ADVERTISEMENT

വലിയ ഹൃദയഭാരത്തോടെയാണ് അയാൾ ഞാൻ ജോലിചെയ്യുന്ന കലാലയത്തിലേക്ക് കടന്നുവന്നത്. പത്രത്തിൽവന്ന എന്റെ ഒരു സാമ്പത്തികലേഖനത്തിന്റെ കട്ടിങ്ങുമായാണ് അയാൾ എന്നെ അന്വേഷിച്ചെത്തിയത്. അതിൽ അദ്ദേഹത്തിന്റെ ജീവിതകഥയാണ് ഞാൻ എഴുതിയത് എന്നാണ് പറഞ്ഞത്.  ഞാൻ ആകട്ടെ അയാളെ ആദ്യമായാണ് കാണുന്നത്.

അയാൾ സ്വന്തം കഥ പറഞ്ഞുതുടങ്ങി. അയാൾ വലിയ ബിസിനസുകാരൻ   ആയിരുന്നു. അതിന്റെ പ്രൗഢിയിയിൽത്തന്നെ വീട് പണിയാൻ തുടങ്ങി. അതിനായി നാൽപതു ലക്ഷത്തിന്റെ ചിട്ടിയും ആരംഭിച്ചിരുന്നു. തുടക്കത്തിൽ കൈയ്യിൽ ഉണ്ടായിരുന്ന പണംകൊണ്ട് പണി ആരംഭിച്ചു. ബാങ്കിൽ നിന്ന് എഴുപത്തഞ്ചു ലക്ഷം ഹോം ലോൺ ലഭിച്ചു. പണിയുടെ അവസാന സ്റ്റേജിൽ ചിട്ടിപിടിക്കാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഉദ്ദേശിച്ച സമയത്തു ചിട്ടിപണം കിട്ടിയില്ല. കിട്ടുമ്പോൾ തിരിച്ചുകൊടുക്കാമല്ലോ എന്നുകരുതി പലരുടെ കൈയിൽനിന്നു പലിശക്ക് കടംവാങ്ങി. എന്നാൽ നിർമാണരംഗത്തുണ്ടായ ചില തടസങ്ങൾമൂലം വീടുപണി നീണ്ടുപോയി. ഇതിനിടയിൽ ചിട്ടിയുടമ മുങ്ങി. വീടുപണി നിർത്തിവക്കേണ്ടിവന്നു. കടക്കാർ ഓരോരുത്തരായി നിരന്തരം ശല്യപ്പെടുത്തി. മറ്റു പലരിൽനിന്നും പണം വാങ്ങി പലിശയെങ്കിലും കൊടുത്തപ്പോൾ പുതിയ കടങ്ങൾ ഉണ്ടായി. ഇതിനിടയിൽ ബിസിനസ്സിലും ശ്രദ്ധകുറവുമൂലം  തിരിച്ചടിയായി. ആകെ ബുദ്ധിമുട്ടിൽ ആയി. ബാങ്ക് തിരിച്ചടവുകളും മുടങ്ങി അവസാനം വീട് ബാങ്കുകാർ കൊണ്ടുപോകുമെന്ന അവസ്ഥയായി. നിൽക്കക്കള്ളിയില്ലാതെ ഞാൻ നാട്ടിൽനിന്നും മുങ്ങി ഗൾഫിലേക്കു പോകുവാനുള്ള പരിശ്രമത്തിലാണ്. അയാൾ കഥ പറഞ്ഞു നിർത്തി 

home-new

സമ്പത്തിന്റെ പ്രകടനപരത  

അപ്രതീക്ഷിത രോഗങ്ങളോ അപകടങ്ങളോ ഒഴികെ ഇന്ന് കുടുംബങ്ങളെ കടക്കണിയിൽ ആക്കുന്നത് പ്രദർശന മനോഭാവത്തിൽകൂടിയാണ്. ഹാർവി ലിവിങ്സ്റ്റൺ എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ വളരെ മനോഹരമായി ബാൻഡ് വാഗൻ, സ്‌നോബ് , വെബ്ലൻ എന്നീ മൂന്ന് എഫക്ടുകളായി പ്രകടനപരതയെ ചിത്രീകരിക്കുന്നു. മറ്റുള്ളവർക്ക് ഒക്കെ ഉള്ളതുകൊണ്ട് എനിക്കും വേണമെന്ന് ബാൻഡ് വാഗൻ ഇഫക്ട് പറയുമ്പോൾ മറ്റുള്ളവർക്ക് ആർക്കും ഇല്ലാത്തതുകൊണ്ട് എനിക്ക് വേണം എന്നതാണ് സ്‌നോബ് ഇഫക്റ്റു പറയുന്നത്. താരതമ്യേന വിലകുറഞ്ഞ വസ്തുക്കൾ ലഭ്യമാകുമ്പോഴും വിലയേറിയതിന്റെ പിന്നാലെ പോകുന്ന വെബ്ലൻ ഇഫക്റ്റും കൂടിയാകുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്നു. വീട് പണിയുടെ കാര്യത്തിൽ ഈ മൂന്ന് എഫക്റ്റും പരസ്പരം മത്സരിക്കുമ്പോൾ പ്രകടനപരാത്മകതയും പ്രദർശനമനോഭാവവും വലുതായി സംഭവിക്കുന്നു.

ബാർട്ടർ ഇക്കോണമിയിൽനിന്ന് ഡിജിറ്റൽ ഇക്കോണമിയിലേക്ക്  

ലോണെടുത്ത് വീട് പണിയണോ? പലരും എന്നോട് ഉന്നയിച്ചിട്ടുള്ള ചോദ്യമാണിത്.  വസ്തുക്കൾക്ക് പകരം വസ്തുക്കൾ കൈമാറിയിരുന്ന ബാർട്ടർ രീതിയിൽനിന്ന് പണവിനിമയ സമ്പ്രദായത്തിലേക്കും തുടർന്ന് ക്രെഡിറ്റ് ഇക്കോണമിയിലേക്കും നമ്മൾ മാറി. ഈ ഡിജിറ്റൽ കറൻസി യുഗത്തിൽ ലോണുകളുടെ സാധ്യതകളും വളർച്ചയുമാണ് ഇക്കണോമിയെ ഏറെ ചലനാത്മകമാക്കുന്നത്. അതിനാൽതന്നെ പലതരത്തിലുള്ള വായ്പകൾ എടുക്കുവാൻ എല്ലാവരെയും പ്രേരിപ്പിക്കുകയുമാണ്. 

home-13-

വായ്പ എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

1.     ഉൽപാദനക്ഷമമായ കാര്യങ്ങൾക്കായി മാത്രം വായ്പാ എടുക്കുക.

2.      എന്തിനുവേണ്ടി എടുത്തുവോ അതിനുവേണ്ടി മാത്രം ഉപയോഗിക്കുക.

3.      പൊതുമേഖലയിലും സ്വകാര്യമേഖലയിലും വായ്പാ സംവിധാനങ്ങൾ ഉള്ളതുകൊണ്ട് എവിടെനിന്നാണ് എടുക്കേണ്ടത് എന്ന് കൃത്യമായി അറിഞ്ഞിരിക്കണം.

Home-Loan-EMI-0

4.      വായ്പാ സ്രോതസ്സും വ്യവസ്ഥകളും കൃത്യമായി മനസ്സിലാക്കുക.

5.      മറഞ്ഞിരിക്കുന്ന ചിലവുകൾ, പ്രോസസിങ് ചാർജ് എന്നിവ അറിയുക.

6.     ഫ്ലോട്ടിങ്, ഫ്ലക്സിബിൾ, ഫിക്സഡ് എന്നിങ്ങനെ പലതരം പലിശ നിരക്കുക ളുടെ വ്യത്യാസം അറിഞ്ഞിരിക്കണം.

Home-Loan-EMI

7.      റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കിൽ മാറ്റം വരുന്നതനുസരിച്ച് വായ്പ പലിശയിലും മാറ്റം വരുമെന്നത് ശ്രദ്ധിക്കണം.

8.     എത്ര കാലാവധി സ്വീകരിക്കണമെന്നതും പ്രധാനപ്പെട്ടതാണ്. കാലാവധി കൂടുമ്പോൾ മാസപ്രീമിയം കുറയുമെങ്കിലും പലിശയുടെ തുക വർദ്ധിക്കും.

9.      ബാങ്കുകൾ നിശ്ചയിക്കുന്ന പ്രീമിയത്തേക്കാൾ കുറച്ചു കൂടുതൽ ഇടയ്ക്കിടയ്ക്ക് അടയ്ക്കാൻ ശ്രമിക്കണം.

10.  എത്ര വായ്പ എടുത്താലും ദൈനംദിന ആവശ്യങ്ങൾക്കുള്ള പണം നീക്കിയിരിപ്പുണ്ടോ എന്ന് പരിശോധിക്കണം.

11.   ടോപ്പ് അപ്പ് വായ്പാസംവിധാനങ്ങളുടെ പലിശ നിരക്ക് മനസ്സിലാക്കി  മാത്രമേ എടുക്കാവൂ.

12.   സാധ്യമെങ്കിൽ ഒരു വായ്പ അടച്ച് തീർത്തതിന്ശേഷം മാത്രം  മറ്റൊന്ന് എടുക്കുക. 

ശമ്പളത്തിൽ ജോലിചെയ്യുന്നവർക്ക് വായ്പ എടുക്കാൻ സാധ്യത കൂടുതലുണ്ട്. പിന്നീട് വായ്പ അടച്ചുതീർക്കാൻ വേണ്ടിമാത്രം ജോലി ചെയ്യുന്നവരുമുണ്ട്. ബിസിനസ്സുകാർ പണം ബിസിനസ്സിൽ ചിലവഴിച്ചിട്ടു ലാഭംകൊണ്ട് വാടകയ്ക്ക് ജീവിക്കുന്നതും ഉചിതമാണ്. പക്ഷേ വീട് എന്നത് മലയാളിയുടെ നൊസ്റ്റാൾജിയ ആയതുകൊണ്ട് വായ്പയും സമ്പാദ്യവും ചേർത്ത് വീട് പണിയാം.  

English Summary:

Home Construction and Financial concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com