ADVERTISEMENT

ദുബായ്∙ ഐപിഎൽ താരലേലത്തിൽ ടീമുകളെല്ലാം കൂട്ടത്തോടെ തഴഞ്ഞ ദക്ഷിണാഫ്രിക്കൻ താരം ടബേരാസ് ഷംസി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വന്റി20 ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നാമത്. ഇതുവരെ രണ്ടാം റാങ്കിലായിരുന്ന ഷംസി ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. അതേസമയം, ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗ പുതിയ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തായി. ഐപിഎൽ താരലേലത്തിൽ 10 കോടിയിൽപ്പരം രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയ താരമാണ് ഹസരംഗ.

ഐപിഎൽ താരലേലത്തിൽ 7.75 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാഗ്ലൂർ സ്വന്തമാക്കിയ ഓസ്ട്രേലിയൻ പേസ് ബോളർ ജോഷ് ഹെയ്സൽവുഡാണ് റാങ്കിങ്ങിൽ രണ്ടാമൻ. രണ്ടു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഹെയ്സൽവുഡിനെ വാശിയേറിയ ലേലത്തിനൊടുവിലാണ് ആർസിബി 7.75 കോടിക്ക് സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് ഹെയ്സൽവുഡിന് റാങ്കിങ്ങിൽ 4 സ്ഥാനങ്ങൾ ഒറ്റയടിക്കു കയറി രണ്ടാമതെത്താൻ സഹായകമായത്.

രണ്ടും മൂന്നും സ്ഥാനക്കാർക്കായി കോടികൾ വാരിയെറിഞ്ഞ ടീമുകൾ ഒന്നാം റാങ്കുകാരനായ ഷംസിയെ അവഗണിച്ചത് ശ്രദ്ധേയമായിരുന്നു. അടിസ്ഥാന വില ഒരു കോടി മാത്രമുണ്ടായിരുന്ന താരത്തിനു നേരെയാണ് ടീമുകൾ കണ്ണടച്ചത്. രാജ്യാന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങൾക്കൊപ്പം ഇന്ത്യൻ പിച്ചുകളുടെ സ്പിൻ സ്വാധീനവും കൂടി ചേരുമ്പോൾ ഇത്തവണ ടീമുകൾ കാശു വാരിയെറിയുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന താരമാണ് ഷംസി. പക്ഷേ, താരലേലത്തിൽ ആരും വാങ്ങാതെ പോയ ‘നിർഭാഗ്യ’വാൻമാരുടെ പട്ടികയിലായി ഷംസിയുടെ സ്ഥാനം.

English Summary: ICC T20I Rankings: Tabraiz Shamsi becomes top-ranked bowler

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com