ലേമാന്‍ തകര്‍ച്ച പോലെയല്ല, എവര്‍ ഗ്രാന്‍ഡെ പ്രതിസന്ധി
Mail This Article
കഴിഞ്ഞാഴ്‌ച എവര്‍ഗ്രാന്‍ഡെയുടെ വായ്‌പകള്‍ തിരfച്ചടയ്‌ക്കാനുള്ള ശേഷി സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതു മുതല്‍ നിക്ഷേപകര്‍ ആശങ്കയിലാണ്. 2008 ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച ലേമാന്റെ തകര്‍ച്ച പോലെയാകുമോ ഇത് എന്ന ഭയത്തിലാണ് നിക്ഷേപക സമൂഹം.
ഫോര്‍ച്യൂണ്‍ ഗ്ലോബൽ 500 കമ്പനികളില്‍ 122-ാം സ്ഥാനത്തുള്ള എവര്‍ഗ്രാന്‍ഡെ ചൈനയിലെ രണ്ടാമത്തെ വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് . രണ്ട് ലക്ഷത്തോളം ജീവനക്കാരുള്ള കമ്പനിയുടെ നിലിവിലെ ബാധ്യത 300 ബില്യണ്‍ ഡോളറിനടുത്താണ്. ഒരു വമ്പന്‍ കമ്പനി ആയതു കൊണ്ടു തന്നെ അതിന്റെ തകര്‍ച്ച വന്‍നാശം വിതച്ചേക്കുമെന്ന് എല്ലാവരെയും ആശങ്കപ്പെടുത്തുന്നു. എന്നാലിത് അനാവശ്യമായ ഒരു ഭയം മാത്രമാണ്. മാത്രമല്ല എവര്‍ ഗ്രാന്‍ഡെയുമായി ലേമാനെ ഒരിക്കലും താരതമ്യം ചെയ്യാനും പാടില്ല.
എവര്‍ ഗ്രാന്‍ഡെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്, കമ്പനിയുടെ കൈവശമുള്ള റിയല്‍ എസ്റ്റേറ്റ് ആസ്‌തികളാണ് ഇവരുടെ ബാധ്യതയ്‌ക്ക് അടിസ്ഥാനം. അതേസമയം ലേമാന്‍ ബ്രദേഴ്‌സ് ഒരു സാമ്പത്തിക സേവന സ്ഥാപനമാണ്, അവരുടെ ബാധ്യതക്ക് കാരണം കൈവശമുള്ള സബ്‌പ്രൈം (റേറ്റിങ് കുറഞ്ഞ വായ്‌പ) സാമ്പത്തിക ആസ്‌തികള്‍ ആണ്.
മൂല്യനിര്‍ണ്ണയത്തില്‍ വിപണിയിലെ വലിയ ചാഞ്ചാട്ടങ്ങളെ നേരിടേണ്ടി വരുന്ന സബ്‌പ്രൈം സാമ്പത്തിക ആസ്‌തികളെ പോലെയല്ല റിയല്‍ എസ്‌റ്റേറ്റ് ആസ്‌തികള്‍, ഇതിന്‌് സ്ഥിരതയുണ്ട്. നിലവില്‍ എവര്‍ഗ്രാന്‍ഡെ പണമൊഴുക്കിന്റെ( കാഷ് ഫ്‌ളോ) പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ഒരു സമ്പൂര്‍ണ്ണ പ്രതിസന്ധിയില്‍ അകപ്പെടാതെ ഇത് കൈകാര്യം ചെയ്യാന്‍ കഴിയും.
എന്താണ് എവര്‍ഗ്രാന്‍ഡെ പ്രതിസന്ധിയിലേക്ക് നയിച്ചത്?
ചൈനീസ് ജനതയ്‌ക്കിടയിലുള്ള അസമത്വത്തിന്റെ വിടവ് നികത്തുന്നതിന് 'എല്ലാവര്‍ക്കും സമൃദ്ധി' നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള അടിസ്ഥാന അവശ്യ മേഖലകള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് പ്രാപ്യമാക്കുന്നതിനായി ചൈനീസ് ഭരണകൂടം തുടര്‍ച്ചയായി നടപടികള്‍ സ്വീകരിച്ചു വരികയാണ്.
സാധാരണക്കാര്‍ക്കും പ്രാപ്യമാകുന്ന തരത്തിലേക്ക് റിയല്‍എസ്റ്റേറ്റ് വിപണിയെ കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്, കഴിഞ്ഞ രണ്ട് വര്‍ഷമായി റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വായ്‌പ എടുക്കുന്നതിലും ബാങ്കുകള്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് വായ്‌പ നല്‍കുന്നതിലും റെഗുലേറ്റര്‍ ധാരാളം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
ഈ നിയന്ത്രണങ്ങള്‍ കാരണം റിയൽഎസ്റ്റേറ്റ് മേഖല മന്ദഗതിയിലായി, ഇത് എവര്‍ഗ്രാന്‍ഡെയുടെ വില്‍പ്പന കുറയാന്‍ കാരണമായി. മാത്രമല്ല നിലവിലെ പ്രതിസന്ധിക്ക് കാരണമായ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ബാങ്കുകളില്‍ നിന്ന് പണം കടം വാങ്ങാനും നിയന്ത്രണങ്ങള്‍ കാരണം ഇവര്‍ക്ക് കഴിയുന്നില്ല.
പദ്ധതികള്‍ ഭാഗികമായി പൂര്‍ത്തിയാക്കിയതിനാല്‍ കമ്പനി ഇത് വില്‍ക്കുകയും ബാധ്യതകള്‍ തീര്‍ക്കുകയും ചെയ്യും. ഇത് പണമൊഴുക്കിന്റെ (കാഷ്‌ഫ്‌ളോ) പ്രശ്‌നമാണ്, സര്‍ക്കാരിന്റെയും വായ്‌പ നല്‍കുന്നവരുടെയും പിന്തുണയോടെ ഇതിന് പരിഹാരം കാണാന്‍ കഴിയും.ഇത് നിഷ്‌ക്രിയ ആസ്‌തി ആയി മാറുകയാണെങ്കില്‍ പോലും പ്രധാനമായും ചൈനീസ് ബാങ്കുകളെ ആയിരിക്കും ബാധിക്കുക, ആഗാള സാമ്പത്തിക സംവിധാനത്തിലുള്ള ഇതിന്റെ പ്രത്യാഘാതം വളരെ കുറവായിരിക്കും.
ലേഖകൻ കാപ്സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇക്വിറ്റി റിസര്‍ച്ച് വിഭാഗം മാനേജരാണ്
English Summary : No Need to Compare Evergrande crisis to Lehman Crisis