വാലന്റൈന്‍സ് ദിനത്തിൽ നിര്‍ബന്ധമായും പ്രണയിനികള്‍ക്ക് ഈ സമ്മാനങ്ങൾ കൂടി നല്‍കൂ!

Mail This Article
ഒരുമിച്ചുണ്ടെങ്കില്‍ ചേര്‍ത്ത് പിടിച്ച് ആ മിഴികളിലേക്ക് പരസ്പരം നോക്കി പ്രണയാര്‍ദ്രചുണ്ടുകള്‍ വിടര്‍ത്തി പറയും. നിന്നെ ഞാന്‍ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാമോ എന്ന്. അകലെയാണെങ്കില്‍ ചുവപ്പും പിങ്കും കലര്‍ന്ന നിറങ്ങളില്‍ പ്രണയം തുളുമ്പുന്ന സമ്മാനങ്ങള്‍ അയച്ചു നല്‍കും. വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ അവയുടെ കൊതിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കും. അതെല്ലാം പതിവ് കാഴ്ചകള്‍ ഓരോ ലോക പ്രണയദിനത്തിലും ആവര്‍ത്തിക്കപ്പെടുന്ന ആചാരങ്ങള്‍. സ്വന്തം പ്രണയിനിക്കായി വിരലും ചെവിയും അറുത്തുനല്‍കിയ കാമുകസങ്കല്‍പ്പങ്ങള്‍ ഇപ്പോഴില്ലെന്നത് ശരി. എങ്കിലും ഇത്തവണ പ്രണയദിനത്തില്‍ പ്രിയതമയെ സാമ്പത്തികമായി സുരക്ഷിതമാക്കുന്ന ഒരു സമ്മാനമെങ്കിലും നല്‍കിയാല്‍ അതിനോളം പോന്ന മറ്റൊരു പ്രണയസമ്മാനമില്ലതന്നെ. പ്രിയതമയെ സാമ്പത്തികമായി സുരക്ഷിതമാക്കാന്‍ നല്‍കേണ്ട സമ്മാനങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത് എന്നതിനാല്‍ ഈ ലേഖനത്തില്‍ ലിംഗനീതി ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യം കൂടി വ്യക്തമാക്കിക്കൊള്ളട്ടെ.

നീയെന്റെ ജീവനല്ലേ
നീയെന്റെ ജീവനല്ലേ, ഞാന്‍ ജീവനോടെയുള്ള കാലത്തോളം നിനക്കൊരു കുറവും വരുത്തില്ല. പ്രിയതമന്‍ പ്രിയതമയോട് പരമ്പരാഗതമായി പറഞ്ഞുവരുന്ന കാര്യമാണ് ഇത്. എന്നാല്‍ പ്രണയത്തില്‍ ചാലിച്ച ഈ വചനം കേട്ട് കൂമ്പിയ മിഴികള്‍ പിന്നെ വിടര്‍ത്തി ഇപ്പോഴത്തെ പ്രിയതമമാര്‍ ചോദിച്ചേക്കാം ജീവനോടെയില്ലാത്ത കാലം വന്നാലോ എന്ന്. അതിന് ഉത്തരമുണ്ടോ നിങ്ങളുടെ കയ്യില്‍. നിങ്ങള്‍ ഉള്ളിടത്തോളം കാലം പ്രിയതമയേയും കുടുംബത്തേയും പൊന്നുപോലെ നോക്കുമെന്നറിയാം. എന്നാല്‍ നിങ്ങളില്ലാതായാലും പ്രിയതമയും കുടുംബവും ജീവിക്കാന്‍ അവരെ സാമ്പത്തികമായി സുരക്ഷിതമാക്കണം. നിങ്ങളുടെ കുറവ് ആ ശൂന്യത നികത്താന്‍ പണത്തിനും സ്വത്തിനും ആകില്ല എങ്കിലും അതുണ്ടെങ്കില്‍ അവരെ സാമ്പത്തികമായി സുരക്ഷിതമാക്കാന്‍ കഴിയും. നിങ്ങള്‍ ആവശ്യത്തിന് പണവും സ്വത്തും സമ്പാദിച്ചിട്ടുണ്ടെങ്കില്‍ ഇത്തവണ പ്രിയതമയെ ചേര്‍ത്തുപിടിക്കുമ്പോള്‍ അവര്‍ മുകളില്‍ സൂചിപ്പിച്ച ചോദ്യം ചോദിച്ചാല്‍ ധൈര്യമായി നിൽക്കാം. എന്നാല്‍ സ്വത്തും പണവുമൊന്നും കാര്യമായി സമ്പാദിച്ചു വെച്ചിട്ടില്ലെങ്കിലോ. നിങ്ങളില്ലാതായാല്‍ എങ്ങനെ അവര്‍ ജീവിക്കും. കുട്ടികളെ എങ്ങനെ ഉന്നത വിദ്യാഭ്യാസം ചെയ്യിക്കും. അവരുടെ വിവാഹം നടത്തും. അതിനുള്ള പണം ഉറപ്പാക്കാനുള്ള ഏറ്റവും എളുപ്പ വഴിയാണ് ടേം ഇന്‍ഷുറന്‍സ്. നിങ്ങളാഗ്രഹിച്ചപോലെ നിങ്ങളുടെ പ്രിയതമ തുടര്‍ന്നും ജീവിക്കാനുള്ള പണം ടേം ഇന്‍ഷുറന്‍സ് നല്‍കും. തുച്ഛമായ വാര്‍ഷിക പ്രീമിയം നല്‍കിയാല്‍ മതി. ഈ പ്രണയദിനത്തില്‍ പ്രിയതമയ്ക്ക് നല്‍കാവുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് നിങ്ങളുടെ പേരിലെടുക്കുന്ന ടേം ഇന്‍ഷുറന്‍സ്.

വജ്രമാല വേണമോ?
വാലന്റൈന്‍സ് ഡേ കാലത്തെ പരസ്യപെരുമഴയില്‍ കാണാം വിലകൂടിയ വജ്രമാലയോ വിലപിടിച്ച സ്വര്‍ണാഭരണങ്ങളോ പ്രണയദിനസമ്മാനമായി നല്‍കുന്നത്. അത്തരം പരസ്യങ്ങള്‍ വരുമ്പോള്‍ റിമോട്ട് മാറ്റാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകും. പ്രാരാബ്ദം പിടിച്ച ജീവിതത്തിനിടയില്‍ അത്തരത്തിലൊന്ന് ഒരിക്കലും സമ്മാനമായി നിങ്ങളുടെ പ്രിയതമ പ്രതീക്ഷിക്കുന്നുമുണ്ടാകില്ല. മാത്രമല്ല ഇത്തരം വിലപിടിച്ച സമ്മാനങ്ങള്‍ക്കൊന്നും ജീവിതത്തില്‍ വലിയ പ്രാധാന്യം കല്‍പ്പിക്കാത്തവരാണ് മലയാളിസ്ത്രീകള്‍. പരസ്പരമുള്ള വിശ്വാസം,സ്‌നേഹം, കരുതല്‍ തുടങ്ങിയവയ്‌ക്കൊക്കെയാണ് അവര്‍ വിലകല്‍പ്പിക്കുന്നതും. എന്നാല്‍ ഇത്തരത്തില്‍ സമ്മാനമൊന്നും നല്‍കാനാവാത്തതിന്റെ കോംപ്ലെക്‌സ് എന്നും നിങ്ങള്‍ക്കുണ്ടാകും. അതെന്തായാലും നിങ്ങള്‍ വിലകൂടിയ സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടാകാം. ഒരിക്കലെങ്കിലും അത്തരത്തിലൊരു വിലപിടിപ്പുള്ള സമ്മാനം നല്‍കി പ്രിയതമയെ അല്‍ഭുതപ്പെടുത്താനും മോഹിക്കുന്നുണ്ടാകാം. എങ്കില്‍ ആ സമ്മാനം എന്തായിരിക്കണമെന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കുക. അതിന് എത്ര വില വരുമെന്ന് കണക്കാക്കുക. ഏത് വര്‍ഷമാണ് നല്‍കേണ്ടത് എന്നും തീരുമാനിക്കുക. ഇതിനാവശ്യമായ പണം സ്വരുക്കൂട്ടാന്‍ ഈ വാലന്റൈന്‍സ് ഡേയില്‍ തന്നെ ഒരു മ്യൂച്വല്‍ ഫണ്ട് എസ്.ഐ.പി തുടങ്ങുക. പ്രതിമാസം തുച്ഛമായ ഒരു തുക നിക്ഷേപിച്ച് നിങ്ങള്‍ക്ക് വര്‍ഷങ്ങള്‍കൊണ്ട് ആ വിലപ്പെട്ട സമ്മാനം വാങ്ങിക്കൊടുക്കാനുള്ള പണം സ്വരുക്കൂട്ടാം.
.jpg)
ചെറിയ തുക അവൾക്കായി
പ്രിയതമ നിങ്ങളെയും കുടുംബത്തെയും പരിപാലിക്കാനായി സ്വന്തം ജോലി ഉപേക്ഷിച്ച ആളാണോ. എങ്കില്‍ അവര്‍ക്കായി ഒരു കരുതല്‍ നല്‍കേണ്ടതല്ലേ. ഒരു നിശ്ചിത തുക എല്ലാമാസവും, അവര്‍ ജോലിക്ക് പോയിരുന്നെങ്കില്‍ കിട്ടുമായിരുന്നത്ര തുകയൊന്നും നിങ്ങള്‍ നല്‍കേണ്ട. തുക എത്ര ചെറുതായിക്കൊള്ളട്ടെ. അത് എല്ലാ മാസവും കൃത്യമായി നിങ്ങള്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നതുവരെ നല്‍കാന്‍ ആഗ്രഹമുണ്ടോ. എങ്കില്‍ അത് പണമായി അവരുടെ കയ്യില്‍ കൊടുക്കണമെന്നില്ല. അവര്‍ക്കായി ഒരു പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നാലോ. 60 വയസ് കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കൂന്നതുപോലെ ഒരു പെന്‍ഷന്‍ അവര്‍ക്കും ലഭിക്കും. നിങ്ങളുടെ സ്‌നേഹവും കരുതലും ഇതിനേക്കാള്‍ പ്രണയാര്‍ദ്രമായി അവളെ അറിയക്കാന്‍ മറ്റൊരു മാര്‍ഗമില്ല. സംഭവം കൊള്ളാം എന്നുതോന്നുന്നു എങ്കില്‍ അതിന് പറ്റിയ ഏറ്റവും നല്ല പെന്‍ഷന്‍ പദ്ധതിയാണ് ന്യൂ പെന്‍ഷന്‍ സ്‌കീം അഥവാ എന്‍.പി.എസ്
(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇമെയ്ല്‍ jayakumarkk8@gmail.com)
English Summary : Know These Valentines Day Gifts for Your Wife