രണ്ട് വര്‍ഷത്തിന് ശേഷം ഫ്രാങ്ക്‌ളിന്‍ ടെംപിള്ടണില് നിന്നും പുതിയ ഫണ്ട്
.jpg?w=1120&h=583)
Mail This Article
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ സ്‌കീം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ട്. ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടാണ് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ടില്‍ നിന്നും എത്തുന്നത്. പുതിയ ഫണ്ട് ഓഫര്‍ തുടങ്ങുന്നതിന് ഫണ്ട് ഹൗസിന് സെബിയുടെ അനുമതി ലഭിച്ചു. 2020ല്‍ ആറ് ഡെറ്റ് സ്‌കീമുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം എടുത്തതിനെ തുടര്‍ന്ന് നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിച്ചതിന് ശേഷം ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ആദ്യമായി അവതരിപ്പിക്കുന്ന ഫണ്ട് ഓഫര്‍ ആണിത്. ഓഹരി വിഭാഗത്തില്‍ ഫണ്ട് ഹൗസ് അവസാനമായി എന്‍എഫ്ഒ അവതരിപ്പിച്ചത് 10 വര്‍ഷം മുമ്പാണ്.
ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിന്റെ(FIBAF) പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഓഗസ്റ്റ് 16 മുതലാണ്. ഓഗസ്റ്റ് 30 വരെ ലഭ്യമാകും. മറ്റ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകളിലെ പോലെ, ഫ്രാങ്ക്‌ളിന്‍ ഇന്ത്യയുടെ ഈ ഫണ്ടിലും ഓഹരികളിലെ നിക്ഷേപം 65 ശതമാനത്തിനും 100 ശതമാനത്തിനും ഇടയില്‍ നിലനിര്‍ത്തും. ഡെറ്റ് ഉപകരണങ്ങളിലായിരിക്കും ശേഷിക്കുന്ന നിക്ഷേപം വിന്യസിക്കുക. മ്യൂച്വല്‍ ഫണ്ടിലെ ഏറ്റവും വലിയ സ്‌കീം വിഭാഗങ്ങളിലൊന്നാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്. ഈ വിഭാഗം കൈകാര്യം ചെയ്യുന്ന ആസ്തി 1.7 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.
സെബിയുടെ വിലക്ക്
2020 ഏപ്രില്‍ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ട് അവസാനിപ്പിച്ചത്. കോവിഡ് വ്യാപനത്തെടുര്‍ന്ന് പണലഭ്യത കുറഞ്ഞതിനാലാണ് ഈ തീരുമാനം എടുത്തത് എന്നായിരുന്നു കമ്പനി നല്‍കിയ വിശദീകരണം. എന്നാല്‍, ലക്ഷക്കണക്കിന് നിക്ഷേപകരെ ഈ തീരുമാനം ബാധിച്ചു. പിന്നീട്, ഡെറ്റ് ഫണ്ടുകളുടെ നടത്തിപ്പില്‍ ക്രമേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സെബി വന്‍തുക പിഴ ചുമത്തുകയും നിര്‍ത്തലാക്കിയ ആറ് സ്‌കീമുകളിലും ഈടാക്കിയ ഫണ്ട് മാനേജ്മെന്റ് ഫീസ് തിരികെ നല്‍കാന്‍ ഫണ്ട് ഹൗസിനോട് ആവശ്യപ്പെടുകയും ചെ്തു. പുതിയ ഡെറ്റ് സ്‌കീം പുറത്തിറക്കുന്നതില്‍ നിന്നും ഫണ്ട് ഹൗസിനെ സെബി വിലക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തേക്കായിരുന്നു ഈ വിലക്ക്.
ഫ്രാങ്ക്‌ളിന്റെ ആറ് ഡെറ്റ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട നിയമപോരാട്ടം സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണലില്‍ (SAT) തുടരുന്നുണ്ട്. റെഗുലേറ്ററി പ്രശ്‌നം പരിഹരിക്കുന്നതുവരെ പുതിയ ഫിക്‌സഡ് ഇൻകം സ്‌കീമുകള്‍ ഒന്നും ആരംഭിക്കില്ലെന്നാണ് ഫണ്ട് ഹൗസ് അറിയിച്ചിരിക്കുന്നത്. പുതിയ സ്‌കീം ഓഹരി അധിഷ്ഠിത ഫണ്ട് വിഭാഗത്തിലാണ്.
Disclaimer : മ്യൂച്ചൽഫണ്ടിലെ നിക്ഷേപം നഷ്ടസാധ്യതകളുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക
English Summary : Franklin Templeton Launching one NFO After Two Years