ADVERTISEMENT

ന്യൂഡൽഹി∙ ക്രിക്കറ്റ് കളത്തിലും പുറത്തും നോക്കിലും വാക്കിലും ഏറ്റുമുട്ടുന്ന രണ്ടുപേരാണ് ഇന്ത്യയുടെ മുൻ ഓപ്പണർ ഗൗതം ഗംഭീറും പാക്കിസ്ഥാന്റെ മുൻ നായകൻ ഷാഹിദ് അഫ്രീദിയും. ക്രിക്കറ്റ് വിട്ടശേഷം ഗംഭീർ ബിജെപിയിൽ ചേർന്ന് ലോക്സഭാംഗമാകുകയും അഫ്രീദി സ്ഥിരമായി ഇന്ത്യാവിരുദ്ധ പ്രസ്താവനകളുമായി കളം നിറയുകയും ചെയ്തതോടെ ഇരുവർക്കുമിടയിലെ അകലം വർധിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ, ഷാഹിദ് അഫ്രീദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായുള്ള വെളിപ്പെടുത്തലിനു പിന്നാലെ ഗംഭീറിന്റെ പ്രതികരണം കാത്തിരിക്കുകയായിരുന്നു ആരാധകർ.

ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ച വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗംഭീർ. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗംഭീർ, അഫ്രീദി രോഗത്തിൽനിന്ന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ‘സലാം ക്രിക്കറ്റ് 2020’ എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അഫ്രീദിയുടെ രോഗവിഷയത്തിൽ ഗംഭീർ പ്രതികരിച്ചത്.

‘ഈ വൈറസ് ആർക്കും ബാധിക്കാതിരിക്കട്ടെ. ഷാഹിദ് അഫ്രീദിയുമായി എനിക്ക് രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നത് ശരിയാണ്. എങ്കിലും അദ്ദേഹം എത്രയും വേഗം രോഗമുക്തനായി കാണാനാണ് എനിക്കിഷ്ടം. ഇന്ത്യയിലും കോവിഡ് ബാധിച്ചവർ എത്രയും വേഗം സുഖപ്പെടട്ടെ’ – ഗംഭീർ വ്യക്തമാക്കി.

‘എനിക്ക് ഈ രാജ്യത്തെ ആളുകളെക്കുറിച്ചും ആശങ്കയുണ്ട്. പാക്കിസ്ഥാൻ ഇന്ത്യയെ സഹായിക്കാമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ആദ്യം അവർ അവരുടെ സ്വന്തം ആളുകളെ സഹായിക്കട്ടെയെന്നാണ് എനിക്ക് പറയാനുള്ളത്. അവർ സഹായം വാഗ്ദാനം ചെയ്തതൊക്കെ നല്ല കാര്യം. അതിൽ എനിക്ക് നന്ദിയുമുണ്ട്. പക്ഷേ, ആദ്യം അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണം’ – ഗംഭീർ പറഞ്ഞു.

നേരത്തെ, ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ച വിവരം അഫ്രീദി വെളിപ്പെടുത്തിയത്. ‘വ്യാഴാഴ്ച മുതൽ എനിക്ക് നല്ല സുഖമില്ലായിരുന്നു. ശരീരത്തിന് നല്ല വേദനയുണ്ടായിരുന്നു. തുടർന്ന് ഞാൻ പരിശോധനയ്ക്ക് വിധേയനായി. നിർഭാഗ്യവശാൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും വേഗത്തിൽ രോഗമുക്തി നേടുന്നതിന് എല്ലാവരും പ്രാർഥിക്കണം. ഇൻഷാ അള്ളാ.. #COVID19 #pandemic #hopenotout #staysafe #stayhome എന്നീ ഹാഷ്ടാഗുകൾ സഹിതം അഫ്രീദി കുറിച്ചു. ഇതിനു പിന്നാലെ ഒട്ടേറെ കായിക താരങ്ങളാണ് സൗഖ്യം ആശംസിച്ച് രംഗത്തെത്തിയത്.

English Summary: Want Shahid Afridi to recover as soon as possible: Gautam Gambhir on Pakistan star contracting coronavirus

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com