വെളുത്തവർക്കും നീതി വേണം: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ തമ്മിലടി, വിവാദം
Mail This Article
ജൊഹാനാസ്ബർഗ്∙ വർണവിവേചനത്തിനും വംശീയാധിക്ഷേപത്തിനുമെതിരെ ക്രിക്കറ്റ് ലോകം ഒന്നാകെ കൈകോർക്കുമ്പോൾ, ഇതേ വിഷയത്തിൽ കുപ്രസിദ്ധരായ ദക്ഷിണാഫ്രിക്കൻ ടീമിൽ തമ്മിലടി. വർണവിവേചനം രൂക്ഷമായതിനെ തുടർന്ന് ഒരു കാലത്ത് ക്രിക്കറ്റ് ലോകത്തുനിന്ന് അകറ്റിനിർത്തപ്പെട്ട ദക്ഷിണാഫ്രിക്കൻ ടീമിൽ, പഴയ കലാപത്തിന്റെ കനലടങ്ങിയിട്ടില്ലെന്ന് തെളിയിച്ചാണ് വീണ്ടും അസ്വാരസ്യങ്ങൾ ഉടലെടുത്തത്. ലോക വ്യാപകമായി പിന്തുണയാർജിക്കുന്ന ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ ക്യാംപയിന് യുവ പേസ് ബോളർ ലുങ്കി എൻഗിഡി പിന്തുണ പ്രഖ്യാപിക്കുകയും, മറ്റ് ടീമംഗങ്ങളും സമാന നിലപാട് കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം.
‘ദക്ഷിണാഫ്രിക്കയുടെ ചരിത്രം കൂടി പരിഗണിച്ച് വംശീയതയ‌്‌ക്കെതിരെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കുചേർന്ന് ദേശീയ ടീമംഗങ്ങൾ സുശക്തമായ നിലപാടെടുക്കുമെന്നാണ് പ്രതീക്ഷ’യെന്നായിരുന്നു എൻഗിഡിയുടെ പ്രഖ്യാപനം. ‘വംശീയതയ്ക്കെതിരെ ലോകവ്യാപകമായി നടക്കുന്ന പ്രതിഷേധം ഒരു ടീമെന്ന നിലയിൽ നമ്മൾ കൈകാര്യം ചെയ്യേണ്ടതാണെന്ന് ഞാൻ കരുതുന്നു. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അതു ഞാൻ ഉയർത്തിക്കൊണ്ടു വരും. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ നാമും ഇത് ഗൗരവമായി എടുത്തേ പറ്റൂ. നമുക്കൊരു ഉറച്ച നിലപാട് ഇക്കാര്യത്തിൽ വേണം’ – എൻഗിഡി വ്യക്തമാക്കി.
ഇതിനെതിരെ ഫെയ്സ്ബുക്കിലൂടെയാണ് മറ്റു താരങ്ങൾ രംഗത്തെത്തിയത്. ദക്ഷിണാഫ്രിക്കയുടെ മുൻ താരങ്ങളായ റൂഡി സ്റ്റെയ്ൻ, പാറ്റ് സിംകോക്സ്, ബോത്ത ഡിപ്പനാർ തുടങ്ങിയവരാണ് ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ചതിന് എൻഗിഡിയെ വിമർശിച്ചത്. രാജ്യത്ത് വെളുത്ത വർഗക്കാരായ കർഷകർക്കുനേരെ നടന്ന ആക്രമണങ്ങൾ ആരും മറക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു. ഇതിനിടെ, സഹതാരം ടബേരാസ് ഷംസി ഉൾപ്പെടെയുള്ളവർ എൻഗിഡിയെ പിന്തുണച്ചും രംഗത്തെത്തി. താരങ്ങൾക്കിടയിൽ ഭിന്നത രൂപപ്പെട്ടതോടെ ലുങ്കി എൻഗിഡിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് കൈക്കൊണ്ടത്.
യുഎസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഉടലെടുത്ത പ്രതിഷേധം, പിന്നീട് ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന ക്യാംപയിനായി സംഘടിത രൂപത്തിലേക്കു മാറുകയായിരുന്നു. വെസ്റ്റിൻഡീസ് മുൻ ക്യാപ്റ്റൻ ഡാരൻ സമിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ലോകത്തും വംശീയാധിക്ഷേപത്തിനെതിരായ പ്രതിഷേധം അലയടിച്ചു. ഇതിനിടെയാണ് ദക്ഷിണാഫ്രിക്കൻ ടീമിലെ അഭിപ്രായ ഭിന്നതകൾ പരസ്യമായത്.
∙ എൻഗിഡിയെ എതിർത്തും വാദം
‘വംശീയതയ്ക്കെതിരെ ദക്ഷിണാഫ്രിക്കൻ ടീം കൃത്യമായ നിലപാടെടുക്കണമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, മൃഗങ്ങളേപ്പോലെ ദിവസേന കൊല്ലപ്പെടുന്ന വെളുത്ത വർഗക്കാരായ കർഷകരെ അവഗണിച്ച് അവർ ബ്ലാക്ക് ലൈവ്സ് മാറ്റർ ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ചാൽ, എന്റെ പിന്തുണ കിട്ടില്ല’ – ദക്ഷിണാഫ്രിക്കയുടെ മുൻ വിക്കറ്റ് കീപ്പർ കൂടിയായ റൂഡി സ്റ്റെയ്ൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിനു പിന്നാലെയാണ് ഈ വിഷയത്തിൽ ക്രിക്കറ്റ് താരങ്ങൾക്കിടയിൽ കടുത്ത അഭിപ്രായ ഭിന്നത രൂപപ്പെട്ടത്. സ്റ്റെയ്നു പിന്നാലെ മുൻ താരങ്ങളായ ബോത്ത ഡിപ്പനാറും പാറ്റ് സിംകോക്സും എൻഗിഡിക്കെതിരെ രംഗത്തെത്തി.
‘ബ്ലാക്ക് ലൈവ്സ് മാറ്റർ ക്യാംപയിൻ ഒരു ഇടത് രാഷ്ട്രീയ മുന്നേറ്റത്തേക്കാൾ ഒന്നുമല്ലെന്ന് ഞാൻ കരുതുന്നു. തോമസ് സോവൽ, ലാറി എൽഡർ, വാൾട്ടർ വില്യംസ്, മിൽട്ടൻ ഫ്രീഡ്മാൻ എന്നിവരെയൊക്കെ എൻഗിഡി ഒന്ന് ശ്രവിക്കുന്നത് നന്നായിരിക്കും. എല്ലാ ജീവിതവും പ്രധാനപ്പെട്ടതാണ്. കർഷകർക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ താങ്കൾ എന്നോടൊപ്പം തോളോടുതോൾ ചേർന്ന് നിൽക്കുമെങ്കിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ ക്യാംപയിന്റെ കാര്യത്തിൽ ഞാനും നിങ്ങൾക്കൊപ്പമുണ്ടാകും’ – 1999 – 2007 കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി 38 ടെസ്റ്റും 107 ഏകദിനവും കളിച്ചിട്ടുള്ള ബോത്ത ഡിപ്പനാർ കുറിച്ചു.
‘എന്തൊരു വിഡ്ഢിത്തമാണിത്. (എൻഗിഡിക്ക്) അത്രയ്ക്ക് നിർബന്ധമാണെങ്കിൽ അദ്ദേഹം സ്വന്തമായി ഒരു നിലപാട് എടുക്കട്ടെ. ദക്ഷിണാഫ്രിക്കക്കാരെ ഒന്നടങ്കം ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ലെന്ന് ഞാൻ കരുതുന്നു. ’ – ദക്ഷിണാഫ്രിക്കയ്ക്കായി 20 ടെസ്റ്റും 80 ഏകദിനവും കളിച്ചിട്ടുള്ള ഓഫ് സ്പിന്നർ സിംകോക്സ് കുറിച്ചു.
∙ രൂക്ഷ പ്രതികരണവുമായി സമി
വംശീയാധിക്ഷേപത്തിനെതിരെ നിലപാടെടുത്തതിന്റെ പേരിൽ ലുങ്കി എൻഗിഡിയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെ വെസ്റ്റിൻഡീസ് മുൻ നായകൻ ഡാരൻ സമി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ വിഷയത്തിൽ ലുങ്കി എൻഗിഡിയുടെ നിലപാടിനോട് എതിർപ്പുള്ള ആ താരങ്ങളേപ്പോലുള്ളവരാണ് ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന് പറയാൻ നമ്മളെ നിർബന്ധിതരാക്കുന്നത്. ധൈര്യമായിരിക്കൂ സഹോദരാ. ഞങ്ങളെല്ലാം നിങ്ങൾക്കൊപ്പമുണ്ട്’ – എൻഗിഡിക്ക് പിന്തുണ പ്രഖ്യാപിച്ച് സമി ട്വിറ്ററിൽ കുറിച്ചു.
English Summary: Lungi Ngidi comes under fire from ex-South African cricketers for Black Lives Matter stand