‘കോലിക്ക് ബാറ്റിങ് ഉപദേശം നൽകുന്നത് സൂര്യനു നേര്ക്ക് ടോർച്ച് അടിക്കുന്നതുപോലെ’
Mail This Article
മുംബൈ∙ ഐപിഎല്ലിൽ ബാറ്റിങ് ഫോമിന്റെ പേരിൽ ഏറെ പഴി കേൾക്കുന്ന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് മുൻ ക്യാപ്റ്റൻ വിരാട് കോലിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര. ഐപിഎൽ സീസണിൽ, 12 ഇന്നിങ്സിൽ 111.34 ബാറ്റിങ് ശരാശരിയിൽ ഇതുവരെ 216 റൺസാണു കോലിക്കു നേടാനായത്.
ഹൈദരാബാദിനെതിരായ മത്സരത്തിലാകട്ടെ, ബാംഗ്ലൂർ ഇന്നിങ്സിൽ ജഗദീഷ സുചിത്ത് എറിഞ്ഞ ആദ്യ പന്തിൽത്തന്നെ ഷോട്ട് മിഡ് വിക്കറ്റിൽ ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസന് ക്യാച്ച് നൽകി കോലി ഗോൾഡൻ ഡക്കായി മടങ്ങുകയും ചെയ്തു. സീസണിൽ 3–ാം തവണയും, ഹൈദരാബാദിനെതിരെ തുടർച്ചയായ 2–ാം മത്സരത്തിലുമാണ് കോലി ഗോൾഡൻ ഡക്കായി പുറത്തായത്.
2014ലെ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇംഗ്ലണ്ട് പേസർ ജയിംസ് ആൻഡേഴ്സനെ നേരിടാൻ ബുദ്ധിമുട്ടിയതിനു സമാനമായ മാനസികാവസ്ഥയിലാണു കോലി ഇപ്പോൾ എന്നും എന്നാൽ പിന്നീട് ഈ പ്രതിസന്ധി മറികടന്ന് മികവിലേക്ക് ഉയർന്ന ചരിത്രം കോലി വീണ്ടും ആവർത്തിക്കുമെന്നും ഇന്ത്യയ്ക്കായി വിരാട് കോലിക്കൊപ്പം കളിച്ചിട്ടുള്ള താരമായ മിശ്ര അഭിപ്രായപ്പെട്ടു.
കോലിക്ക് പിന്തുണ അറിയിച്ച് മിശ്ര ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ, ‘വിരാട് കോലിക്ക് ബാറ്റിങ് ഉപദേശം നൽകുന്നത് സൂര്യനു നേർക്ക് ടോർച്ച് അടിക്കുന്നതുപോലെയാണ്. ഇത് കുറച്ചു കളികളുടെ സമയം മാത്രമേ എടുക്കൂ. മികച്ച ബാറ്റിങ് ഫോമിലേക്ക് കോലി തിരിച്ചെത്തുകതന്നെ ചെയ്യും. 2014ലെ ഇംഗ്ലണ്ട് പരമ്പരയിൽ കോലി ഇതു ചെയ്തിട്ടുണ്ട്. ഇതു വീണ്ടും ആവർത്തിക്കും.’
English Summary: IPL 2022: Giving Batting Advice To Virat Kohli Is Like Showing Torch To Sun – Amit Mishra