്ഷം രൂപ അയച്ചാലേ അഞ്ചു ലക്ഷം രൂപയുടെ കാര്യം വിദേശത്ത് നടത്താനാകൂ.
കാരണം വിദേശത്തേക്ക് പണമയയ്ക്കുമ്പോൾ പിടിച്ചിരുന്ന ടിസിഎസ്(ടാക്സ് കലക്ടഡ് അറ്റ് സോഴ്സ്) സംബന്ധിച്ച നിബന്ധനകൾ ജൂലൈ ഒന്നു മുതൽ പാടെ മാറുകയാണ്.
വിദേശ സഞ്ചാരത്തിനായി അയയ്ക്കുന്ന മുഴുവൻ പണത്തിനും ഇനി 20 % ടിസിഎസ് പിടിക്കും. ഇതുവരെ 5% നിരക്കിൽ പിടിച്ചിരുന്ന ടിസിഎസ് ജൂലൈ ഒന്നു മുതൽ 20 % ആയി കുതിച്ചുയരും. അതായത് നിലവിൽ രണ്ടു ലക്ഷം രൂപ അയച്ചാൽ 10,000 രൂപ പിടിക്കുന്ന സ്ഥാനത്ത് ഇനി മുതൽ 40,000 രൂപ പിടിക്കും എന്നർത്ഥം.
നിയന്ത്രണം വേണം
മാത്രമല്ല വിദേശത്തു വരാവുന്ന ചെലവുകളും ഷോപ്പിങ്ങും അടക്കം കാര്യമായി നിയന്ത്രിച്ചില്ലെങ്കിൽ പോക്കറ്റിൽ നിന്ന് നികുതിയിനത്തിൽ വീണ്ടും വലിയ തുക പോകും എന്നതും ഓർക്കണം. കാരണം നിങ്ങളുടെ ഡെബിറ്റ്–ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വിദേശത്തു നടത്തുന്ന ഇടപാടുകൾക്കും നാലിരിട്ടി തുക നികുതിയായി നൽകേണ്ടി വരും. അതായത് 5നു പകരം 20% നിരക്കിൽ ടിസിഎസ് പിടിക്കും.
നിലവിൽ ഏഴു ലക്ഷം രൂപവരെയുള്ള കാർഡ് ഇടപാടുകളെ ടിസിഎസിൽ നിന്ന് ഒഴിവാക്കിയത് അതുപോലെ തന്നെ തുടരും എന്നത് സാധാരണക്കാർക്ക് ആശ്വാസമാണ്. എന്നാൽ ഏഴു ലക്ഷം രൂപ എന്ന പരിധി കടന്നാൽ നിരക്ക് 20% ആയി കുതിച്ചുയരും.
വിദേശ സന്ദർശനം ഏർപ്പാടാക്കുന്ന ഏതൊരു പദ്ധതിയും ടൂർ പാക്കേജാകുമെന്നതിനാൽ ടിസിഎസ് ബാധകമാകും. അതായത് വിദേശ യാത്ര, താമസം അതുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾ എല്ലാം ഇതിൽ ഉൾപ്പെടുമെന്നാണ് ടാക്സ് വിദഗ്ധർ പറയുന്നത്. നിങ്ങൾ ട്രാവൽ ഏജൻസിക്കോ പാക്കേജ് സംഘടിപ്പിക്കുന്നവർക്കോ പണം നൽകിയാൽ അപ്പോൾ തന്നെ അവർ അതിൽ നിന്നും 20 ശതമാനം പിടിക്കുകയും സർക്കാരിലേയ്ക്ക് അടയക്കുകയും വേണം. അതായത് അഞ്ചു ലക്ഷം രൂപയാണ് വേണ്ടതെങ്കിൽ ആറു ലക്ഷം രൂപ അടയ്ക്കണം. ഇന്ത്യൻ രൂപ നൽകി നികുതിയിൽ നിന്നും രക്ഷപെടാനും ആകില്ല. ഇന്ത്യയിൽ നിന്ന് അയയ്ക്കുന്ന ഏതു കറൻസിയ്ക്കും ടിസിഎസ് ബാധകമാണ്.
ഇനി പാൻ ഇല്ലാത്ത വ്യക്തിയാണ് നിങ്ങളെങ്കിൽ നികുതി നിരക്ക് 20നു പകരം 40% ആയിരിക്കും. എന്നാൽ പാൻ നമ്പർ നിൽകിയിട്ടുണ്ടെങ്കിൽ ടിസിഎസ് ആയി പിടിക്കുന്ന മുഴുവൻ തുകയ്ക്കും നിങ്ങൾക്ക് ടാക്സ് ക്രെഡിറ്റ് ലഭിക്കും. മാത്രമല്ല നിങ്ങളുടെ ഫോം 26 ൽ ഈ തുക കാണിക്കുകയും ചെയ്യും. ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നിങ്ങളുടെ മൊത്തം നികുതി ബാധ്യതയിൽ നിന്നും ഇതു തട്ടിക്കിഴിക്കാൻ അവസരം കിട്ടും. അർഹതയുണ്ടെങ്കിൽ റീ ഫണ്ടും നേടാം.