ADVERTISEMENT

കോട്ടയം∙ അടുത്ത ആഭ്യന്തര സീസണിൽ കേരളം വിട്ട് തമിഴ്നാടിനായി കളിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേരള രഞ്ജി ട്രോഫി താരം സന്ദീപ് വാരിയർ രംഗത്ത്. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ (ടിഎൻസിഎ) അനൗദ്യൗഗികമായി സമീപിച്ചപ്പോൾ തമിഴ്നാടിനായി കളിക്കാൻ സന്ദീപ് വാരിയർ സമ്മതം മൂളിയതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, അങ്ങനെയൊരു തീരുമാനവും താൻ കൈക്കൊണ്ടിട്ടില്ലെന്ന് സന്ദീപ് വാരിയർ മനോരമ ഓൺലൈനിന്റെ ഇംഗ്ലിഷ് വെബ്സൈറ്റായ ഓൺമനോരമയോടു പറഞ്ഞു.

രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ഒന്നാം നമ്പർ ബോളറാണ് ഇരുപത്തൊൻപതുകാരനായ സന്ദീപ് വാരിയർ. ടി. നടരാജനുണ്ടെങ്കിലും പേസ് വിഭാഗത്തിൽ മികച്ച രണ്ടാം ബോളറുടെ അഭാവം നേരിടുന്ന തമിഴ്നാട്, സന്ദീപ് വാരിയരെ ടീമിലെടുത്ത് പേസ് ആക്രമണത്തിന്റെ മൂർച്ച കൂട്ടുമെന്നായിരുന്നു റിപ്പോർട്ട്.

‘ഇതെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണ്. ഇന്ത്യാ സിമന്റ്സിലാണ് എനിക്കു ജോലി. അതുകൊണ്ടുതന്നെ ഭാര്യയ്ക്കൊപ്പം ചെന്നൈയിലാണ് സ്ഥിരതാമസം. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ ഇതുവരെ അവിടേക്ക് ക്ഷണിച്ച് ഔദ്യോഗികമായി എന്നെ സമീപിച്ചിട്ടില്ല. മാത്രമല്ല, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ എന്നാണ് അടുത്ത ആഭ്യന്തര സീസൺ ആരംഭിക്കുകയെന്ന കാര്യത്തിലും വ്യക്തതയില്ല’ – സന്ദീപ് വാരിയർ വ്യക്തമാക്കി.

ഇത്തവണ രഞ്ജി ട്രോഫി ക്രിക്കറ്റിൽ സന്ദീപ് വാരിയരുടെയും സഞ്ജു സാംസണിന്റെയും അഭാവം കേരളത്തിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചിരുന്നു. കഴിഞ്ഞ സീസണിൽ സെമിഫൈനലിലെത്തിയ കേരളത്തിന് ഇത്തവണ ക്വാർട്ടറിൽ പോലും കടക്കാനായില്ല. ഗ്രൂപ്പ് ഘട്ടത്തിൽ എട്ടു കളികളിൽനിന്ന് ഒരേയൊരു ജയം മാത്രമാണ് കേരളത്തിന് നേടാനായത്. രണ്ടു മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

ന്യൂസീലൻഡിൽ പര്യടനം നടത്തിയ ഇന്ത്യ എ ടീമിൽ ഉൾപ്പെടെ ഇടംപിടിച്ചതിനെ തുടർന്ന് ഈ സീസണിൽ കേരളത്തിനായി നാലു മത്സരങ്ങളിൽ മാത്രമാണ് സന്ദീപ് വാരിയർക്ക് കളിക്കാനായത്. ഇന്ത്യയുടെ ട്വന്റി20 ടീമിൽ സ്ഥിരാംഗമായതിനെ തുടർന്നാണ് സഞ്ജു സാംസണ് അധികം മത്സരങ്ങളിൽ കേരളത്തിനായി കളിക്കാനാകാതെ പോയത്. ന്യൂസീലൻഡിൽ പര്യടനം നടത്തിയ ഇന്ത്യ എ ടീമിലും സഞ്ജു അംഗമായിരുന്നു.

‘കഴിഞ്ഞ രണ്ടു സീസണിലും കേരളം നോക്കൗട്ടിൽ കടന്നതാണ്. ഇത്തവണ അതിനു സാധിക്കാതെ പോയത് കനത്ത നിരാശായിപ്പോയി. മധ്യനിരയിൽ ഏറ്റവും വിശ്വസ്തനായ സഞ്ജു സാംസണിന്റെ അഭാവം നമ്മെ വല്ലാതെ വലച്ചു. ബോളർമാർ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ബേസിൽ തമ്പിയുടെയും കെ.എം. ആസിഫിന്റെയും പരുക്ക് തിരിച്ചടിച്ചു’ – സന്ദീപ് ചൂണ്ടിക്കാട്ടി.

ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായ സന്ദീപ് വാരിയർ, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ ഉൾപ്പെടെ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും റദ്ദാക്കിയ സാഹചര്യത്തിൽ ഇപ്പോൾ വീട്ടിലിരിപ്പാണ്. വീട്ടിലെ ജിമ്മിൽ ഇപ്പോഴും വ്യായാമം ചെയ്യുന്നുണ്ടെന്ന് സന്ദീപ് വ്യക്തമാക്കി. ലോക്ഡൗൺ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 14നുശേഷം എന്താണ് സംഭവിക്കുകയെന്ന ആകാംക്ഷയിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.

English Summary: Sandeep Warrier denies report of switch to Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com