കുഞ്ഞിനായി ‘എൻപിഎസ് വാത്സല്യ’ യിൽ ഇപ്പോൾ നിക്ഷേപിക്കണോ അതോ കാത്തിരിയ്ക്കണോ?
Mail This Article
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് ‘എൻപിഎസ് വാത്സല്യ’.
പദ്ധതി എന്ത്? എങ്ങനെ?
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ മാതാപിതാക്കൾക്കോ ഗ്രാന്റ് പേരന്റ്സിനോ നിക്ഷേപിക്കാം.
∙ കുട്ടിക്ക് 18 തികയുമ്പോൾ അത് അവരുടെ സ്വന്തം എൻപിഎസ് നിക്ഷേപമായി മാറുകയും റിട്ടയർമെന്റിനായി സമ്പത്ത് സ്വരുക്കൂട്ടുകയും ചെയ്യാം.
∙ സാദാ എൻപിഎസിലെപ്പോലെ ഓഹരി അടക്കമുള്ള വിവിധ നിക്ഷേപ പദ്ധതികൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.
∙ പ്രവാസി ഇന്ത്യക്കാർക്കും കുട്ടികളുടെ പേരിൽ നിക്ഷേപിക്കാം.
∙ വർഷത്തിൽ കുറഞ്ഞത് ആയിരം രൂപ നിക്ഷപിക്കണം. ഉയർന്ന നിക്ഷേപത്തിനു പരിധിയില്ല.
∙ കുട്ടിക്ക് 18 വയസ്സാകുന്നതിനു മുൻപ് മൂന്നു തവണ കുട്ടിയുടെ ആവശ്യങ്ങൾക്കായി പണം ഭാഗികമായി എടുക്കാം. അക്കൗണ്ടിലുള്ള തുകയുടെ 25%വരെ ആണ് പിൻവലിക്കാവുന്നത്.
∙ എൻപിഎസിൽ നിക്ഷേപത്തിനടക്കമുള്ള ചെലവു വളരെ കുറവായതിനാൽ ഇടുന്ന തുകയുടെ പരമാവധി നേട്ടം നിക്ഷേപകർക്കു കിട്ടും.
∙ 80 സിസിഡി (ബി) പ്രകാരം നിക്ഷേപതുകയ്ക്ക് ആദായനികുതി ഇളവ് ലഭിക്കും പഴയ സ്ലാബിലും പുതിയ സ്ലാബിലും. 5–6 പതിറ്റാണ്ടു നീളുന്ന അതിദീർഘമായ കാലയളവിൽ (കുട്ടിക്ക് 60 വയസ്സ് ആകുംവരെ) ഓഹരിയെ ഉപയോഗപ്പെടുത്തി വലിയതോതിൽ സമ്പത്തു വളർത്താം എന്നതാണ് വലിയ മികവായി ഉയർത്തിക്കാട്ടുന്നത്.
നിങ്ങൾ നിക്ഷേപിക്കണോ?
മക്കളുടെ റിട്ടയർമെന്റിനായി നിങ്ങൾ നിക്ഷേപിക്കേണ്ട ആവശ്യമുണ്ടോ എന്നു സ്വയം ചോദിക്കുക. ആ ഉത്തരവാദിത്തം അവർതന്നെ ചെയ്യുന്നതല്ലേ നല്ലത്. നിങ്ങളുടെ ആവശ്യങ്ങൾക്ക്, പ്രത്യേകിച്ച് റിട്ടയർമെന്റിനുശേഷമുള്ള ആവശ്യങ്ങൾക്കുള്ള നിക്ഷേപം ഉറപ്പാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. അതു മാത്രമല്ല കുട്ടികളുടെ പഠനം,വിവാഹം തുടങ്ങിയ നിങ്ങൾ ചെലവാക്കേണ്ട ആവശ്യങ്ങൾക്ക് പണം ഉണ്ടോ എന്നതും ചോദ്യമാണ്. അതെല്ലാം ഉറപ്പാക്കിയിട്ടു മാത്രം മതി കുട്ടിയുടെ റിട്ടയർമെന്റിനായി നിങ്ങൾ നിക്ഷേപിക്കാൻ.
കുട്ടിയുടെ ആവശ്യത്തിനും കിട്ടില്ല
നിങ്ങൾ കുട്ടിയുടെ പേരിൽ എത്ര തുക എൻപിഎസ് വാത്സല്യയിൽ സമാഹരിച്ചാലും അവരുടെ ആവശ്യങ്ങൾക്കുപോലും പണത്തിന് മറ്റു മാർഗങ്ങൾ തേടേണ്ടിവരും. കാരണം എൻപിഎസ് വാത്സല്യ അക്കൗണ്ടിലുള്ള തുകയുടെ 25% മാത്രമേ കുട്ടിയുടെ പഠനം, ചികിത്സപോലുള്ള ആവശ്യങ്ങൾക്കു പോലും പിൻവലിക്കാനാകൂ.
എന്നാൽ ഇതിലെ പിൻവലിക്കൽ ചട്ടങ്ങൾ ലളിതമാക്കുമെന്ന് സൂചനകളുണ്ട്. അതിനാൽ അൽപം കാത്തിരിക്കുന്നതാകും ബുദ്ധി. കുട്ടിയുടെ ആവശ്യത്തിന് ഇഷ്ടാനുസരണം ഉപയോഗിക്കാം എന്നുറപ്പുവരുത്തിയിട്ട് നിക്ഷേപിക്കുന്നതാകും നല്ലത്.
നവംബർ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്