ഇന്ത്യയില്‍ വമ്പന്‍ ഐപിഒയ്ക്ക് ഹ്യുണ്ടേയ്; എല്‍ഐസിയുടെ റെക്കോർഡ് മറികടന്നേക്കും
Mail This Article
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയിയുടെ ഇന്ത്യാ വിഭാഗമായ ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഇതിനായുള്ള അപേക്ഷ (ഡിആര്‍എച്ച്പി) ഇന്ന് സെബിക്ക് സമര്‍പ്പിച്ചേക്കും.
ഹ്യുണ്ടേയിയുടെ ഐപിഒ യാഥാര്‍ത്ഥ്യമായാല്‍ നിരവധി റെക്കോഡുകളും കൂടെപ്പോരും. 2003ല്‍ മാരുതി സുസുക്കി സംഘടിപ്പിച്ച ഐപിഒയ്ക്ക് ശേഷം, ഓഹരി വിപണിയിലെത്തുന്ന ആദ്യ കാര്‍ നിര്‍മാതാക്കളായി ഹ്യുണ്ടേയ് മാറും. ഹ്യുണ്ടേയിയുടെ സമാഹരണലക്ഷ്യം യാഥാര്‍ത്ഥ്യമായാല്‍ 2022ല്‍ എല്‍ഐസി സംഘടിപ്പിച്ച ഐപിഒയുടെ റെക്കോഡും മറികടന്നേക്കും. 21,000 കോടി രൂപയുടേതായിരുന്നു എല്‍ഐസിയുടെ ഐപിഒ.
മാതൃകമ്പനിയായ ഹ്യുണ്ടേയ് മോട്ടോറിന്റെ 17.5 ശതമാനം വരെ ഓഹരികളാകും ഐപിഒയിലുണ്ടാവുക. അതായത്, പുതിയ ഓഹരികള്‍ (ഫ്രഷ് ഇഷ്യൂ) ഉണ്ടാവില്ല. നിലവിലെ ഓഹരി ഉടമകളുടെ പക്കലുള്ള നിശ്ചിത ഓഹരികള്‍ വിറ്റഴിക്കുന്ന മാര്‍ഗമായ ഓഫര്‍ ഫോര്‍ സെയില്‍ മാത്രമേ ഹ്യുണ്ടേയിയുടെ ഐപിഒയിലുണ്ടാകൂ. ഇതുവഴി 250-300 കോടി ഡോളറിന്റെ (21,000 കോടി മുതല്‍ 25,000 കോടി രൂപ വരെ) സമാഹരണമാണ് ലക്ഷ്യം. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാഹന നിര്‍മാണക്കമ്പനിയാണ് ഹ്യുണ്ടേയ്.