റബർ ബാന്ഡിരിക്കട്ടെ, ഷോപ്പിങിനു പോകാം
Mail This Article
കൊറോണക്കാലം നമ്മെ പലതും പഠിപ്പിച്ചു. വീട്ടിലിരിക്കാനും ഉള്ളതു കൊണ്ട് ഓണം പോലെ കഴിയാനുമൊക്കെ ഈ ഏതാനും മാസങ്ങൾ കൊണ്ട് നമുക്കായി. ഓണക്കാലത്തു നമ്മൾ കരുതലോടെ മാത്രമാണ് ചെലവഴിച്ചത്. എന്നിട്ടും ഇതൊന്നും പഠിക്കാത്ത ചിലരുണ്ട്, കൊറോണ കാരണം പുറത്തു പോയി ഷോപ്പിങ് നടത്തിയില്ലെങ്കിലെന്താ? ഓൺലൈനിലേക്കു ചേക്കേറിയിരിക്കുകയാണിവർ.
ഡിജിറ്റൽ ഇടപാടുകളുടെ സാധ്യത കൂടിയതോടെ രൂപ എണ്ണി കടയിലെ കൗണ്ടറിൽ കൊടുക്കുമ്പോൾ തോന്നുന്ന ചെറിയ വിഷമവുമില്ല എന്നതാണ് സത്യം. വരുമാന സ്രോതസുകൾ തീർന്നുകൊണ്ടിരിക്കുകയാണെങ്കിലും ക്രെഡിറ്റ് കാർഡ് എടുത്തു വീശാൻ മടിയില്ല. ഇവിടെ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കടക്കെണിയിലേക്ക് വീണുപോകും നിങ്ങൾ. ബാങ്കുകൾ വായ്പ നൽകുന്നതിനു മുമ്പ് കർശനമായ നിബന്ധനകളിപ്പോൾ വെക്കുന്നുണ്ട്.
വായ്പാന്വേഷിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗശീലമാണതിൽ പ്രധാനം.എന്തൊക്കെ കാര്യങ്ങൾക്കാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതെന്ന കാര്യമാണ് ആദ്യം നോക്കുക. പല കമ്പനികളും ക്രെഡിറ്റ് കാർഡ് ഓഫറുകളുമായി വരുന്നുണ്ടെങ്കിലും കഴിയുമെങ്കിൽ നിങ്ങളുടെ പക്കലുള്ള ക്രെഡിറ്റ് കാർഡ് കുറച്ചു കാലത്തേക്കെങ്കിലും ഉപേക്ഷിക്കുക. ചുരുങ്ങിയത് ഷോപ്പിങ്ങിനു പോകുമ്പോൾ എങ്കിലും ഇനി കാർഡ് കൊണ്ടുപോകാതിരിക്കുക. ആവശ്യമെങ്കിൽ ഡെബിറ്റ് കാർഡ് കൈയിൽ കരുതാം. അതാകുമ്പോൾ ചെലവഴിക്കലിനു പരിധിയുണ്ടാകുമല്ലോ.
∙ സ്വന്തമായി വീടുവയ്ക്കൽ, വാഹനം വാങ്ങൽ ഉൾപ്പെടെ ദീർഘകാലമായുള്ള വലിയ ലക്ഷ്യങ്ങൾ ഷോപ്പിങ്ങിനിടയിൽ ആലോചിക്കാൻ ശ്രമിക്കുക.
∙ ഷോപ്പിങ്ങിനു പോകുമ്പോൾ കൈയിൽ ഒരു റബർബാൻഡ് ധരിക്കുക. ആവശ്യമില്ലാത്തത് വാങ്ങാൻ തോന്നുമ്പോൾ ആ ബാൻഡ് ഒന്നു വലിച്ചു വിടുക. പെട്ടെന്നുള്ള വേദന ഷോപ്പിങ് ചിന്തകളെ തകിടം മറിക്കും. ഓരോ തവണയും ഷോപ്പിങ്ങിനു പോകുമ്പോൾ ഇത് ആവർത്തിക്കുക. മനസ്സ് ക്രമേണ പരുവപ്പെട്ടുവരും.
∙ ഇത്രയും നടപടികൾ കൊണ്ടും ഷോപ്പിങ് അഡിക്‌ഷൻ നിയന്ത്രിക്കാനാവുന്നില്ലെങ്കിൽ ഒരു മനശാസ്ത്രജ്ഞന്റെയോ കൗൺസിലറുടെയോ ഉപദേശം തേടാം.
English Summary : Try These Methods to Control Shopaholism