‘രവീന്ദ്ര ജഡേജ ജാതി പറയുന്നു’; വിമർശനവുമായി ഒരുവിഭാഗം ആരാധകർ

Mail This Article
രാജ്കോട്ട്∙ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ പ്രതിസ്ഥാനത്തു നിർത്തി പുതിയ വിവാദം. ഇന്ത്യൻ ക്രിക്കറ്റിൽ നിലവിലുള്ള ഏറ്റവും മികച്ച ഓൾറൗണ്ടറായി കണക്കാക്കപ്പെടുന്ന ജഡേജ, കളത്തിലെ പ്രകടനത്തിന്റെ പേരിലല്ല വിവാദനായകനായത്. പകരം, തന്റെ ജാതി ആവർത്തിച്ച് പറയുന്ന, അത് ആഘോഷമാക്കുന്ന രീതികളുടെ പേരിലാണ് വിമർശനം. താരം കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ച വിഡിയോയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ ജഡേജ രജപുത്ര വിഭാഗക്കാരനാണ്. രജപുത്ര വിഭാഗക്കാരുടെ ട്രേഡ് മാർക്കായ വാൾപ്പയറ്റിന്റെ വിഡിയോ പങ്കുവച്ചതിനു പുറമെ ‘rajputboy’ എന്ന് താരം ഹാഷ്ടാഗ് കൂടി ചേർത്തതോടെയാണ് വിവാദം തലപൊക്കിയത്.
ക്രിക്കറ്റ് കളത്തിൽ രവീന്ദ്ര ജഡേജയുടെ വാൾപ്പയറ്റ് ആഘോഷം പുത്തരിയല്ല. ബാറ്റിങ്ങിൽ വിവിധ നാഴികക്കല്ലുകൾ പിന്നിടുമ്പോൾ വാള്‍പ്പയറ്റിന്റെ ശൈലയിൽ ബാറ്റുകൊണ്ട് ജഡേജ നടത്തുന്ന ആഘോഷങ്ങൾക്ക് ആരാധകരേറെയാണ്. എന്നാൽ, തന്റെ രജപുത്ര പാരമ്പര്യം ആഘോഷമാക്കുന്ന ജഡേജയുടെ ശൈലി കായികരംഗത്ത് കല്ലുകടിയാണെന്നാണ് വിമർശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേരാണ് സമൂഹമാധ്യമങ്ങളിലൂെട രംഗത്തെത്തിയത്.
‘വാളിനു ചിലപ്പോൾ തിളക്കം നഷ്ടപ്പെട്ടേക്കാം. പക്ഷേ അതൊരിക്കലും അതിന്റെ യജമാനനോട് അനുസരണക്കേട് കാട്ടില്ല’ – ഈ കുറിപ്പിനൊപ്പമാണ് #rajputboy ഹാഷ്ടാഗു കൂടി ചേർത്ത് ജഡേജ ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ഈ വിഡിയോയ്ക്ക് പ്രതികരണവുമായി ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
മറ്റു ടീമുകളുടെ താരങ്ങളും കളത്തിലെ നാഴികക്കല്ലുകൾ ആഘോഷിക്കാൻ ഇത്തരം ജാതീയമായ ആഘോഷങ്ങൾ പുറത്തെടുത്താലുള്ള അപകടം ചൂണ്ടിക്കാട്ടിയും ആരാധകർ രംഗത്തെത്തി. ‘പാക്കിസ്ഥാൻ ടീം ഇന്ത്യയെ തോൽപ്പിച്ച ശേഷം ബാബറിന്റെയോ ഗസ്‌നിയുടെയോ വാളെന്ന പേരിൽ സമാനമായി ആഘോഷിച്ചാൽ എങ്ങനെയുണ്ടാകും? ഇംഗ്ലിഷ് താരങ്ങൾ ഡൽഹൗസിയുടെ ബോയ്സെന്ന് ഗമ കാട്ടിയാലോ? രാവണന്റെ 10 തലയുമായി വിജയമാഘോഷിക്കാൻ ശ്രീലങ്കൻ ടീം ഗ്രൗണ്ടിൽ കടന്നാലോ?’ – ഒരാൾ കുറിച്ചു. അതേസമയം, ജഡേജയെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തുണ്ട്.