ADVERTISEMENT

ജീലോങ് (വിക്ടോറിയ, ഓസ്ട്രേലിയ) ∙ മലയാളികളുടെ മികവിൽ ട്വന്റി20 ലോകകപ്പിൽ ചരിത്രജയം കുറിച്ച് യുഎഇ. അവസാന ഓവർ വരെ സാധ്യതകൾ മാറിമറിഞ്ഞ പോരാട്ടത്തിൽ നമീബിയയ്ക്കെതിരെ 7 റൺസ് വിജയം. ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ യുഎഇയുടെ ആദ്യ വിജയമാണിത്. യുഎഇയെ തോൽപിച്ചാൽ സൂപ്പർ 12 സാധ്യതയുണ്ടായിരുന്ന നമീബിയ, ഗ്രൂപ്പ് എ മത്സരത്തിൽ 149 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്നെങ്കിലും 20 ഓവറിൽ 8 വിക്കറ്റിന് 141 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന മത്സരം ജയിച്ചെങ്കിലും യുഎഇ നേരത്തേ പുറത്തായിരുന്നു. തോൽവിയോടെ നമീബിയയും ലോകകപ്പ് സൂപ്പർ 12ൽ എത്താതെ പുറത്തായി.

വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 36 പന്തിൽ 55 റൺസ് നേടിയ നമീബിയൻ ഫിനിഷർ ഡേവിഡ് വീസയുടെ പോരാട്ടം പാഴായി. അർധ സെഞ്ചറി കുറിക്കുകയും അവസാന ഓവറിൽ ഉജ്വലമായി പന്തെറിയുകയും ചെയ്ത യുഎഇ താരം മുഹമ്മദ് വസീമാണ് പ്ലെയർ ഓഫ് ദ് മാച്ച്.
സ്കോർ: യുഎഇ– 20 ഓവറിൽ 3ന് 148, നമീബിയ 20 ഓവറിൽ 8ന് 141.

ക്യാപ്റ്റൻ തലശ്ശേരി സ്വദേശി സി.പി. റിസ്‍വാന്റെയും കോഴിക്കോട് പന്നിയങ്കര സ്വദേശി ബാസിൽ ഹമീദിന്റെയും കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫുവിന്റെയും സംഭാവനകൾ നിർണായകമായി. യുഎഇ ഇന്നിങ്സിൽ ക്യാപ്റ്റനൊപ്പം 4–ാം വിക്കറ്റിൽ 18 പന്തിൽ 35 റൺസിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കിയ ബാസിൽ പിന്നീട് നമീബിയയുടെ 2 വിക്കറ്റുകളും വീഴ്ത്തി. റിസ്‌വാൻ 29 പന്തിൽ പുറത്താകാതെ 43 റൺസും (3 ഫോർ, 1 സിക്സ്), ബാസിൽ 14 പന്തിൽ 25 റൺസും (2 ഫോർ, 2 സിക്സ്) നേടി.

നമീബിയയെ വിജയത്തിന് അരികിലെത്തിച്ച ഡേവിഡ് വീസ അവസാന ഓവറിൽ ലോങ് ഓണിലേക്ക് ഉയർത്തിയടിച്ച പന്ത് അലിഷാൻ ഉയർന്നു ചാടി കൈകളിലൊതുക്കി. ആ ക്യാച്ചാണ് യുഎഇയുടെ വിജയം ഉറപ്പിച്ചത്.

ജീലോങ് (വിക്ടോറിയ)∙ ഉജ്വല ജയത്തോടെ ഏഷ്യൻ ചാംപ്യൻമാരായ ശ്രീലങ്കയും തോറ്റിട്ടും നെതർലൻഡ്സും ട്വന്റി20 ലോകകപ്പ് സൂപ്പർ 12ൽ കടന്നു. കുശാൽ മെൻഡിസിന്റെ അർധ സെഞ്ചറിയുടെ മികവിൽ നെതർലൻഡ്സിനെതിരെ 16 റൺസ് വിജയം കുറിച്ചാണ് ശ്രീലങ്ക ഗ്രൂപ്പ് എ ജേതാക്കളായത്. 2–ാം സ്ഥാനക്കാരായി നെതർലൻഡ്സും യോഗ്യത നേടി. ഇരു ടീമുകൾക്കും 4 പോയിന്റ് വീതമുണ്ടെങ്കിലും നെറ്റ് റൺറേറ്റ് മികവിൽ ലങ്ക ഒന്നാമതെത്തി.

നിർണായക മത്സരത്തി‍ൽ 163 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ‍ഡച്ച് ടീമിന്റെ പോരാട്ടം 9 വിക്കറ്റിന് 146 റൺസിൽ അവസാനിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി 44 പന്തിൽ 5 വീതം ഫോറും സിക്സുമടക്കം 79 റൺസ് നേടിയ മെൻഡിസാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: ശ്രീലങ്ക– 20 ഓവറിൽ 6 വിക്കറ്റിന് 162, നെതർലൻഡ്സ് 20 ഓവറിൽ 9ന് 146.

സ്പിന്നർമാരായ വാനിന്ദു ഹസരംഗയും (4 ഓവറിൽ 28ന് 3 വിക്കറ്റ്) മഹീഷ് തീക്ഷണയും (4 ഓവറിൽ 32ന് 2) ഒരുക്കിയ കെണിയിൽ കുടുങ്ങിയതാണ് നെതർലൻഡ്സിനു വിനയായത്. 53 പന്തിൽ പുറത്താകാതെ 71 റൺസ് (6 ഫോർ, 3 സിക്സ്) നേടി ഓപ്പണർ മാക്സ് ഒഡൗഡ് പൊരുതിയെങ്കിലും മധ്യനിരയിൽനിന്നും പിൻനിരയിൽനിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. 21 റൺസ് നേടിയ സ്കോട്ട് എഡ്വേഡ്സിന്റേതാണ് തൊട്ടടുത്ത മികച്ച സ്കോർ.

നേരത്തേ, ആദ്യ 10 ഓവറിൽ 2 വിക്കറ്റിന് 60 റൺസ് മാത്രം നേടിയിരുന്ന ശ്രീലങ്ക അടുത്ത 60 പന്തിൽ 102 റൺസ് കൂടി കൂട്ടിച്ചേർത്തു. ഓപ്പണർ പാതും നിസാങ്ക (14), മൂന്നാം നമ്പർ ബാറ്റർ ധനഞ്ജയ ഡിസിൽവ (0) എന്നിവരെ പവർപ്ലേയിൽ നഷ്ടപ്പെട്ടതോടെ 140 റൺസ് പിന്നിടാൻ ലങ്ക പാടുപെടുമെന്നു തോന്നിച്ചിരുന്നു.

English Summary: Namibia vs United Arab Emirates, 10th Match, Group A - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com