ഖലീലിനെ ‘ഗാലറിയിലെത്തിച്ച്’ റിയാന്റെ ബിഹു ഡാൻസ്; ഏറ്റെടുത്ത് ആരാധകർ- വിഡിയോ

Mail This Article
ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെ വിജയത്തിലെത്തിച്ച സിക്സർ കുറിച്ചശേഷം യുവതാരം റിയാൻ പരാഗ് പുറത്തെടുത്ത നൃത്തച്ചുവടുകൾ ആരാധകർ ശ്രദ്ധിച്ചിട്ടുണ്ടാകും! തോൽവി ഉറപ്പിച്ച മത്സരത്തിൽ രാഹുൽ തെവാത്തിയയ്ക്കൊപ്പം അവിശ്വസനീയ പ്രകടനത്തിലൂടെ രാജസ്ഥാനെ വിജയത്തിലെത്തിച്ചതിനു പിന്നാലെയാണ് ബാറ്റും ഹെൽമറ്റും നിലത്തിട്ട് റിയാൻ പരാഗ് നൃത്തം ചെയ്തത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അസം സ്വദേശിയായ റിയാൻ പരാഗ്, അവരുടെ പരമ്പരാഗത നൃത്തരൂപമായ ‘ബിഹു’വിന്റെ ചുവടുകളാണ് വിജയാഹ്ലാദത്തിനിടെ ഗ്രൗണ്ടിൽ പുറത്തെടുത്തത്!
സൺറൈസേഴ്സ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസ് 12 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് എന്ന നിലയിലായിരുന്നു. തുടർന്ന് ക്രീസിൽ ഒരുമിച്ച തെവാത്തിയ – പരാഗ് സഖ്യം 47 പന്തിൽ 85 റൺസടിച്ചാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
പരാഗ് 26 പന്തിൽ 42 റൺസോടെയും തെവാത്തിയ 28 പന്തിൽ 45 റൺസോടെയും പുറത്താകാതെ നിന്നു. ഖലീൽ അഹമ്മദ് എറിഞ്ഞ അവസാന ഓവറിൽ വിജയത്തിലേക്ക് എട്ട് റൺസ് വേണ്ടിയിരിക്കെ, അഞ്ചാം പന്ത് സിക്സർ പറത്തിയാണ് പരാഗ് വിജയം കുറിച്ചത്.
ഇതിനു പിന്നാലെയാണ് ഗ്രൗണ്ടിൽ പരാഗിന്റെ ‘ബിഹു’ നൃത്തം അരങ്ങേറിയത്. ‘അത് ബിഹു ഡാൻസ് ആയിരുന്നു. അസമിലെ പരമ്പരാഗത നൃത്തരൂപം. മത്സരം കാണാൻ അസമിൽനിന്നുള്ള ചിലർ ഗാലറിയിലുണ്ടായിരുന്നു. അവരുമൊത്ത് രസകരമായ നിമിഷങ്ങളും പങ്കിട്ടു’ – റിയാൻ പരാഗ് പറഞ്ഞു.
English Summary:Riyan Parag celebrates the Royals epic win over SRH with Bihu dance