ADVERTISEMENT

ചെറുകിട ഓഹരി വ്യാപാരികൾ ഐപിഒകളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച്. വർഷങ്ങൾ കയ്യിൽ വയ്ക്കാനുള്ള ഓഹരികളാണെങ്കിൽ കുഴപ്പമില്ല. പെട്ടെന്ന് വ്യാപാരം ചെയ്തു പണമുണ്ടാക്കാനുള്ള താൽപര്യത്തിൽ ഐപിഒകളിൽ നിക്ഷേപിക്കരുതെന്നാണ് സെബി മേധാവി ആവർത്തിച്ച്  വ്യക്തമാക്കുന്നത്. പല വൻകിട നിക്ഷേപകരും നിക്ഷേപം പിൻവലിക്കാവുന്ന ലോക്ക് ഇൻ കാലാവധിക്ക് ശേഷം പെട്ടെന്ന് പിൻവലിക്കുമ്പോൾ ചെറുകിട വ്യാപാരികൾക്ക് അത് നഷ്ടമുണ്ടാക്കുന്നുണ്ട്. കൂടാതെ പല ഐപിഒകളുടെയും വിലകൾ ന്യായീകരിക്കാവുന്നതിലും ഉയർന്നതാണ്. ഐപിഒകളിൽ നിക്ഷേപിക്കുന്നതിന് പകരം ഓഹരികളിൽ നിക്ഷേപിക്കാനാണ് അവർ ചില്ലറ വ്യാപാരികളോട്  ആവശ്യപ്പെടുന്നത്.
പേയ്മെന്റ് സേവനങ്ങൾ നൽകുന്ന പേ ടി എം, ഭക്ഷണ  വിതരണക്കാരായ സൊമാറ്റോ, സൗന്ദര്യ വർധക സാധനങ്ങൾ വിൽക്കുന്ന നൈക്ക, ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്ന സ്ഥാപനമായ ഡെലിവെറി, ഓൺലൈൻ ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന പോളിസി ബസാർ  തുടങ്ങി കൊട്ടിഘോഷിച്ചു ഐപിഒകളുമായി വന്ന കമ്പനികളെല്ലാം തന്നെ ഇപ്പോൾ നിക്ഷേപകരെ കണ്ണീരു കുടിപ്പിക്കുകയാണ്‌. ലോക്ക് ഇൻ പിരീഡ് കഴിഞ്ഞതോടെ വൻകിട നിക്ഷേപകർ ഈ ഓഹരികൾ വിറ്റൊഴിയുന്നതാണ് ഇവയുടെ വിലയിടിവിനു ഒരു കാരണം.

പേ ടി എം

Paytm-2-

നോട്ട് നിരോധനത്തിന് ശേഷം പെട്ടെന്ന് ഉയർന്നു വന്ന പേ ടി എം ഐപിഒയിൽ നിക്ഷേപിക്കാൻ എല്ലാവർക്കും തിരക്കായിരുന്നു. വാറൻ ബഫറ്റ്‌ പോലും നിക്ഷേപിച്ച കമ്പനിയായതിനാൽ ഇതിലേക്ക്  നിക്ഷേപകരുടെ വൻ തള്ളിക്കയറ്റം ഐപിഒ സമയത്തുണ്ടായിരുന്നു. എന്നാൽ ഐപിഒ വിലയേക്കാൾ 51 ശതമാനം ഇടിവിലാണ് ഇപ്പോഴും പേ ടി എം ഓഹരി വില.
പേ ടി എമ്മിലെ ഉയർന്ന ഉദ്യോഗസ്ഥർ രാജി വയ്ക്കുന്നതും, ബ്രോക്കറജുകൾ പേ ടി എംഎം ഓഹരികൾ വിൽക്കുന്നതാണ് നല്ലത്  എന്ന സന്ദേശം നൽകുന്നതും, ഓഹരിയുടെ മൂല്യത്തെ കുറിച്ചുള്ള ആശങ്കകളും പേ ടി എം  ഓഹരിവില കുറച്ച ഘടകങ്ങളാണ്. യു പി ഐ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് പരിധി നിശ്ചയിക്കുന്നുവെന്ന  വാർത്തയും പേ ടി എം ഓഹരികളെ കഴിഞ്ഞ വർഷം തളർത്തിയിരുന്നു. ഇപ്പോൾ വീണ്ടും ഉയരുന്ന പ്രവണത ഈ ഓഹരി കാണിക്കുമ്പോൾ അനലിസ്റ്റുകൾ 'ബൈ റേറ്റിങ്' നൽകുന്നുണ്ട്.

സൊമാറ്റോ

Zomato-2

125 രൂപക്ക് 2021ൽ ലിസ്റ്റ് ചെയ്ത സൊമാറ്റൊയ്ക്ക് രണ്ടു വർഷത്തിന് ശേഷമാണ് ആ വില നിലവാരത്തിലേക്ക് ഇപ്പോൾ തിരിച്ചെത്താനായിരിക്കുന്നത്. ജീവനക്കാരുടെ പരിഹരിക്കാനാകാത്ത സമരങ്ങളും, ഹോട്ടലുകാരുമായുള്ള പ്രശ്നങ്ങളും, ലാഭം കുറയുന്നതും സൊമാറ്റോയെ തളർത്തിയിരുന്നു. കോവിഡിന് ശേഷം ഹോം ഡെലിവറിക്ക് പകരം ഭക്ഷണശാലകളിൽ നേരിട്ട് പോയി കഴിക്കുന്ന രീതി തിരിച്ചു വന്നതും തിരിച്ചടിയായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ ഓഹരി വില ഉയരുന്നുണ്ടെങ്കിലും ഐപിഒവില അപേക്ഷിച്ച് നോക്കുമ്പോൾ ഓഹരിയുടെ പ്രകടനം മോശമാണ്.
നൈക്ക

ഓഹരി വിപണിയിൽ വലിയ കോലാഹലമുണ്ടാക്കി വന്ന ഐപിഒ ആയിരുന്നു നൈക്കയുടേത്. 2021 ലെ ഐപിഒവിലയേക്കാൾ ഇപ്പോഴും 57 ശതമാനം ഇടിഞ്ഞാണു ഓഹരിയിൽ വ്യാപാരം നടക്കുന്നത്.

കമ്പനിയുടെ ഉത്പന്ന ഗുണനിലവാരത്തെക്കുറിച്ചുള്ള പരാതികളും, ഓഹരിയുടെ മൂല്യ നിർണയ അവലോകനങ്ങളും, ലോക്ക് ഇൻ പീരീഡ്‌ കഴിഞ്ഞതോടെയുള്ള കൂട്ട വില്പനയും നൈക്കയുടെ ഓഹരി വില കുറയാൻ  കാരണമായി.
ഡെലിവെറി
2022 ലെ ഐപിഒവിലയേക്കാൾ 27 ശതമാനം ഇടിഞ്ഞാണ് ഇപ്പോഴും ഇതിൽ വ്യാപാരം നടക്കുന്നത്.
പണപ്പെരുപ്പം കൂടുന്നതും, വളർച്ച കുറയുന്നതും, ഡിമാൻഡ് കുറയുമെന്നുള്ള പ്രവചനങ്ങളും, ഡെലിവെറിയുടെ ഓഹരി വില കുത്തനെ ഇടിക്കുകയാണ്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തെ ഓഹരി വില മാത്രം കണക്കിലെടുക്കുകയാണെങ്കിൽ ഇത് നേട്ടത്തിലാണ്. പക്ഷെ ലിസ്റ്റിങ് വിലയുടെ അടുത്തെത്തിയിട്ടില്ല.  
പോളിസി ബസാർ
2021 ലെ ഐപിഒ യേക്കാൾ 33 ശതമാനം ഇടിഞ്ഞാണ് ഈ ഓഹരിയിൽ വ്യാപാരം നടക്കുന്നത്.
വരുമാനം കൂടുന്നുണ്ടെങ്കിലും, ജീവനക്കാരുടെ ശമ്പള ഇനത്തിൽ ചെലവ് കൂടിയതും, പരസ്യ ചെലവുകൾ ഉയർന്നതും കഴിഞ്ഞ പാദങ്ങളിൽ  കമ്പനിയുടെ ലാഭം കുറച്ചിരുന്നു. ലിസ്റ്റിങ് മുതലുള്ള വിൽപ്പന സമ്മർദ്ദം ഓഹരി വില കുത്തനെ ഇടിയാൻ കാരണമായി.

കോവിഡ്  സമയത്തു കൂടുതൽ ചെറുകിട നിക്ഷേപകർ ഈ കമ്പനികളിൽ വ്യാപാരം നടത്തിയതും, അതിനു ശേഷമുള്ള കൊഴിഞ്ഞുപോക്കും, സ്റ്റാർട്ടപ്പുകളുടെ ശോഭ മങ്ങിയതും ഈ കമ്പനികൾക്കെല്ലാം തിരിച്ചടിയായി. പിന്നീട് നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് ഈ കമ്പനിയുടെ ഓഹരികൾ ഐപിഒ വിലയിലും കുറയാൻ കാരണമായി. വിദേശ നിക്ഷേപകർ  ഈ ഓഹരികൾ കൈവിട്ടതോടെ ഓഹരി വിലകളുടെ  പതനം വേഗത്തിലായി. സെൻസെക്‌സും, നിഫ്റ്റിയും എക്കാലത്തെയും ഉയർന്ന നിലയിലായിട്ട് പോലും വലിയ കോലാഹലത്തോടെ വന്ന ഈ ഐ പി ഒകൾക്കൊന്നും തന്നെ ലിസ്റ്റിങ് വിലയേക്കാൾ രണ്ടു വർഷം കഴിഞ്ഞിട്ട്  പോലും ഉയരാൻ ആയില്ല എന്നത് പരിതാപകരമാണ്. ഇതൊക്കെ കാരണമാണ് ചില്ലറ വ്യാപാരികൾ ഐപിഒകളിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലതെന്നു സെബി ചെയർ പേഴ്സൺ ഉപദേശിക്കുന്നത്.

English Summary:

SEBI Chairperson's Opinion Regarding IPO and Small Investors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com