സുഹൃത്തിനെ ഭീകരവാദിയാക്കാൻ വ്യാജരേഖ; ഖവാജയുടെ സഹോദരന് ജയിൽശിക്ഷ

Mail This Article
സിഡ്നി∙ പെൺസുഹൃത്തിന്റെ സൗഹൃദം നഷ്ടമാകുമെന്ന ഭയത്തിൽ സഹപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കിയതിന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്‍മാന്‍ ഖവാജയുടെ സഹോദരന് ജയിൽശിക്ഷ. ഉസ്മാൻ ഖവാജയുടെ മൂത്ത സഹോദരൻ അർസലാൻ താരിഖ് ഖവാജയാണ് അറസ്റ്റിലായത്. സഹപ്രവർത്തകനെ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിനാണ് ഓസ്ട്രേലിയൻ കോടതി അർസലാൻ താരിഖ് ഖവാജയെ നാലര വർഷം തടവിന് ശിക്ഷിച്ചത്.
ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിൽ തന്റെ സഹപ്രവർത്തകനായ കമർ നിസാമുദ്ദീനെയാണ് താരിഖ് ഖവാജ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കാൻ ശ്രമിച്ചത്. ഇരുവരുടെയും സുഹൃത്തായിരുന്ന യുവതിയുമായി കമർ കൂടുതൽ ബന്ധം സ്ഥാപിക്കുന്നുവെന്ന തോന്നലാണ് ഇത്തരമൊരു പ്രവർത്തിക് താരിഖ് ഖവാജയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ 2018 ഓഗസ്റ്റിൽ പൊലീസ് അറസ്റ്റ് ചെയ്ത കമർ നിസാമുദ്ദീൻ, നാല് ആഴ്ചയോളം അതീവ സുരക്ഷയുള്ള ജയിലിൽ തടവിലായിരുന്നു. മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്ത വന്നതോടെ മറ്റുള്ളവർക്ക് മുന്നിൽ ഇയാൾ ഭീകരനെന്ന് മുദ്ര കുത്തപ്പെടുകയും ചെയ്തു. എന്നാൽ, അന്വേഷണത്തിൽ കമറിനെതിരായ തെളിവുകൾ വ്യാജമായി ചമച്ചതാണെന്ന് കണ്ടെത്തിയ പൊലീസ്, ഇയാളെ മോചിപ്പിക്കുകയായിരുന്നു.
കമറിന്റെ നോട്ട്ബുക്കിൽ അദ്ദേഹമറിയാതെ വ്യാജ തെളിവുകൾ ഒളിപ്പിച്ചാണ് ഭീകരവാദബന്ധം സ്ഥാപിക്കാൻ താരിഖ് ഖവാജ ശ്രമിച്ചത്. അന്നത്തെ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ, ഗവർണർ ജനറൽ തുടങ്ങിയവർക്കെതിരെ വധഭീഷണി ഉൾപ്പെടെയുള്ള സന്ദേശങ്ങളാണ് നോട്ട്ബുക്കിൽ എഴുതിച്ചേർത്തത്. മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റ് ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നും പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുമെന്നും ഇതിലെഴുതിയിരുന്നു.
കമറിന് ഭീകരവാദികളുമായി ബന്ധമുണ്ടെന്നും ഇയാൾ വിദേശത്ത് പരിശീലനം നേടിയിട്ടുണ്ടെന്നും വ്യക്തമാക്കി അധികാരികൾക്ക് ഫോൺ ചെയ്തതായും താരിഖ് ഖവാജ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ന്യൂസൗത്ത് വെയിൽസ് ജില്ലാ കോടതിയിൽ നടന്ന വിചാരണയിൽ ജഡ്ജി റോബർട്ട് വെബറാണ് നാൽപ്പതുകാരനായ താരിഖ് ഖവാജയ്ക്ക് നാലര വർഷം ജയിൽശിക്ഷ വിധിച്ചത്. ഇതിൽ രണ്ടര വർഷം പരോൾ പോലും ലഭിക്കില്ല. താരിഖ് ഖവാജ പൊലീസ് കസ്റ്റഡിയിലായ അന്നുമുതൽ ഈ ഉത്തരവിന് മുൻകാല പ്രാബല്യം അനുവദിച്ചതിനാൽ, അടുത്ത വർഷം ജൂണിൽ താരിഖ് പരോളിന് അർഹനാകും.
English Summary: Usman Khawaja’s brother jailed over fake terror plot